

തിരുവനന്തപുരം: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച തൃശ്ശൂര്‍ തളിക്കുളത്തെ അനീഷ അഷ്‌റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാം. അനീഷ അഷ്‌റഫിന് പ്രത്യേക അനുമതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നല്‍കിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2023-ല്‍ അനീഷ അഷ്‌റഫിന് ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ സാക്ഷരതാമിഷന്‍ പ്രത്യേക അനുമതി നല്‍കിരുന്നു. പരിക്ഷയില്‍ അവര്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.
പേശികള്‍ ക്രമേണ നശിക്കുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച വ്യക്തിയാണ് 32 വയസ്സുള്ള അനീഷ അഷ്‌റഫ്. എട്ടാം വയസ്സില്‍ രോഗം പിടിപെടുകയും 11 വയസ്സായപ്പോഴേക്കും നടക്കാന്‍ കഴിയാതെ പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. നിലവില്‍ കസേരയില്‍ ഇരിക്കാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലാണ്.
പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അനുവദിക്കണമെന്ന അനീഷ അഷ്‌റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണറുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്. പരീക്ഷാഭവന്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. പരീക്ഷാര്‍ത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്‌കൂള്‍ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കണം. മുറിയില്‍ വിദ്യാര്‍ത്ഥിയും ഇന്‍വിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷാ പേപ്പര്‍ ഉള്‍പ്പെടെയുള്ളവ അധികാരികളെ ഏല്‍പ്പിക്കേണ്ട ഉത്തരവാദിത്വം ഇന്‍വിജിലേറ്റര്‍ക്കായിരിക്കും.
പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പരീക്ഷയുടെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണം. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവന്‍ സെക്രട്ടറി ഏര്‍പ്പെടുത്തേണ്ടതും വിവരം വിദ്യാര്‍ത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്‌റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
2021-ലെ ലോക ഭിന്നശേഷി ദിനത്തില്‍ സാമൂഹ്യനീതി വകുപ്പ് നടത്തിയ 'ഉണര്‍വ്വ്' എന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ അനീഷ അഷ്‌റഫ് എഴുതിയ കഥയ്ക്ക് തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. കൂടാതെ, 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തില്‍ സംസ്ഥാന ഭിന്നശേഷി അവാര്‍ഡും നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates