

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെയും നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. ആറ് മാസംകൊണ്ട് ടീം യുഡിഎഫ് തകര്‍ന്നു തരിപ്പണമായെന്നും ഗ്രൂപ്പ് വഴക്കും മുന്നണി തര്‍ക്കങ്ങളും സംസ്ഥാനത്തെ ഭരണ സ്തംഭനത്തിലേക്ക് നയിച്ചെന്നും എംവി ഗോവിന്ദന് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികള്‍ നിലച്ചു. ഉദ്യോഗസ്ഥര്‍ക്കിടയിലും തികഞ്ഞ അനാസ്ഥ. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട, പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭയാണിതെന്നും നിലവിലെ സാഹചര്യം കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടേയ്ക്ക് നയിക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തകരുന്ന യുഡിഎഫ് സംവിധാനത്തെയാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെ ഒരു പവര്‍ഗ്രൂപ്പാണ് കേരളത്തെ ഭരിക്കുന്നത്. കഴിഞ്ഞ ആറ് മാസംകൊണ്ട് ടീം യുഡിഎഫ് തകര്‍ന്നു തരിപ്പണമായി. മന്ത്രിസഭാ യോഗത്തില്‍ ആരൊക്കെ തമ്മില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. ഏറ്റുമുട്ടലുണ്ടായെന്ന കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിക്കുകയും ചെയ്തു. കേരളത്തില്‍ ഭരണം സ്തംഭിച്ചിരിക്കുന്നു. ഗ്രൂപ്പ് വഴക്കൊന്നും ജനങ്ങള്‍ക്ക് പ്രശ്നമല്ല, എന്നാല്‍ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്.
കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികള്‍ നിന്നിരിക്കുന്നു. വയനാട്ടിലേക്കുള്ള തുരങ്കപാത ഉള്‍പ്പെടെ പഠനം നിലച്ചു. ദേശീയ പാത 66ന്റെ വികസനത്തില്‍ യാതൊരു ശ്രദ്ധയുമില്ല. കിഫ്ബിയുടെ ടെണ്ടര്‍ കഴിഞ്ഞ പ്രവൃത്തികള്‍ ഉള്‍പ്പെടെ നടക്കുന്നില്ല. ഇതിന്റെ ഭാഗമായി കോടികള്‍ നഷ്ടം വരുമെന്ന് പത്ര റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്കിടയിലും തികഞ്ഞ അനാസ്ഥയാണുള്ളത്. യുഡിഎഫിന്റെ ഭരണപരാജയമാണ് ആറുമാസത്തിനിപ്പുറം കാണുന്ന ചിത്രം.
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട, പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭയാണിത്. ഇത് കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടേയ്ക്ക് നയിക്കും. ഗൗരവതരമായ കാര്യമാണിത്. എല്ലാവരും ഇനി ഹൈക്കമാന്‍ഡിന്റെ മുന്നില്‍ കെട്ടിക്കിടക്കും. വിഡി സതീശന് ഗ്രൂപ്പും കെസി വേണുഗോപാല്‍ ഗ്രൂപ്പും തമ്മിലടി തീര്‍ക്കാന്‍ ഡല്‍ഹിയില്‍ പോകാനിരിക്കുകയാണ്. ഇത്തരമൊരു മന്ത്രിസഭ എങ്ങനെ മുന്നോട്ടുപോകും. വികസന തുടര്‍ച്ച എങ്ങനെ നടക്കും? കേന്ദ്രത്തില്‍ രാഹുലിനെതിരെ ബിജെപി പ്രവര്‍ത്തിക്കുന്നതു പോലെ, ഇവിടെ ബിജെപിയെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്.
മന്ത്രി ഷാജി വിദേശ യാത്ര പോയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ ഒരു പരിപാടിക്ക് പോയെന്ന് വിവരാവകാശ നിയമമനുസരിച്ച് രേഖ ലഭിച്ചു. കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ യാതൊരു അനുമതിയും ഇല്ലാതെയാണ് ഈ യാത്ര. ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. പഞ്ചായത്ത് അടച്ചുപൂട്ടിയ നിലയിലാണ്. ഇതെല്ലാം നടക്കുന്നതിനിടെയാണ് വകുപ്പുമന്ത്രി ആരുടെയും അനുവാദമില്ലാതെ വിദേശയാത്ര പോയത്.
വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം കളവാണ്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമായതാണ്. വൈദ്യുതി നിരക്ക് ഉള്‍പ്പെടുള്ള കാര്യങ്ങളില്‍ തെറ്റായ വിവരമാണ് മുഖ്യമന്ത്രി നല്‍കിയത്. എല്ലാം അഴിമതിയാണെന്ന് വ്യക്തമാകുന്നു. ഡിസിസി നേതാക്കളുള്‍പ്പെടെ കൈക്കൂലി വാങ്ങുന്നു. സര്‍വതല സ്പര്‍ശിയായ അഴിമതിയാണ് സംസ്ഥാനത്തുള്ളത്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നില്ല. ആറുമാസത്തിനിടെ അരിവില മാത്രം 40 ശതമാനം ഉയര്‍ന്നുവെന്നും എംവി ഗോവിന്ദന് ചൂണ്ടിക്കാണിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates