'മുൻ സർക്കാർ കാര്യമായി അന്വേഷിച്ചില്ല'- ആരോപിച്ച് മന്ത്രി; മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

കേരളം കണ്ട വലിയ അഴിമതികളിലൊന്നാണ് മുട്ടിൽ മരം മുറിയെന്ന് മന്ത്രി ഷിബു ബേബിജോൺ
augustine brothers Muttil Tree Felling Case
ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, Muttil Tree Felling CaseFile Photo
Updated on: 
2 min read

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ നേരത്തെയുണ്ടായിരുന്ന പിഴവുകൾ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം വീണ്ടും സമർപ്പിച്ചത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകാൻ കാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മാസം 17ന് സമർപ്പിച്ച കുറ്റപത്രം ആവശ്യമായ അനുബന്ധ രേഖകൾ ഹാജരാക്കാത്തതും ഗുരുതരമായ സാങ്കേതിക പിഴവുകളുള്ളതും ചൂണ്ടിക്കാട്ടി കോടതി സ്വീകരിക്കാതെ തിരിച്ചയച്ചിരുന്നു.

മുട്ടിൽ സംഭവവുമായി ബന്ധപ്പെട്ട കേസ് നമ്പർ 1/21ൽ അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. മരം മുറിച്ചത് വനഭൂമിയിൽ നിന്നാണോ പട്ടയ ഭൂമിയിൽ നിന്നാണോ എന്ന കാര്യത്തിലും കുറ്റപത്രത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.

കേസിൽ പിടിച്ചെടുത്ത തടിയും മരം കടത്താൻ ഉപയോഗിച്ച ടോറസ് ലോറിയും കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിന് പുറമെ നിരവധി സാങ്കേതിക പിഴവുകളും കണ്ടെത്തിയതോടെയാണ് കോടതി കുറ്റപത്രം മടക്കിയത്. കുറ്റപത്രത്തിലെ പിഴവുകൾ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയർന്നിരുന്നു.

കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ 2021ൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുറ്റപത്രം സമർപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഈ മാസം എട്ടിന് ഹൈക്കോടതി നീക്കി. പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 17ന് കുറ്റപത്രം തിടുക്കത്തിൽ സമർപ്പിച്ചതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

augustine brothers Muttil Tree Felling Case
ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം; 90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

മുറിച്ചുകടത്തിയ തടി, കേസിൽ ഉപയോഗിച്ച ടോറസ് ലോറി എന്നിവ സംസ്ഥാനത്തേക്ക് കണ്ടുകെട്ടുന്നതിനായി കേരള ഫോറസ്റ്റ് ആക്ടിലെ 61 എ വകുപ്പ് പ്രകാരം വനം വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കണ്ടുകെട്ടൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ മുട്ടിൽ മരംമുറിക്കേസിനെ രൂക്ഷമായി വിമർശിച്ച് വനം മന്ത്രി ഷിബു ബേബി ജോൺ രംഗത്തെത്തി. കേരളം കണ്ട വലിയ അഴിമതികളിലൊന്നാണ് മുട്ടിൽ മരം മുറിയെന്നും മുൻ സർക്കാർ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും മന്ത്രി ആരോപിച്ചു. കുറ്റപത്രത്തിലെ പിഴവുകൾ മനഃപൂർവം വരുത്തിയതാണോയെന്ന് പരിശോധിക്കാൻ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

'തിരിച്ചയച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു. ചില പിഴവുകൾ അതിലുണ്ട്. അവ മനഃപൂർവം വരുത്തിയതാണോയെന്ന് അന്വേഷിക്കും. വനം വകുപ്പ് പിടിച്ചെടുത്ത 108 മുറിച്ച റോസ്‌വുഡ് മരങ്ങളിൽ 9 എണ്ണം പട്ടയ ഭൂമിയിൽ നിന്നല്ല മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മുട്ടിൽ കേസിലെ ബാക്കിയുള്ള കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും.'

'മുട്ടിൽ മരം മുറിക്കേസ് തകർന്നിട്ടില്ല. വിലപിടിപ്പുള്ള റോസ്‌വുഡ് മരങ്ങളാണ് മുറിച്ചു മാറ്റിയത്. ചിലരുടെ കൊള്ളയടിക്കലിന് ഇരയായത് യഥാർഥ കർഷകരാണ്. വിവാദ റവന്യൂ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ കാരണങ്ങളും അന്വേഷിക്കണം. വനം വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്'- മന്ത്രി വ്യക്തമാക്കി.

augustine brothers Muttil Tree Felling Case
എക്‌സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍
augustine brothers Muttil Tree Felling Case
ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച: മാനന്തവാടി മെഡിക്കൽ കോളജിൽ നേത്ര ശസ്ത്രക്രിയകൾ രണ്ടാഴ്ചയായി മുടങ്ങി
Summary

Muttil Tree Felling Case: Fresh Chargesheet Filed in Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com