

തിരുവനന്തപുരം: കേട്ടുകേള്‍വിയില്ലാത്ത പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന പരാതികള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കേട്ടതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കാനുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എംഎല്‍എയും നേതാവുമായ ആള്‍ കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ രാഹുലിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നടത്തുന്ന അക്രമ സമരങ്ങള്‍. ബുധനാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസും ക്രിമിനലുകളും അക്രമം അഴിച്ച് വിടുകയായിരുന്നു. രാത്രി നടത്തിയ സമരത്തില്‍ പൊലീസുകാര്‍ക്കെതിരെ പന്തങ്ങള്‍ എറിഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ നടത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ജനരോക്ഷം വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് നടത്തത്. അത് കേരളത്തില്‍ ഏശാന്‍ പോകുന്നില്ല.രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ മനുഷ്യത്വഹീനമായ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ട് എന്താണ് പ്രയോജനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.
'ഷാഫി പറമ്പിലിനെതിരേ ഒരു പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടയിലേക്ക് പോകുമ്പോഴുണ്ടാകുന്ന വികാരപ്രകടനം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഗോവിന്ദന്‍ പറഞ്ഞു. അതിനെയാണ് പര്‍വതീകരിച്ചത്. പ്രകടനം നടക്കുകയാണല്ലോ. അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രകോപനമായി കണ്ടാല്‍ മതി. അല്ലാതെ ഷാഫിയെ തടയേണ്ട കാര്യമെന്താണ്?' -എം.വി. ഗോവിന്ദന്‍ ചോദിച്ചു.
അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണി നവകേരളം സൃഷ്ടിക്കാനുള്ള മൂന്നാം ടേമിലേക്കുള്ള യാത്രയിലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നല്ല പിന്തുണ കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നതായും തെരഞ്ഞെടുപ്പാകുമ്പോള്‍ ഇനിയും ശക്തിയായി അത് വരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടേം കഴിഞ്ഞ് ഇനി മൂന്നാം ടേമിലേക്കാണ്. രണ്ടാം ടേം തന്നെ ചരിത്രത്തില്‍ ആദ്യമാണ്. മൂന്നാം ടേം ചരിത്രത്തില്‍ പുതിയ അധ്യായമായിരിക്കും. ആ അധ്യായം കുറിക്കുക തന്നെ ചെയ്യും. അതിനുതകുന്ന രീതിയിലുള്ള നിലപാടുകളാണ് നടപടികളാണ് മറുഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് യാദൃശ്ചികമായി കിട്ടിയതാണ്. അത് ഇല്ലെങ്കില്‍ തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാം ടേമിലേക്ക് വരും.'- ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
