'തേനിയില്‍ ചികിത്സയ്ക്ക് പോയി, ബന്ധു വീട്ടില്‍'; അമ്മയെയും ചേട്ടനെയും കുറിച്ച് പരസ്പര വിരുദ്ധ മറുപടികള്‍; സജിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും

മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് വീണ്ടും അന്വേഷിക്കുന്നുണ്ട്
Nedumkandam murder
Nedumkandam murder
Updated on
2 min read

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, തമിഴ്‌നാട് പൊലീസിന് സജിയുടെ ചിത്രം അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി സാബു മാത്യു അറിയിച്ചു.

Nedumkandam murder
പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി; പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കും

പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്തത് ഇവരുടെ മൃതദേഹങ്ങളാണ് എന്നാണ് സംശയിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലാണ്. ഡിഎന്‍എ, ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തി മൃതദേഹങ്ങള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു. എന്നാണ് കൊലപാതകം നടത്തിയതെന്നത് അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

ഈ മാസം 5-ാം തീയതിയും ആറാം തീയതിയും മേരിക്കുട്ടിയെയും റെജിയേയും കണ്ടതായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയവര്‍ ഇവരെ കണ്ടതായാണ് വിവരം. അതിനുശേഷമാകാം കുറ്റകൃത്യം നടത്തിയിട്ടുണ്ടാകുകയെന്നും എസ്പി സൂചിപ്പിച്ചു. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജി ഒളിവിലാണ്. സജിയെ കിട്ടി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂഎന്നും ജില്ലാ പൊലീസ് മേധാവി പറയുന്നു. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2018 ലാണ് റെജിയുടേയും സജിയുടേയും പിതാവായ മാത്യുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഈ കേസില്‍, അദ്ദേഹം ഒരു ബസില്‍ കയറി പോകുന്നത് കണ്ടുവെന്ന തരത്തിലാണ് അന്വേഷണം വന്നു നിന്നത്. തുടര്‍ന്ന് അന്വേഷണം മുന്നോട്ടുപോയില്ല. വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ, മാത്യുവിനെയും സമാനരീതിയില്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.

അവിവാഹിതരായ മൂത്തമകന്‍ റെജി, ഇളയ മകന്‍ സജി (43) എന്നിവര്‍ക്കൊപ്പമാണ് മേരിക്കുട്ടി താമസിച്ചിരുന്നത്. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു മേരിക്കുട്ടി. രണ്ടു മക്കളും കൂലിപ്പണിക്ക് പോയിരുന്നു. റെജി നെടുങ്കണ്ടത്ത് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു. നാട്ടില്‍ ആരുമായും അധികം അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മാസം രണ്ടാംതീയതി മുതലാണ് മേരിക്കുട്ടിയേയും റെജിയേയും കാണാതായത്.

ഇളയമകനായ സജിയോട് ഇവരെപ്പറ്റി ചോദിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. തേനിയില്‍ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും, ബന്ധു വീട്ടില്‍ പോയിരിക്കുകയാണെന്നും പല മറുപടികളാണ് നല്‍കിയിരുന്നത്. സജി പറയുന്ന മറുപടികളില്‍ സമീപവാസികള്‍ക്ക് സംശയം തോന്നിയിരുന്നു. നാട്ടുകാര്‍ ഇതേപ്പറ്റി സൂചിപ്പിച്ചതോടെ മേരിയുടെ മകളാണ് അമ്മയേയും സഹോദരനേയും കാണാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കിയത്.

Nedumkandam murder
'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'

ഞായറാഴ്ച വൈകീട്ട് സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ സജിയുടെ വീട്ടിലെത്തി സംസാരിച്ചെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നെടുങ്കണ്ടം സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് സംശയിക്കുന്നു എന്നു മനസ്സിലാക്കിയ സജി പൊടുന്നനെ വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇയാള്‍ നെടുങ്കണ്ടത്തു നിന്നും ബസ് കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സജി വലയിലാകുന്നതോടെ ദുരൂഹ തിരോധാനങ്ങളില്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

Summary

The police have intensified their search for Saji, the suspected culprit in the case of the bodies found in the compound of a house in Nedumkandam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com