തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ നീട്ടിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 'തുടരും' എന്ന അടിക്കുറിപ്പോടെ ജഗതി ശ്രീകുമാര്‍ അവതിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് പ്രശാന്തിന്റെ പുതിയ 'ട്രോള്‍'. ചിത്രത്തിന് താഴെ വന്ന കമന്റുകളും രസകരമാണ്.
ഭരണപാര്‍ട്ടിന്റെ ബ്രാഞ്ച് തൊട്ട് തലവരെ ഉള്ളവരെ പുകഴ്ത്തിക്കിട്ടുന്ന പദവികളെക്കാളും അഭിമാനമാണ് ഈ സസ്‌പെന്‍ഷനെന്നും വിശ്രമവേളകള്‍ ആനന്ദകരമാക്കൂ എന്നും കുട്ടികള്‍ക്കും ക്ലാസ് എടുക്കാലോ എന്നുമായിരുന്നു ആശാ ലോറന്‍സിന്റെ കമന്റ്. 'ഒരോരുത്തരുടെയും ഓരോരോ ഭാഗ്യങ്ങള്‍ കുംഭകര്‍ണനും പോലും അസൂയ തോന്നും. ആറ് മാസം കൊണ്ട് നല്ല ഒരു സ്‌ക്രിപ്റ്റ് ആക്കി സിനിമ ആക്കാന്‍ നോക്ക്, അണ്ണന്റെ യോഗം ജോലി കിട്ടിയിട്ട് വേണം രണ്ട് മൂന്ന് സസ്‌പെന്‍ഷന്‍ ഒപ്പിക്കാനെന്നുമാണ്' ചിലരുടെ കമന്റുകള്‍.
'ധാര്‍മികത, സത്യസന്ധത, സുതാര്യത ഇതിനൊന്നും വലിയ വിലയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു, നീതി നിഷേധത്തിനെതിരെ തുടര്‍പോരാട്ടം, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, ഈ സമയവും കടന്നുപോകും , സത്യവും നീതിയും എത്ര പുതപ്പിട്ട് മൂടിയാലും ഒടുവില്‍ മറ നീക്കി പുറത്തു വരും' എന്നു തുടങ്ങി നീളുന്നു പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.
ഈ മാസം 10 മുതല്‍ 180 ദിവസത്തേക്കാണ് എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ നീട്ടിയത്. ഡോ എ ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്. സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് സസ്പെന്‍ഷന്‍ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ ആറുമാസമായി പ്രശാന്ത് സസ്പെന്‍ഷനിലാണ്. ഇനി ആറു മാസത്തേക്ക് കൂടി പ്രശാന്ത് പുറത്തിരിക്കേണ്ടി വരും.
ജയതിലകിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലത്തും പരസ്യ വിമര്‍ശനം തുടരുകയും മേലുദ്യോഗസ്ഥര്‍ക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates