

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ പ്രതികൾ കൂട്ടാക്കിയില്ല. തുടർന്നാണ് ചോറ്റാനിക്കര കോടതി പ്രതികൾ നേരുട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചത്.
ഈ മാസം ആറാം തീയതിയും പത്താംതീയതിയും കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ രണ്ട് തവണയും പ്രതികളായ ആന്റോ സഹോദരന്മാർ കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
വയനാട്ടില്‍ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ മരം, വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കരിമുകളിലുള്ള ടിംബർ കമ്പനിക്ക് വിറ്റു എന്നതാണ് കേസ്. വിശ്വാസവഞ്ചന കാണിച്ച് മരം വില്‍പ്പന നടത്തിയെന്നും തന്നെ കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ല എന് പ്രതികളുടെ വാദം തള്ളിയ ഹൈക്കോടതി, പ്രാഥമിക കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates