മുഖം മിനുക്കുന്ന ലീഗ്; പച്ച പിടിക്കുമോ ദേശീയ സ്വപ്നങ്ങൾ?

എന്നാൽ ഊട്ടി പ്രമേയത്തോടെ ലീ​ഗിനോട് മുസ്ലിം ജനവിഭാ​ഗങ്ങൾക്ക് പ്രത്യേകിച്ച് സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്നവർക്ക് മുസ്ലിം ലീ​ഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
IUML, Muslim league,
IUML
Updated on
4 min read

പേരിൽ ഇന്ത്യൻ എന്നുണ്ടെങ്കിലും മലപ്പുറത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായും തിരുവനന്തപുരം മുതല്‍ തൃശൂർ വരെ അങ്ങിങ്ങായും കണ്ടുവരുന്ന പ്രതിഭാസമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗ് എന്നും ഐ യു എം എൽ ( IUML)എന്നും മുസ്ലിം ലീഗ് എന്നും അറിയപ്പെടുന്ന പാർട്ടി. ഒരു കാലത്ത് ദേശീയ തലത്തിൽ പലസംസ്ഥാനങ്ങളിലും പ്രബലമായിരുന്ന ലീഗ് കാലങ്ങളായി കേരളത്തിലേക്ക് ചുരുങ്ങിയ പാർട്ടിയായി മാറിയിരുന്നു. നിലവിലത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം വിനിയോ​ഗിച്ച് തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ലീ​ഗ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം പുതിയ ദേശീയ നേതൃത്വത്തെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയതലത്തിൽ പ്രാധാന്യം ഉയർത്തിക്കൊണ്ട് വന്ന് തങ്ങളുടെ പേരി​ന്റെ അർത്ഥം സാർത്ഥകമാക്കാൻ ലീ​ഗ് തീരുമാനിച്ചിട്ടുണ്ട്. വനിതകളെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ കൊണ്ടുവന്നു ലീ​ഗിനെതിരെ നിലനിന്ന വിമ‍ർശനങ്ങൾക്ക് പലതിനും മറുപടി നൽകി മുഖം മിനുക്കി കാലത്തിനൊപ്പമുള്ള പാർട്ടി എന്ന പ്രതിച്ഛായ രൂപീകരിച്ചു. പൗരത്വനിയമം, വഖഫ് എന്നീ വിഷയങ്ങളുയർത്തി ദേശീയതലത്തിൽ കൂടുതൽ ശക്തിപ്പെടാം എന്നാണ് ലീ​ഗ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ലീ​ഗിന് അനുകൂലമായ നിരവധി ഘടകങ്ങളുമുണ്ട്. എന്നാൽ ഇത് എത്രത്തോളം പ്രായോ​ഗികമാകും അതിനുള്ള സാധ്യതകളും പരിമിതികളും എന്തൊക്കെയാണ് ?

മുസ്ലിം ലീ​ഗി​ന്റെ വളർച്ചയും തളർച്ചയും

‌യോജിച്ചാലും വിയോജിച്ചാലും ഇന്ത്യയുടെ ചരിത്രത്തിൽ മുസ്ലിം ലീ​ഗിന് വളരെ പ്രധാനപ്പെട്ട ചരിത്രമാണുള്ളത്. എന്നാൽ, കഴിഞ്ഞ 50 വർഷത്തിന് മുമ്പ് ആ സ്വാധീനം ഒരു ചരിത്രം മാത്രമായി മാറി. ലീ​ഗ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളായിരുന്നു അതിന് തിരിച്ചടിയായി മാറിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും പാകിസ്ഥാൻ പ്രത്യേകരാജ്യമായി മാറുകയും ചെയ്ത ശേഷവും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടിയായി മുസ്ലിം ലീ​ഗ് നിലകൊണ്ടു.

കേരളത്തിൽ മാത്രമല്ല, തമിഴ് നാട്, കർണ്ണാടക, ബംഗാള്‍, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ലീ​ഗിന് രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സ്വാധീനമുണ്ടായിരുന്നു. ആ സ്വാധീന ശക്തിയിൽ അവർ കോൺ​ഗ്രസിനെ വെല്ലുവിളിക്കുന്ന മുന്നണികൾക്കൊപ്പം ശക്തമായി നിലയുറപ്പിച്ച ചരിത്രവുമുണ്ട്. കോൺ​ഗ്രസ് ലീ​ഗിനെ തള്ളിപ്പറഞ്ഞ കാലത്ത് ലീ​ഗ് അവർക്കെതിരെ ശക്തമായ നിലപാടെടുത്ത് അധികാരത്തിലെത്തിയതിന് കേരളവും ബം​ഗാളും തമിഴ് നാടുമൊക്കെ ഉദാഹരണമാണ്.

കേരളത്തിൽ മാത്രമല്ല, ബം​ഗാളിലും മന്ത്രിസഭയിൽ അം​ഗമായിരുന്നിട്ടുണ്ട് ലീ​ഗ്. അജോയ് മുഖർജിയുടെ ബം​ഗ്ലാ കോൺ​ഗ്രസ് നേതൃത്വം നൽകിയ സർക്കാരിലായിരുന്നു മുസ്ലിം ലീ​ഗ് പ്രാതിനിധ്യം. കോൺ​ഗ്രസിനെ പുറത്താക്കി അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് നേതൃത്വം നൽകിയ 1967 ലെ സർക്കാരിലായിരുന്നു മുസ്ലിം ലീ​ഗിന് പ്രാതിനിധ്യമുണ്ടായിരുന്നത്. ഏതാണ്ട് ഇതിന് തൊട്ടും മുമ്പും ഇതേ സമയത്തുമായി ലീ​ഗീനുള്ളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കാര്യമായ രാഷ്ട്രീയമാറ്റങ്ങളുണ്ടാകുന്നുണ്ടായിരന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺ​ഗ്രസ് എന്നീ പാർട്ടികളിൽ സംഭവിച്ച പിളർപ്പ്. ഡി എം കെയുടെ ശക്തിയാർജ്ജിക്കൽ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച എന്നിങ്ങനെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന കാലം കൂടെയായിരുന്നു. 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപി എമ്മും ലീ​ഗും തമ്മിൽ സ്വതന്ത്രരെ പിന്തുണയക്കുന്ന അഡ്ജസ്റ്റ്മെ​ന്റ് നടത്തിയിരുന്നു.

IUML. Muslim League
IUML

മദിരാശി പ്രമേയവും ഊട്ടി പ്രമേയവും ലീ​ഗി​ന്റെ വളർച്ചയും തളർച്ചയും

മുസ്ലിം ലീ​ഗി​ന്റെ മദിരാശി പ്രമേയത്തിലും ഊട്ടി പ്രമേയത്തിലും പരിശോധിച്ചാൽ ആ പാർട്ടിയുടെ നയംമാറ്റം കാണാനാകും. 1965ൽ മദ്രാസ് പ്രമേയം എന്നറിയപ്പെടുന്ന ലീ​ഗ് പ്രമേയം. കോൺ​ഗ്രസിനെ ഒഴിവാക്കി പ്രാദേശിക തലത്തിൽ ശക്തിയുള്ള പാർട്ടികളുമായി സഹകരിച്ച് കോൺ​ഗ്രസിതര സർക്കാർ രൂപീകരിക്കാമെന്നായിരുന്നു തീരുമാനം. ഇതിനെ തുടർന്നാണ് കേരളത്തിൽ സി പി എമ്മുമായും ബം​ഗാളിൽ ബം​ഗ്ലാ കോൺ​​ഗ്രസുമായും തമിഴ് നാട്ടിൽ ഡി എം കെയുമായുമെല്ലാം മുസ്ലിം ലീ​ഗ് സഹകരിക്കുന്നത്. ഈ സമയത്തുതന്നെ മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, ഉത്തർപ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ലീ​ഗിന് ശക്തമായ രാഷ്ട്രീയസ്വാധീനം താഴേത്തട്ടിലുണ്ടായിരുന്നു. ലീ​ഗ് ദേശീയതലത്തിൽ തലഉയർത്തി നിന്ന കാലമായിരുന്നു അത്. എന്നാൽ അടിയന്തരാവസ്ഥ കാലത്തോടെ അതിന് ഇടിവുണ്ടായി.

‌അടിയന്തരാവസ്ഥ കാലത്ത് നിർബന്ധിത കുടുംബാസൂത്രണ നടപടികളുമായി സഞ്ജയ് ​ഗാന്ധിയും അനുരചവൃന്ദവും മുന്നോട്ട് പോയപ്പോൾ എണ്ണം തികയ്ക്കാനായി പൊലീസും റവന്യൂ ഉദ്യോ​ഗസ്ഥരും ചേർന്ന് പിടിച്ചുകൊണ്ടുവന്ന് ഈ പദ്ധതി നടപ്പാക്കിയതിലെ ഇരകൾ ഭൂരിപക്ഷവും ദ​രിദ്രമുസ്ലിങ്ങളായിരുന്നു. ഈ നടപടികളുടെ പ്രശ്നങ്ങളെ കുറിച്ച് ഇന്ദിരാ​ഗാന്ധിയുടെ അടുപ്പക്കാരായിരന്ന കെ പി ഉണ്ണിക്കൃഷ്ണൻ, സുഭദ്രജോഷി, ഖുർഷിദ് അലംഖാൻ എന്നിവർ പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ അത്തരം പ്രവർത്തനങ്ങൾ തുടർന്നതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. ഇതിനെതിരെ അന്ന് ലീ​ഗ് നേതൃനിരയയിലുണ്ടായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠും പ്രസം​ഗിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇതിനൊക്കെ പിന്നാലെ ഊട്ടിയിൽ ചേർന്ന ലീ​ഗി​ന്റെ ദേശീയ സമ്മേളനത്തിൽ ഇന്ദിരാ​ഗാന്ധിയെ മുക്തകണ്ഠം പ്രശംസിച്ചും പിന്തുണച്ചുമുള്ള കേരള ഘടകത്തി​ന്റെ താൽപ്പര്യപ്രകാരമുള്ള പ്രമേയം ലീ​ഗ് പാസ്സാക്കി.

അതുവരെ ചിലയിടങ്ങളിൽ നിയമസഭാ അം​ഗങ്ങൾ, മറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഒക്കെയായി ദേശീയ പാർട്ടിയുടെ നിലവാരത്തിൽ തന്നെ ലീ​ഗ് നിലനിന്നിരുന്നു. എന്നാൽ ഊട്ടി പ്രമേയത്തോടെ ലീ​ഗിനോട് മുസ്ലിം ജനവിഭാ​ഗങ്ങൾക്ക് പ്രത്യേകിച്ച് സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്നവർക്ക് മുസ്ലിം ലീ​ഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ നിരീക്ഷകനും മുസ്ലിംലീ​ഗ് ചരിത്രം രചിച്ച ​ഗ്രന്ഥകർത്താവും മാധ്യമപ്രവർത്തകനുമായ എൻ പി ചേക്കുട്ടി പറഞ്ഞു.

ദേശീയ തല സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമത്തിൽ ലീ​ഗി​ന്റെ സാധ്യതകളും പരിമിതികളും

ഇതിനു ശേഷം ലീ​ഗ് ഏതാണ്ട് കേരളാ പാ‍ർട്ടിയായി ചുരുങ്ങുന്നതാണ് കാണാനാകുന്നത്. തമിഴ് നാട്ടിലും കർണ്ണാടകത്തിലുമൊക്കെയുണ്ടെങ്കിലും കേരളത്തിലാണ് അവരുടെ സ്വാധീനമുള്ള ഏക പ്രദേശം. കേരളത്തിൽ യു ഡി എഫ് മുന്നണിയിൽ നേതൃത്വം നൽകുന്ന കോൺഗ്രസിൽ പോലും സ്വാധീനമുള്ള പാർട്ടിയാണ് ലീഗ്. ഇവിടെ ലീഗിനെ ഒപ്പം കൂട്ടാൻ എൽ ഡി എഫും ശ്രമം നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിൽ നിന്നും പുറത്തേക്ക് വളരാനുള്ള ഒരു ശ്രമവും കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ലീ​ഗിന് സാധിക്കുന്നുണ്ടായിരുന്നില്ല.

ബാബറി മസ്ജിദ് വിഷയത്തിൽ ലീ​ഗ് നിലപാടിനോട് തെറ്റിയ ഇബ്രാഹിം സുലൈമാൻ സേഠിനെ പുറത്താക്കിയതോടെ ദേശീയ തലത്തിൽ അവർക്കുണ്ടായിരുന്ന ദേശീയ നേതാവ് എന്ന് പറയാവുന്ന സാന്നിധ്യം ഇല്ലാതായി. 2008ൽ ബനാത്ത വാലയുടെ മരണം കൂടെയായപ്പോൾ ലീ​ഗിന് ദേശീയ നേതൃത്വം എന്നത് കേരളത്തിലും തമിഴ് നാട്ടിലുമുള്ളവർ മാത്രമായി ചുരങ്ങി.

ഇതേ സമയം തന്നെ അധികാരം ലഭിക്കുന്ന ഏക പ്രദേശം എന്ന നിലയിൽ ലീ​ഗ് കേരള താൽപ്പര്യങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടിയപ്പോൾ ദേശീയ തലത്തിൽ പോപ്പുലർ ഫ്രണ്ടി​ന്റെ എസ് ഡി പി ഐയും ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയും പ്രവർത്തനം സജീവമാക്കി. ഹൈദരാബാദ് കേന്ദ്രമാക്കിയാണെങ്കിലും ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന പാർട്ടിയെ ത​ന്റെ നാവി​ന്റെ ബലത്തിൽ അസദുദ്ദീൻ ഒവൈസി നിലനിർത്തുന്നുണ്ട്. അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ( എ യു ഡി എഫ്) ആണ് മറ്റൊരു ശക്തിയുള്ള പ്രാദേശിക പാർട്ടി. ഇങ്ങനെ ലീ​ഗീന് ദേശീയ തലത്തിൽ വളരാനുള്ള വഴികളൊക്കെ അടഞ്ഞു. ജമാഅത്തെ ഇസ്ലാമിയിൽ ആളുകൾക്കുള്ള വിശ്വാസക്കുറവ് കൊണ്ട് വെൽഫെയർ പാർട്ടിക്ക് അധികം ശക്തിപ്പെടാൻ സാധിച്ചില്ലെങ്കിലും എസ് ഡി പി ഐ ശക്തമായി വളർന്നു. ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളിൽ അവർ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വളർന്നു വന്നു. എന്നാൽ, പോപ്പുലർ ഫ്രണ്ട് നേതാക്കൾ കേസിലും അറസ്റ്റിലുമാകുകയും നിരോധനം നേരിടുകയുംം ചെയ്തതോടെ എസ് ഡി പി ഐ പ്രവർത്തനവും മന്ദ​ഗതിയിലായി. ഇതാണ് ഇപ്പോൾ ലീ​ഗിന് വീണ്ടും ദേശീയ തലത്തിൽ വളരാമെന്ന മോഹത്തിന് കോണി വെക്കാൻ കാരണം.

Sadikali Shihab Thangal,P K Kunhalikutty,Indian Union Muslim League
സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുംANI

ലീ​ഗിന് നേരത്തെ ഉണ്ടായിരുന്ന സ്വാധീനം വീണ്ടെടുക്കാൻ സാധിക്കുമോ എന്ന് ചോദ്യം ഉയർന്നാൽ എസ് ഡി പി ഐയുടെ പ്രതിസന്ധിയും വെൽഫെയർ പാർട്ടിയുടെ പരിമിതിയുമൊക്കെ ലീ​ഗിന് അനുകൂലമാണ്. ഒവൈസിക്കോ അസമിലെ എ യു ഡി എഫിനോ ദേശീയ തലത്തിൽ വളരാനുള്ള ശേഷിയും നിലവില്ല ഇത്തരം കാര്യങ്ങളൊക്കെ ലീ​ഗിന് ദേശീയതലത്തിൽ വളരാൻ അനുകൂലമാണ്. മാത്രമല്ല, മറ്റ് എസ് ഡി പി ഐ , വെൽഫയർ പാർട്ടി എന്നിവ പോലെയല്ല, ലീ​ഗിന് സമൂഹത്തിൽ ഒരു സെക്കുലർ പാർട്ടി എന്ന പേരുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉന്നയിക്കുന്നു എന്നതിലുപരി മതനിരപേക്ഷ സ്വഭാവം ആ പാർട്ടി നിലനിർത്തുന്നുണ്ട്.

എന്നാൽ, ഇത്തരം സാഹചര്യങ്ങളൊക്കെ ഉപയോ​ഗിച്ച് വളരാനുള്ള നേതൃശേഷി ഇന്നത്തെ ലീ​ഗിനില്ലെന്ന് എൻ പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിലെയും തമിഴ് നാട്ടിലെയും നേതാക്കൾ പോയി ഇവിടുത്തെ രീതിയിൽ സംസാരിച്ചിട്ട് കാര്യമില്ല. ഉത്തരേന്ത്യയിലെ ജനങ്ങളോട് അവരുടെ ഭാഷയിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്ന അവരെ ഏകോപിക്കാൻ ശേഷിയുള്ള നേതൃത്വമാണ് വേണ്ടത്. എന്നാൽ ലീ​ഗി​ന്റെ ദേശീയ നേതൃത്വം നോക്കിയാൽ മലപ്പുറത്തും ചുറ്റുവട്ടത്തുമായി ആ ദേശീയ സ്വപ്നം അവസാനിക്കുന്നത് നമുക്ക് കാണാനാകും- അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com