നയന സൂര്യന്റെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്; കാരണം 'മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്'
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ വഴിത്തിരിവ്. മരണകാരണം പരിക്കുകളല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്ന് ഇന്ന് ചേര്‍ന്ന മെഡിക്കല്‍ യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി.
ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക യോഗം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചേര്‍ന്നിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍, ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു. ഇതുവരെ നടത്തിയ അന്വേഷണം, വൈദ്യപരിശോധനാഫലം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായി. നയന സൂര്യന്റെ ശരീരത്തിലേറ്റ പരിക്കുകളാണ് മരണ കാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കഴുത്തിനേറ്റ മുറുകിയ പാടും, അടിവയറ്റനേറ്റ ക്ഷതവുമാണെന്നായിരുന്നു മരണകാരണം. എന്നാല്‍ ഈ രണ്ടുപരിക്കുകളുമല്ല മരണ കാരണം എന്നുളള വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയിരിക്കുന്നത്.
മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനെന്ന അവസ്ഥയാണ് നയനയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥായാണിതെന്നും മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇത് മൂലം പെട്ടന്ന് മരണ സംഭവിക്കില്ല. രണ്ടുമണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന് പല കാരണങ്ങളാല്‍ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നയന സൂര്യന്‍ മരിച്ചുകിടന്ന മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അന്വേഷണം സംഘം കണ്ടെത്തി. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായുമാണ് വിലയിരുത്തല്‍.
8 പേര്‍ അടങ്ങുന്ന വിദഗ്ധമെഡിക്കല്‍ സംഘം അവലോകനം ചെയ്ത് 20 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ചിന്റെ തുടര്‍ന്നുള്ള അന്വേഷണം.
ഈ വാർത്ത കൂടി വായിക്കൂ വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
