കൊച്ചി; വൈറ്റിലയിൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നാളെ മുതൽ നിലവിൽ വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. വൈറ്റില മേൽപ്പാലം തുറന്നുകൊടിത്തിട്ടും ഗതാഗത കുരുക്കിന് പരിഹാരമാകാതെ വന്നതോടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍നിന്ന് ജംഗ്ഷൻ കടന്നുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
പാലാരിവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ജംഗ്ഷൻ കടക്കാനുള്ള പ്രതിസന്ധിയാണ് പ്രധാന പ്രശ്നമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പാലാരിവട്ടം ഭാഗത്തുനിന്ന് കടവന്ത്ര, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈറ്റില മേൽപ്പാലം കയറി ഡിക്കാത്ലണിനു മുൻപിലുള്ള യൂടേൺ എടുത്ത് കടവന്ത്ര ഭാഗത്തേക്ക് പോകണം. ഈ വാഹനങ്ങളെ പാലത്തിന് അടിയിലൂടെ കടത്തിവിടില്ല. ഇങ്ങനെ സഞ്ചരിക്കുമ്പോൾ വൈറ്റിലയിൽ നഷ്ടപ്പെടുന്ന 12 മിനിറ്റിനു പകരം മൂന്നു മിനിറ്റുകൊണ്ട് എസ്എ റോഡിൽ എത്താം. വാഹനങ്ങളുടെ യൂടേൺ സുഗമമാക്കാൻ ഡിക്കാത് ലണിന് സമീപം ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ വലതു വശത്തെ ട്രാക്കിലൂടെ വരുമെന്നതിനാൽ പാലം ഇറങ്ങുന്ന മറ്റു വാഹനങ്ങളെ യൂടേൺ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ.
പൊന്നരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സഹോദരൻ അയ്യപ്പൻ റോഡുവഴിയും തൃപ്പൂണിത്തുറ റോഡുവഴിയും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാവുന്നതാണ്. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തിവിടില്ല.
പൊന്നുരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് സുഭാഷ് ചന്ദ്രബോസ് റോഡ് ഉപയോഗിക്കാം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല.
കണിയാമ്പുഴ റോഡിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾ വൈറ്റില മൊബിലിറ്റി ഹബ്ബ് റോഡ് വഴിയോ മെട്രോ സ്റ്റേഷൻ റോഡ് വഴിയോ പോകണം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല. കണിയാമ്പുഴയിൽ നിന്ന് മറ്റു ദിശകളിലേക്കുള്ള വാഹനങ്ങൾക്ക് ജാംഗ്ഷനിലൂടെ പോകാം.
ഒരാഴ്ച പരിഷ്കാരങ്ങൾ വിലയിരുത്തും
പുതിയ പരിഷ്കാരങ്ങൾ എറണാകുളം- തൃപ്പൂണിത്തുറ റൂട്ടിലെ വാഹനങ്ങൾ സിഗ്നൽ കാത്തു കിടക്കുന്ന പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ചക്കാലം നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വിലയിരുത്തിയ ശേഷം വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഫ്രാൻസിസ് ഷെൽബി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates