

കൊല്ലം: ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നു ആഡംബര കാറുകളുടെ ഉള്‍പ്പെടെ ഉടമയിലേക്കുള്ള വി എസ് രാജന്‍ബാബു എന്ന മുരാരി തന്ത്രിയുടെ വളര്‍ച്ചയുടെ കഥ നാട്ടുകാരെ വിസ്മയിപ്പിക്കുന്നതാണ്. ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത രാജന്‍ബാബുവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുത്തൂര്‍, കൊട്ടാരക്കര ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലായിരുന്നു രാജന്‍ബാബു മുന്‍പ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് പെട്ടെന്ന് ജ്യോതിഷിയായത് നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. റീല്‍സിലും താരമായിരുന്ന രാജന്‍ബാബു ചാനല്‍ ചര്‍ച്ചകളിലും വരെ ഇടംപിടിച്ചു. ജ്യോതിഷി അറസ്റ്റിലായതോടെ സമാനമായ കൂടുതല്‍ പരാതികള്‍ ഉയരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തു വരുമെന്നും പൊലീസ് പറഞ്ഞു.
മുരാരി ജ്യോതിഷാലയത്തിലെ ആസ്ഥാന ജ്യോതിഷിയായി സ്വയം അവരോധിച്ചതോടെയാണ് രാജന്‍ബാബുവിന്റെ വളര്‍ച്ച വേഗത്തിലായത്. കടയ്ക്കലായിരുന്നു ആദ്യം ജ്യോതിഷാലയം. ചില പ്രശ്‌നങ്ങളുടെ പേരില്‍ അതു പൂട്ടേണ്ടി വന്നു. പിന്നീട് വെണ്ടാറിലും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും പ്രവര്‍ത്തനം മാറ്റി. ദൂരദേശങ്ങളില്‍ നിന്നു പോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തുമായിരുന്നെങ്കിലും പ്രദേശവാസികള്‍ കാര്യമായി പരിഗണിച്ചിരുന്നില്ല. അതിനിടെ ഒമാനിലും ജ്യോതിഷാലയം തുറന്ന് സുല്‍ത്താന്റെ രോഗം ഭേദമാക്കാന്‍ പോയി എന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു.
ഇതിനു പുറമേ ദുബൈയിലും മസ്‌കറ്റിലും ഓഫിസുകള്‍ തുറന്നെങ്കിലും വൈകാതെ പൂട്ടി. ജ്യോതിഷ വിധിയില്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്ക് പൂജാപരിഹാരങ്ങളും ഇയാള്‍ തന്നെ നിര്‍ദേശിക്കുമായിരുന്നു. നല്ല തുക വാങ്ങിയായിരുന്നു പൂജകള്‍ നടത്തിയിരുന്നത്. ശാസ്ത്രജ്ഞന്‍മാര്‍ പോലും തന്നോടു ചോദിച്ചിട്ടാണു റോക്കറ്റ് വിക്ഷേപിക്കുന്നതെന്നും ഒരു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചയാളെ കൃത്യമായി പ്രവചിച്ചു എന്നുമൊക്കെയായിരുന്നു അവകാശവാദം. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മവുമായി ബന്ധപ്പെട്ട് പണവും സ്വര്‍ണവും അപഹരിച്ചു എന്ന പരാതിയും ഇടയ്ക്ക് ഇയാള്‍ക്കെതിരെ ഉയര്‍ന്നു. വിവാദമായതോടെ നഷ്ടപരിഹാരം കൊടുത്ത് അത് ഒതുക്കിത്തീര്‍ക്കാനായി ശ്രമം. വടക്കന്‍ ജില്ലയിലെ ഒരു വീട്ടിലെത്തി ബാധ ഒഴിപ്പിക്കുന്നതിനിടയില്‍ കര്‍മം വഴിവിട്ടതോടെ മര്‍ദനമേറ്റിരുന്നതായും പൊലീസ് പറയുന്നു.
പഴയ വീടിനോടു ചേര്‍ന്ന് പുതിയ വീട് നിര്‍മിച്ച് അവിടേക്കു താമസം മാറ്റിയത് അടുത്തിടെയാണ്. പഴയ വീട്ടിലാണ് മുരാരി ജ്യോതിഷാലയം പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രശ്‌നം നോക്കുന്നതിനും ബാധ ഒഴിപ്പിക്കുന്നതിനും പ്രത്യേകം മുറികള്‍ തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates