

കൊച്ചി: ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്‌സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കിടപ്പുമുറിയില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായ ഗിരീഷ് കുമാർ. കൊലപാതകത്തിൽ പങ്കാളിയായ അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി ഏബ്രഹാം. ഇവർ അപ്പാർട്ട്മെന്റിൽ ഒരു വർഷമായി തനിച്ചായിരുന്നു താമസം. ഫോണിൽ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകൾ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസ് അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് കുളിമുറിയിൽ തലയടിച്ചു വീണ രീതിയിൽ കാണപ്പെട്ട ജെയ്സിയെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വർണാഭരണങ്ങളും അപ്പാർട്ട്മെന്റിൽ ഉണ്ടാകുമെന്ന ധാരണയിലാണ് പ്രതികൾ ജെയ്സിയെ കൊലപ്പെടുത്തുന്നത്.
ഗിരീഷ്കുമാറിന് ജെയ്സിയുമായി നേരത്തെ മുതൽ പരിചയമുണ്ട്. ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ വച്ചാണ് ഗിരീഷ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ജെയ്സിയെ കൊലപ്പെടുത്തി പണവും സ്വർണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും 2 മാസം മുമ്പാണ് ഗൂഢാലോചന ആരംഭിച്ചത്. ആരുടേയും കണ്ണിൽപ്പെടാതെ എങ്ങനെ ജെയ്സിയുടെ ഫ്ലാറ്റിലെത്താമെന്ന് രണ്ടു വട്ടം ഗീരീഷ് കുമാർ ട്രയൽ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ച ഗിരീഷ് രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽ നിന്നും പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിന്‍ റോഡിൽ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറിയാണ് ജെയ്സിയുടെ ഫ്ലാറ്റിൽ എത്തിയത്. സിസിടിവിയിൽ മുഖം പതിയാതിരിക്കാന്‍ ഹെൽമറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാറിന്റെ സഞ്ചാരം. ഫ്ലാറ്റിൽ വെച്ച് ഗിരീഷ് ജെയ്സിയുമൊത്ത് മദ്യപിച്ചു.
മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിച്ചു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു. തുടർന്ന് ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ് ബാഗിൽ കരുതിയ മറ്റൊരു ഷർട്ട് ധരിച്ച് കടന്നുകളയുകയായിരുന്നു. ജെയ്സിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ടു സ്വർണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും പ്രതി കൈക്കലാക്കിയിരുന്നു. കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates