

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുളളയാള്‍ക്ക് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടര്‍ പട്ടികയും ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്നത്. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6ആ യിലോ അപേക്ഷ സമര്‍പ്പിക്കാം. പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി മുതല്‍ ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു വരുന്ന 3 യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപിരിധി അവസാനിക്കുന്നതുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 2023ലെ വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.
വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനുവരി 1 യോഗ്യത തീയതിയിലേയ്ക്കുള്ള മുന്‍കൂറായി ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്തശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി വോട്ടര്‍ പട്ടിക അപ്ഡേറ്റ് ചെയ്യും. വാര്‍ഷി സമ്മദിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ലഭിക്കുന്ന അപേക്ഷകളും തുടര്‍ന്നു വരുന്ന യോഗ്യത തീയതികളിലേക്കുള്ള (ഏപ്രില്‍ 1, ജൂലൈ 1, ഓക്ടോബര്‍ 1) അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും (ഫോറം-6) അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുന്‍കൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (തഹസില്‍ദാര്‍) അതത് യോഗ്യത തീയതികള്‍ക്കു ശേഷം തുടര്‍ച്ചയായി പ്രോസസ് ചെയ്യും.
വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ഫാറം-6 സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്നു വരുന്ന യോഗ്യതാ തീയതികളില്‍ പ്രസ്തുത അപേക്ഷ സമര്‍പ്പിക്കാം. വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു അധിക സൗകര്യമാണെന്നും കമ്മിഷന്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates