

കൊച്ചി: പരമാവധി പരിസ്ഥിതി ആഘാതം കുറച്ചു കൊണ്ട് കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് യുഎൻ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പരിസ്ഥിതി ആഘാതത്തെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് കെ-റെയില്‍ സംഭവിക്കില്ല. എന്നാൽ പരിസ്ഥിത ആഘാതം കുറയ്ക്കാന്‍ നമ്മളെ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
കേരളത്തില്‍ ഒരു ഹൈ-സ്പീഡ് കണക്ടിവിറ്റി ഉണ്ടാകുമെന്നത് ഉറപ്പാണ്. അതു ഒരു പക്ഷെ 2030, 2040, 20250-ലോ ആയിരിക്കാം സംഭവിക്കുന്നത്. അങ്ങനെ സംഭവിക്കുന്നത് കേരളത്തിന് സാമ്പത്തികമായും സാമൂഹ്യമായും ഗുണം ചെയ്യും. എന്നാല്‍ പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. പദ്ധതി മൂലം നഷ്ടം സംഭവിക്കുന്ന ആളുകളെ മൊത്തം സമൂഹവും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎന്നിന്റെ സിദ്ധാന്തം അനുസരിച്ച് പ്രകൃതി ദുരന്തങ്ങളില്ല പ്രകൃതി അപകങ്ങളാണ് ഉള്ളത്. മഴ ഒരു പ്രകൃതി അപകടമാണ്. എന്നാല്‍ അതൊരു ദുരന്തമായി മാറുന്നതില്‍ നിരവധി ഘടകങ്ങളുണ്ട്. കേരളത്തില്‍ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളും മനുഷ്യ പ്രവര്‍ത്തനങ്ങളും ചേര്‍ന്നാണ് ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത്. കാലാവസ്ഥ വ്യതിയാനം ലോകം മുഴുവന്‍ വിചാരിച്ചാൽ നിയന്ത്രിക്കാം. എന്നാൽ കേരളത്തിന് മാത്രമായി പ്രത്യേകം സാധിക്കില്ല. നമ്മള്‍ക്ക് മഴയെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും എറണാകുളം നഗരത്തില്‍ ഇനി എവിടെയൊക്കെ കെട്ടിടം പണിയാമെന്നും എവിടെ നിന്ന് കെട്ടിടങ്ങൾ ഒഴിപ്പിക്കണമെന്നു നമ്മള്‍ക്ക് നേരത്തെ തിരിച്ചറിയാന്‍ ശാസ്ത്രബോധം ഇപ്പോളുണ്ട്. എന്നാൽ സാമൂഹികമായ സ്‌പെയ്‌സ് നമ്മള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെ ഏതൊരു ആവശ്യങ്ങൾക്കും മാറ്റുമ്പോൾ ചെറിയ തോതിലാണെങ്കിലും പരിസ്ഥിതിയിൽ ആഘാതം ഉണ്ടാക്കാം. ഇന്ന് നമ്മള്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ഒരു കാലത്ത് കാടോ തടാകമോ ആയിരുന്നിരിക്കാം. അതുപോലെ സില്‍വര് ലൈന്‍ ആണെങ്കിലും ടണല്‍ നിർമാണമാണെങ്കിലും പരിസ്ഥിതി ആഘാതം ഉണ്ടാകും. അങ്ങനെ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ പരമാവധി എങ്ങനെ കുറയ്ക്കാമെന്നതാണ് ചോദ്യം. നെടുമ്പാശ്ശേരി വിമാനത്താവളം നിർമിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന തണ്ണീർതടങ്ങൾ നീക്കം ചെയ്യപ്പെട്ടു. കൂടാതെ നിരവധി കുടുംബങ്ങൾ പ്രദേശം ഒഴിയേണ്ടിവന്നു. അവിടെ ഉണ്ടായിരുന്ന ആളുകൾക്ക് സാമൂഹിക ബന്ധങ്ങൾ പൂർണമായും നഷ്ടപ്പെട്ടു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മൊത്തെ സമൂഹവും ഇത്തരം ആളുകൾക്ക് പിന്തുണ നൽകണം. പുനരധിവാസം പദ്ധതികൾ പ്രാവർത്തികമാക്കണം.
വെള്ളപ്പൊക്കം പോലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുൻകൂട്ടി കാണാൻ കഴിയില്ല. കേരളത്തിൽ 13 ശതമാനം പ്രദേശത്ത് നിന്ന് ഓരോ മഴക്കാലത്തും 48 മണിക്കൂർ കൂടുതൽ മഴ പെയ്താൽ മാറ്റി പാർപ്പിക്കുക എന്നത് പ്രായോഗികമല്ല. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമൂഹം ഇന്നും പിന്നാക്കമാണ്. ഇത് ദുരന്തനിവാരണ അതോറിറ്റിക്ക് മാത്രം കൈകാര്യം ചെയ്യാവുന്നതല്ല. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ സ്ഥിരമായി ഒഴിയാൻ ആളുകൾ തയ്യാറാകില്ല. നമ്മുടെ പല ദുരന്തങ്ങളും അടിസ്ഥാനപരമായി കൈകാര്യം ചെയ്യണമെങ്കില്‍ ഭൂമി ഉപയോഗത്തിന്റെ കാര്യത്തിൽ വലിയ നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates