

കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ. മണ്‍റോ തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേഡ്(45) നെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 മേയ് 11-നായിരുന്നു കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. എഡ്വേഡിന്റെ ഭാര്യ വര്‍ഷ, മക്കളായ അലന്‍ (രണ്ട് വയസ്സ്), മൂന്നുമാസം പ്രായമായ ആരവ് എന്നിവരാണ് മരിച്ചത്. മൂവരെയും എഡ്വേഡ് വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന എഡ്വേഡ്, അനസ്‌തേഷ്യക്കു നല്‍കുന്ന മരുന്ന് കൂടുതല്‍ അളവില്‍ കുത്തിവെച്ച് ഭാര്യയെയും മക്കളെയും കൊല്ലുകയായിരുന്നു. ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് അഞ്ചു വയസ്സുകാരിയായിരുന്ന മൂത്തമകള്‍ക്ക് മരുന്ന് കുത്തിവെച്ചില്ല. സംഭവം കണ്ട മൂത്തമകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
15 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ ജോലിചെയ്തിരുന്ന പ്രതി, സംഭവം നടക്കുന്ന കാലത്ത് കുണ്ടറയില്‍ ഒരു മെഡിക്കല്‍ സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നത്. കടയുടമയുടെ ഭര്‍ത്താവായ വെറ്ററിനറി സര്‍ജന്‍ മുയലിനെ ദയാവധം നടത്തുന്നതിനായി മരുന്ന് വാങ്ങിയിരുന്നു. ഇതില്‍ നിന്ന് ഡോക്ടര്‍ അറിയാതെ കൈക്കലാക്കിയ മരുന്ന് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തവും രണ്ടുലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂന്നു ജീവപര്യന്തവും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഓരോവര്‍ഷം കഠിനതടവും അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട വര്‍ഷയുടെ മകള്‍ക്ക് നല്‍കണം. വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്ത പത്തര പവന്‍ സ്വര്‍ണം ട്രഷറിയില്‍ സൂക്ഷിക്കാനും കൊല്ലപ്പെട്ട വര്‍ഷയുടെ മൂത്തമകള്‍ക്ക് 18 വയസ്സാകുമ്പോള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates