

തിരുവനന്തപുരം: തളിപ്പറമ്പില്‍ പാര്‍ട്ടി തോറ്റതിന് താന്‍ എന്തിന് സ്വയം വിമര്‍ശനം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ്. അവരാണ് അത് സംബന്ധിച്ച് സ്വയം വിമര്‍ശനം നടത്തിയത്. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ വ്യക്തിപരമയ വീഴ്ചകള്‍ ആരുടെ ഭാഗത്തും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായാലും പാര്‍ട്ടി സെക്രട്ടറിയായാലും കൂട്ടായ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. ഏതെങ്കിലും വ്യക്തിക്ക് പറ്റിയ കുഴപ്പം കൊണ്ടാണ് ഇതെല്ലാം ഉണ്ടായതെന്ന നരേഷന്‍ തെറ്റായ സമീപനമാണ്. പാര്‍ട്ടി അത് അംഗീകരിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകള്‍ സ്വയംവിമര്‍ശനപരായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചു. പയ്യന്നൂരിലെ തോല്‍വി കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞതാണ്. എന്നാല്‍, അടുത്തകാലത്ത് വെള്ളാപ്പള്ളിയില്‍നിന്നുണ്ടായ മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളില്‍ രൂപപ്പെട്ടു. ഇതിനെ ദൂരീകരിക്കുന്നതരത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ പോരായ്മ സംഭവിച്ചു എന്ന് സ്വയംവിമര്‍ശനപരമായി വിലയിരുത്തി.
അയ്യപ്പസംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ സര്‍ക്കാരാണ് സംഘടിപ്പിച്ചതെന്ന വലതുപക്ഷപ്രചാരണം ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ആര്‍എസ്എസിന്റെ പ്രമുഖനായ വക്താവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് ശരിയായ നിലപാടിയിരുന്നില്ല.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റാരോപിതനായ എ പത്മകുമാറിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും മാറ്റി നിര്‍ത്തിയതുമാണ്. എന്നാല്‍ ആരോപണമുയര്‍ന്ന ഘട്ടത്തില്‍തന്നെ കര്‍ശനമായ നടപടി സ്വീകരിച്ചില്ല എന്ന എതിരാളികളുടെ പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു.
ലോകത്ത് പൊതുവെ വലതുപക്ഷ സ്വാധീനം ശക്തിപ്പെട്ടുവന്ന കാലമാണിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ സ്വീകാര്യതനേടി. എന്നാല്‍ നിര്‍മാണ മേഖലയിലുള്‍പ്പെടെ പരമ്പരാ?ഗത മേഖലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനായില്ല എന്നത് താഴെത്തട്ടുകളിലെ ചര്‍ച്ചകളില്‍വന്നു. അത് എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തി.
ഏതാണ്ട് 30 മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കുകയും, ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് യുഡിഎഫ് വോട്ടും നല്‍കി. കേരളത്തില്‍ മൂന്ന് സീറ്റില്‍ ബിജെപി ജയിച്ചത് ?ഗൗരവതരാണ്. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നാംസ്ഥനത്തായി. ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിട്ടത് സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയുമാണെന്നാണ്. പല മണ്ഡലങ്ങളിലും യുഡിഎഫിന് ബിജെപി വോട്ട് ലഭിച്ചു എന്ന് ഉറപ്പാക്കിയിട്ടാണ് 100 സീറ്റിന് മുകളില്‍നേടുമെന്ന് അവകാശപ്പെട്ടത്. കൃത്യമായ അജണ്ടവെച്ച്, സിപിഐ എമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന് പ്രചരിപ്പിച്ചിട്ട്, കോണ്‍?ഗ്രസും ബിജെപിയും വോട്ടുകള്‍ പരസ്പരം കൈമാറി.
സ്വത്വ രാഷ്ട്രീയ ചിന്തകള്‍ മുന്നോട്ടുവെക്കുന്നത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്താനാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ ചിന്തകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. എല്ലാ വിഭാഗങ്ങളില്‍നിന്നും എല്‍ഡിഎഫിന് വോട്ട് നഷ്ടമായിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗം പൂര്‍ണമായി ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തി എന്ന് പറയാനാകില്ല. എന്നാല്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക കോണ്‍ഗ്രസ്- മുസ്ലിം ലീഗ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ഉപയോഗിച്ചു. എസ്‌ഐആര്‍ കൊണ്ടുവന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന കള്ളപ്രചാരണവും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തില്‍നിന്നും അകറ്റി. മതത്തെ ഉപയോഗിച്ച് വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു മുസ്ലിംലീഗ്. അപകടരവും ദൂരവ്യാപകഫലമുണ്ടാക്കുന്നതുമായ നിലപാടാണ് ഇത്. ഇതിന്റെ ഗുണഭോക്താവ് എന്നനിലയില്‍ കോണ്‍ഗ്രസും പിന്തുണ നല്‍കിയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates