കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നു, സമ്പദ് വ്യവസ്ഥയില്‍ സ്ഥിരത; മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍, പഠന റിപ്പോര്‍ട്ട്

കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നുവെന്ന് പഠനം
KERALA ECONOMY
KERALA ECONOMYMETA AI IMAGE
Updated on
2 min read

കൊച്ചി: കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നുവെന്ന് പഠനം. കേരളത്തിന്റെ ഉയര്‍ന്ന കടബാധ്യത പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.

കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നു എന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (CAG) പുതിയ കണക്ക് എന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ സ്ഥിരത കൈവരിക്കുന്നു. മഹാമാരിയുടെ ആഘാതം കടബാധ്യതകളുടെ കണക്കുകളെ താല്‍ക്കാലികമായി ഉയര്‍ത്തിക്കാട്ടിയെങ്കിലും സാമ്പത്തിക പുനരുജ്ജീവനവും അച്ചടക്കമുള്ള വായ്പയെടുക്കലും സുസ്ഥിരത കൈവരിക്കാന്‍ ആകുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്. ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവഴിക്കലില്‍ ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയും വരുത്താതെയാണ് കേരളം മുന്നോട്ടുപോകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്കിന്റെ 2022ലെ റിപ്പോര്‍ട്ട് കേരളത്തിന് ഒട്ടും അനുകൂലമായിരുന്നില്ല. ഏറ്റവും സാമ്പത്തികമായി സുസ്ഥിരമല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ ആര്‍ബിഐ ഉള്‍പ്പെടുത്തിയതെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പി എസ് രഞ്ജിത്ത് ചൂണ്ടിക്കാട്ടി. 'മഹാമാരിക്ക് മുമ്പ്, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി കേരളത്തിന്റെ കടം-മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (GSDP) അനുപാതം 27 ശതമാനത്തിനും 32 ശതമാനത്തിനും ഇടയിലായിരുന്നു. ഈ പരിധി സുസ്ഥിരമാണെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. 2018-19 ല്‍ ഈ അനുപാതം 30.65 ശതമാനമായിരുന്നു. കോവിഡ് പ്രതിസന്ധി ഈ സന്തുലിതാവസ്ഥയെ ബാധിച്ചു. 2020-21 ല്‍, കേരളത്തിന്റെ ജിഎസ്ഡിപി ഏകദേശം 9 ശതമാനം ചുരുങ്ങി. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലായിരുന്നു ഈ ഇടിവ്. ഇത് കടം-ജിഎസ്ഡിപി അനുപാതത്തെ 39.96 ശതമാനമായി ഉയര്‍ത്തി. ധനകാര്യ രംഗത്തെ കെടുകാര്യസ്ഥതയായി ഇതിനെ ആര്‍ബിഐ വിലയിരുത്തി. 2026-27 വരെ കേരളത്തിന്റെ കട അനുപാതം 35 ശതമാനത്തിന് മുകളില്‍ തുടരുമെന്ന് ആര്‍ബിഐ പ്രവചിച്ചു,'- പി എസ് രഞ്ജിത്ത് പറഞ്ഞു.

എന്നാല്‍ കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 2023-24ല്‍ കേരളത്തിന്റെ കടം അനുപാതം 34.2 ശതമാനമായി കുറഞ്ഞു. ഏറ്റവും പുതിയ ബജറ്റ് എസ്റ്റിമേറ്റ് 2025-26 ല്‍ ഇത് 33.8 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. ബജറ്റിന് പുറത്തുള്ള വായ്പകള്‍ പരിഗണിച്ചതിനുശേഷവും കടത്തില്‍ സ്ഥിരതയാര്‍ന്ന ഒരു ഇടിവിന്റെ സൂചനയാണ് നല്‍കിയത്. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബ് (44.5 ശതമാനം), ഹിമാചല്‍ പ്രദേശ് (40.5 ശതമാനം), പശ്ചിമ ബംഗാള്‍ (38 ശതമാനം) എന്നിങ്ങനെയാണ് കട അനുപാതം. കടം കുറയുന്നതിന്റെ വേഗത്തിന്റെ കാര്യത്തില്‍ കേരളം ഇപ്പോള്‍ മികച്ച പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണെന്നും പി എസ് രഞ്ജിത്ത് വ്യക്തമാക്കി.

കോവിഡ് മഹാമാരിക്ക് മുമ്പുള്ള കടം/ജിഎസ്ഡിപി അനുപാതവും നിലവിലെ നിലവാരവും തമ്മിലുള്ള അന്തരം വെറും 3.15 ശതമാനം പോയിന്റായി കുറഞ്ഞു. സാമ്പത്തിക വളര്‍ച്ച തുടരുകയും സാമ്പത്തിക അച്ചടക്കം പാലിക്കുകയും ചെയ്താല്‍, 2030-31 ഓടെ കേരളത്തിന് 27.8 ശതമാനം എന്ന സുസ്ഥിര പരിധിയിലെത്താന്‍ കഴിയുമെന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ മുന്‍ പ്രവചനങ്ങള്‍ ഈ മാറ്റങ്ങളെ സ്ഥിരീകരിക്കുന്നതായും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് കട പ്രതിസന്ധി കേരളത്തെ കാത്തിരിക്കുന്നുവെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജാഗ്രതയോടെയുള്ള വീണ്ടെടുക്കലിന്റെ കഥയായി ഇത് മാറിയിരിക്കുകയാണ്. കേരളം ഈ പാതയില്‍ തുടര്‍ന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃക നല്‍കാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള സമ്പദ്വ്യവസ്ഥയില്‍ പോലും സാമ്പത്തിക ഏകീകരണവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് നിലനില്‍ക്കുമെന്ന് ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രണ്ട് ഘടകങ്ങള്‍ ഈ പാതയെ സ്വാധീനിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അധിക വരുമാന സമാഹരണത്തെ പരിമിതപ്പെടുത്തുന്ന കേന്ദ്ര നിയന്ത്രണങ്ങളും ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും വെല്ലുവിളി സൃഷ്ടിച്ചേക്കാം. സിഎജി റിപ്പോര്‍ട്ട് അനുസരിച്ച്, കടത്തിന്റെ കാര്യത്തില്‍ കേരളം കാര്യമായ അപകടകരമായ അവസ്ഥയിലല്ലെന്ന് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (MIDS) ഡയറക്ടര്‍ എം സുരേഷ് ബാബു പറഞ്ഞു.'റവന്യൂ കമ്മി നേരിടുന്നുണ്ടെങ്കിലും, ഈ വെല്ലുവിളികളെ നേരിടുന്നതില്‍ കേരളം പുരോഗതി കൈവരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു'- സുരേഷ് ബാബു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

KERALA ECONOMY
എസ്‌ഐപിയാണോ സുകന്യ സമൃദ്ധി യോജനയാണോ മെച്ചം?, കണക്ക് പറയുന്നത്

'കടം വാങ്ങുന്നത് അല്ല യഥാര്‍ഥ പ്രശ്നം. സംസ്ഥാനങ്ങള്‍ പണം എങ്ങനെ വിനിയോഗിക്കുന്നു?, അവര്‍ക്ക് അത് തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനം. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, മൂന്നിരട്ടിയായി വര്‍ദ്ധിച്ച കടത്തിന്റെ ഒരു കൊടുമുടിയിലാണ് ഇരിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. കടം തിരിച്ചടവ് അടക്കം വര്‍ധിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് ആവശ്യമായ മൂലധന ചെലവുകള്‍ക്കുള്ള സാമ്പത്തിക ഇടം ചുരുങ്ങുമെന്നും സുരേഷ് ബാബു ഓര്‍മ്മിപ്പിച്ചു.

KERALA ECONOMY
പ്രതിമാസം 10,000 രൂപ വീതം, 55 ലക്ഷം രൂപ സമ്പാദിക്കാം; പെണ്‍കുട്ടിയുടെ ഭാവിക്കായി ഒരു സ്‌കീം
Summary

New GIFT study frees Kerala from grip of ‘debt-trap’ narrative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com