

കൊച്ചി: പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി. അന്ധനും ഭിക്ഷാടകനുമായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 39 കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കുടുംബക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുറ്റിപ്പുറം സ്വദേശിയായ 49 കാരനെതിരെ ആണ് യുവതി കോടതിയെ സമീപിച്ചത്. താന്‍ രണ്ടാമത്തെ ഭാര്യയാണെന്നും തലാഖ് ചൊല്ലി വീണ്ടും വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടെന്നുമായിരുന്നു യുവതിയുടെ ആരോപണം.
ഭര്‍ത്താവ് ഭിക്ഷാടനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നു വ്യക്തിയാണെന്നും, അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്ക് വേണം എന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ ആവശ്യം നേരത്തെ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു. തന്റെ ഭര്‍ത്താവ് ഒരു യാചകനാണെന്ന് സമ്മതിക്കുമ്പോള്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ഒരു കോടതിക്കും നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു കുടുംബ കോടതിയുടെ വിധി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
കുടുംബ കോടതിയുടെ ഉത്തരവിന് സമാനമായി ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ യാചകനോട് കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഭാര്യമാര്‍ക്ക് നീതി ലഭ്യമാകണമെന്നും വിലയിരുത്തി. കേരളത്തില്‍ ആരും ഉപജീവനത്തിനായി യാചിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും കോടതിയുടെയും കടമയാണ്, അത്തരമൊരു വ്യക്തിക്ക് കുറഞ്ഞത് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. ഈ സംഭവത്തില്‍ ഹര്‍ജിക്കാരിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിപടികള്‍ സ്വീകരിക്കണം. തുടര്‍നടപടികള്‍ക്കായി കോടതി ഉത്തരവ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് അയക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.
രണ്ടാം ഭാര്യക്ക് ജീവനാംശം നല്‍കാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന അന്ധയാചകന് മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ സര്‍ക്കാര്‍ കൗണ്‍സലിംഗ് നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സാധ്യമെങ്കില്‍ ഇരുവരെയും ഒന്നിപ്പിക്കണം. അല്ലെങ്കില്‍ ഒരു നിരാലംബ വനിത ഉപേക്ഷിക്കപ്പെടും. ആദ്യഭാര്യയുടെ താത്പര്യവും സംരക്ഷിക്കപ്പെടണം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, മുസ്ലീം ആചാര നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് മുസ്ലീം സമൂഹത്തിലെ ഇത്തരം വിവാഹങ്ങളുടെ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യമാരെ പരിപാലിക്കാന്‍ കഴിവില്ലാത്ത ഒരു മുസ്ലീം പുരുഷന്റെ ആദ്യത്തേതോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹങ്ങള്‍ കോടതിക്ക് അംഗീകരിക്കാന്‍ കഴിയില്ല. തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും മറ്റും ഭര്‍ത്താവിന്റെ ക്രൂരതയാണ്. ഭാര്യമാര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഒന്നിലേറെ വിവാഹം കഴിക്കാം. മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗത്തിനും ഒരു ഭാര്യയേ ഉള്ളൂ. നീതി ഉറപ്പുവരുത്തണമെന്നു നിർദേശിക്കുന്ന വിശുദ്ധഗ്രന്ഥമാണ് ഖുര്‍ ആന്‍ എന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
