'അഞ്ഞൂറ് രൂപയുടെ തൊഴിലിന് വന്ന ആള്‍ക്ക് ഞാന്‍ ഇരുപത്തി അയ്യായിരം ചെലവാക്കേണ്ടി വന്നു'

'അഞ്ഞൂറ് രൂപയുടെ തൊഴിലിന് വന്ന ആള്‍ക്ക്  ഞാന്‍ ഇരുപത്തി അയ്യായിരം ചെലവാക്കേണ്ടി വന്നു'
Updated on
2 min read

ദൈനംദിന ജീവിതത്തില്‍ നാം ചുറ്റും കാണുന്ന, നിരന്തരമായി ഇടപെടേണ്ടി വരുന്ന തൊഴിലുകളില്‍ ആര്‍ക്കും പരിശീലനമില്ലാത്തത് എന്താണ്? കിണര്‍ വൃത്തിയാക്കല്‍, മരംവെട്ട്, റോഡ് പണി എന്നിങ്ങനെ എത്രയെത്ര തൊഴിലുകളിലാണ് ഒരു പരിശീലനവും ലഭിക്കാത്തവര്‍ പണിയെടുക്കുന്നത്. അതുമൂലമുണ്ടാവുമെന്ന അപകടങ്ങളും മരണങ്ങളും എത്രയെത്ര. ഇങ്ങനെ അപകടങ്ങള്‍ നടക്കുമ്പോള്‍ തന്നെ തൊഴില്‍ കമ്പോളത്തെ സംബന്ധിച്ച് ഒരു ആവശ്യവുമില്ലാത്ത ട്രെയ്ഡുകള്‍ നമ്മള്‍ കുട്ടികളെ പരിശീലിപ്പിച്ചു വിടുന്നത് എന്തിനാണ്? ഈ ചോദ്യങ്ങളെല്ലാം ഉന്നയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി. ഐടിഐകളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ 749 ട്രെയ്ഡുകള്‍ ഒഴിവാക്കുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് കുറിപ്പ്:

ഐ ടി ഐകളില്‍ ഇറച്ചി വെട്ട് പഠിപ്പിക്കരുതോ?

കേരളത്തിലെ ഐ ടി ഐകളില്‍ അനവധി ട്രേഡുകള്‍ നിറുത്തലാക്കുന്നു എന്ന് വായിക്കുന്നു. കാലാനുസൃതമായി, തൊഴില്‍ കമ്പോളത്തില്‍ ആവശ്യമില്ലാത്ത കോഴ്‌സുകള്‍ നിറുത്തുന്നത് നല്ല കാര്യമാണ്. ഓരോ മൂന്നോ അഞ്ചോ വര്‍ഷത്തില്‍ ഇത്തരത്തില്‍ ഉള്ള ഒരു അവലോകനം നടത്തുന്നത് തൊഴില്‍ കമ്പോളത്തേയും തൊഴില്‍ പരിശീലന സ്ഥാപനത്തേയും ഒരുപോലെ ഗുണകരമായി ബാധിക്കും.

കേരളത്തില്‍ അനവധി ഐ ടി ഐകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ തൊഴിലാളികള്‍ ചെയ്യുന്ന പല തൊഴിലുകളിലും വേണ്ടത്ര പ്രൊഫഷണല്‍ പരിശീലനം കൊടുക്കാന്‍ സ്ഥാപനങ്ങള്‍ ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്.

ഉദാഹരണത്തിന് ഇറച്ചി വെട്ടുന്ന തൊഴില്‍ എടുക്കാം. കേരളത്തില്‍ ആയിരക്കണക്കിന് ഇറച്ചി വെട്ടുകാര്‍ ഉണ്ട്. പക്ഷെ കേരളത്തില്‍ പ്രൊഫഷണല്‍ ആയി പരിശീലിപ്പിക്കപ്പെട്ട എത്ര ഇറച്ചി വെട്ടുകാര്‍ ഉണ്ട്?

ഇറച്ചി വെട്ടുന്നതില്‍ എന്താണ് ഇത്രമാത്രം പ്രൊഫഷണല്‍ ആയിട്ടുള്ള പരിശീലനത്തിന്റെ ആവശ്യം എന്നാകും നമ്മള്‍ ചിന്തിക്കുന്നത്.

ഏറെ ഉണ്ട്. ഇറച്ചി വെട്ടുന്ന ആളുടെ സുരക്ഷ മുതല്‍ വെട്ടുന്ന ഇറച്ചിയുടെ ഗുണം, വൃത്തി, ഇറച്ചി വെട്ടുന്ന സ്ഥലം എങ്ങനെ പരിപാലിക്കാം, തൊഴിലിന് ഉപയോഗികുന്ന ഉപകരണങ്ങള്‍, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍, വിവിധ തരം മൃഗങ്ങള്‍, വിവിധ തരാം ഇറച്ചിയുടെ കട്ടുകള്‍, കൊല്ലപ്പെടുന്ന മൃഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെ അനവധി കാര്യങ്ങള്‍.

ജര്‍മ്മനിയില്‍ മൂന്നു വര്‍ഷത്തെ പരിശീലനവും അപ്രന്റീഷിപ്പും കഴിയുമ്പോള്‍ ആണ് ഒരാള്‍ക്ക് ഇറച്ചി വെട്ടാനുള്ള ലൈസന്‍സ് ലഭിക്കുന്നത്. അങ്ങനെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നത്.

ജര്‍മ്മനിയില്‍ ഉള്‍പ്പടെ ഏറെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ തൊഴിലിന് വലിയ ഡിമാന്‍ഡ് ഉണ്ട്. കേരളത്തില്‍ നിന്നും ഈ വര്‍ഷം ആറു കുട്ടികള്‍ ഈ പരിശീലനത്തിന് ചേര്‍ന്നിട്ടുണ്ട്.

ഇത് ഇറച്ചി വെട്ടിന്റെ കാര്യം മാത്രമല്ല

കരിമരുന്ന് പ്രയോഗം

പുല്ലു വെട്ടുന്നത്

കിണറില്‍ ഇറങ്ങി വൃത്തിയാക്കുന്നത്

മരം വെട്ടുന്നത്

റോഡ് പണിയുന്നത്

തിരുമ്മു കേന്ദ്രത്തിലെ ജോലി

ഇങ്ങനെ നമ്മുടെ ചുറ്റും ഉള്ള ഓരോ തൊഴിലും കൃത്യമായി പരിശീലിപ്പിക്കപ്പെടേണ്ടതാണ്. പരിശിലനവും ലൈസന്‍സും ഇന്‍ഷുറന്‍സും ഉള്ളവര്‍ക്ക് മാത്രമേ ഏതു തൊഴിലും ചെയ്യാന്‍ സാധിക്കു എന്ന നിയമം വരണം. ഇപ്പോള്‍ ഈ രംഗത്ത് ഉള്ളവര്‍ക്ക് പരിശീലനവും പരീക്ഷയും നടത്തി അവരെ അപ്‌ഡേറ്റഡ് ആക്കണം.

ഇതൊക്കെ ചെയ്താല്‍ ആധുനികമായ ടൂളുകള്‍ ഉപയോഗിച്ചാകും ഏതു തൊഴിലും ചെയ്യുന്നത്, പ്രൊഡക്ടിവിറ്റി കൂടും, ശമ്പളം ഇരട്ടിയാകും, തൊഴിലിന്റെ 'മാന്യതയെപ്പറ്റിയുള്ള' നമ്മുടെ സങ്കല്‍പ്പങ്ങള്‍ മാറും.

നമുക്ക് അങ്ങനെ ഒരു രീതി ഇല്ല.

ഒരാള്‍ നമ്മുടെ വീട്ടില്‍ കിണര്‍ വൃത്തിയാക്കാന്‍ വരുമ്പോള്‍ അയാള്‍ക്ക് ആ വിഷയത്തില്‍ പരിചയമോ പരിശീലനമോ ഉണ്ടെന്ന് നമുക്ക് ഒരു വിശ്വാസം മാത്രമാണ്. പരിചയം ഉള്ളവര്‍ക്ക് പോലും പരിശീലനം ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഓരോ വര്‍ഷത്തിലും ഡസന്‍ കണക്കിന് ആളുകള്‍ കിണര്‍ വൃത്തിയാക്കുമ്പോഴും മരം വെട്ടുമ്പോഴും ഒക്കെ അപകടത്തില്‍ പെടുന്നതും മരിക്കുന്നതും.

നമ്മുടെ ചുറ്റുമുള്ള ഓരോ തൊഴിലുകളും കൃത്യമായ പരിശീലനത്തോടെ ചെയ്യേണ്ടതാണ്. സുരക്ഷിതമായി ചെയ്യാവുന്നതുമാണ്. അത് തൊഴിലിടം വൃത്തിയോടെയും സുരക്ഷയോടെയും കൈകാര്യം ചെയ്യുന്നത് മുതല്‍ കൃത്യമായ ഉപകരണങ്ങള്‍, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഇവയൊക്കെ അറിഞ്ഞു ചെയ്യേണ്ടതുമാണ്.

തല്‍ക്കാലം ഇങ്ങനെ അല്ല കാര്യങ്ങള്‍. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം

എന്റെ വീടിന് പുറകില്‍ ചെറിയൊരു മാവുണ്ട്. അതിന്റെ ഒരു കമ്പ് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. അതൊന്ന് വെട്ടിക്കളയാന്‍ ഞാന്‍ ഒരാളെ ഏല്‍പ്പിച്ചു.

ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ജോലിക്ക് എത്തിയത്. അദ്ദേഹം വലിയൊരു കത്തിയെടുത്ത് ഒറ്റ വെട്ട്. മരത്തിന്റെ കൊമ്പില്‍ കൊള്ളേണ്ട വെട്ട് അദ്ദേഹത്തിന്റ കാലില്‍ ആയി.

ചോര, ആശുപത്രി, ഡോക്ടര്‍മാര്‍, ഒരു ദിവസത്തിനകം അഞ്ഞൂറ് രൂപയുടെ തൊഴിലിന് വന്ന ആള്‍ക്ക് വേണ്ടി ഞാന്‍ ഇരുപത്തി അയ്യായിരം രൂപ ചെലവാക്കേണ്ടി വന്നു. ആ പാവത്തിന് ഒരു പക്ഷെ ഒരു മാസം തൊഴില്‍ നഷ്ടം വേറെ.

തൊഴിലിന് വേണ്ടത്ര പരിശീലനം നല്‍കുന്ന സ്ഥലങ്ങളില്‍ ആണെങ്കില്‍ ഈ തൊഴിലിന് കൃത്യമായ ടൂളുകള്‍ ഉണ്ടാകുമായിരുന്നു. ഇനി അഥവാ അപകടം സംഭവിച്ചാല്‍ അയാളുടെ ആരോഗ്യ സംരക്ഷണവും തൊഴില്‍ നഷ്ടവും കവര്‍ ചെയ്യാന്‍ ഇന്‍ഷുറന്‍സ് ഉണ്ടാകും.

ചില സഹചര്യങ്ങളില്‍ ഒരു തൊഴിലാളി നമ്മുടെ വീട്ടില്‍ വന്നു തൊഴില്‍ ചെയ്തു നമ്മുടെ വീടിന് അറിഞ്ഞോ അറിയാതെയോ നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാം. ഉദാഹരണത്തിന് പ്ലംബിങ്ങിന് വരുന്ന തൊഴിലാളി പൈപ്പ് തെറ്റായി ഫിറ്റ് ചെയ്തു വീട്ടില്‍ വെള്ളം ഒലിച്ചിറങ്ങി ഭിത്തിയോ തറയോ ചീത്തയായി പോകുന്ന സാഹചര്യം ഉണ്ടാകാം.

ഈ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനും തൊഴിലാളിയുടെ പ്രൊഫഷണല്‍ ഇന്‍ഷുറന്‍സ് ബാധ്യസ്ഥമാണ്.

പക്ഷെ ഇതൊക്കെ ഉണ്ടാകണമെങ്കില്‍ ആദ്യം തൊഴില്‍ ചെയ്യുന്ന ആള്‍ക്ക് തൊഴില്‍ അറിയാം എന്ന് ഉറപ്പ് വരുത്തണം.

ആധുനിക യന്ത്രങ്ങള്‍ തൊഴിലുകള്‍ ഏറെ എളുപ്പമാക്കുകയാണ്. 'ചുമട്ടു തൊഴിലാളി' എന്നൊരു തൊഴില്‍ ഇന്ന് ആവശ്യമില്ലതാണ്. പകരം അവരെ ചുമടിറക്കാനുള്ള യന്ത്രങ്ങളില്‍ പരിശീലിപ്പിച്ചാല്‍ തൊഴില്‍ നേരത്തെ തീര്‍ക്കാം, തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്‌നമോ അപകടമോ ഉണ്ടാകില്ല, കൂടുതല്‍ ശമ്പളവും കിട്ടും.

ഇതൊക്കെയാണ് നാളത്തെ തൊഴില്‍ ലോകം, അതിനാണ് നമ്മള്‍ തയ്യാറെടുക്കേണ്ടത്. അതിനുള്ള പരിശീലനക്കളരികള്‍ ആയി ഐ ടി ഐ കള്‍ മാറണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com