നഗരവികസനത്തില്‍ പുതിയ പ്രവണതകള്‍ സ്വീകരിക്കണം; സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച ധാരണകള്‍ മെച്ചപ്പെടുത്തണം: മുഖ്യമന്ത്രി

ആസൂത്രിതമായ നഗരവികസനം യഥാര്‍ഥ്യമാക്കണമെങ്കില്‍ ആ രംഗത്തെ പുതിയ പ്രവണതകള്‍ സ്വീകരിച്ച് ഭാവിയിലെ നമ്മുടെ നഗരങ്ങള്‍ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

കൊച്ചി: ആസൂത്രിതമായ നഗരവികസനം യഥാര്‍ഥ്യമാക്കണമെങ്കില്‍ ആ രംഗത്തെ പുതിയ പ്രവണതകള്‍ സ്വീകരിച്ച് ഭാവിയിലെ നമ്മുടെ നഗരങ്ങള്‍ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോള്‍ഗാട്ടി പാലസില്‍ ജിസിഡിഎയും അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റീസും (എഎംഡിഎ) സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ നഗരവികസന കോണ്‍ക്ലേവ് 'ബോധി 2022' ഓണ്‍ലൈവനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഗരവികസനത്തില്‍ കേരളത്തിന്റെ നവോത്ഥാനത്തിനും പുനര്‍നിര്‍മാണത്തിനും അടിത്തറ പാകുവാന്‍, രാജ്യത്തിനകത്ത് വിവിധ ഇടങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ പ്രഭാഷകര്‍ തങ്ങളുടെ അനുഭവങ്ങള്‍ കോണ്‍ക്ലേവില്‍ പങ്കുവയ്ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരത, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ വിവിധ മേഖലകളില്‍ കേരളം ഒന്നാം സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. അതേസമയം നഗരാസൂത്രണത്തിലും കാര്യക്ഷമമായ രീതികളും സാങ്കേതികവിദ്യകളും നടപ്പിലാക്കാനായാല്‍ നമുക്ക് കൂടുതല്‍ മെച്ചമായി പ്രവര്‍ത്തിക്കാനാകും. സേവനങ്ങള്‍, വാണിജ്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വികസനത്തോടെ കൊച്ചി ഒരു ആഗോളനഗരമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഈ കോണ്‍ക്ലേവ് നടത്തുന്നതിന് കൊച്ചി അനുയോജ്യമായ സ്ഥലമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ കോണ്‍ക്ലേവ് കൊച്ചിക്ക് മാത്രമല്ല, സംസ്ഥാനത്തിനാകെ പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നഗരാസൂത്രണത്തിലെ വികസനപ്രക്രിയകളായ ലാന്‍ഡ് പൂളിംഗ്, ടിഡിആര്‍ എന്നിവയിലൂടെ ബൃഹദ് പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിനു മേല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ കുറവുണ്ടാകുമെന്നും നടപടിക്രമങ്ങള്‍ ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആക്ട് 2016 ല്‍ ഇതിനുള്ള വ്യവസ്ഥകളുണ്ട്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിയമങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും രൂപീകരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നഗരമേഖലയിലെ വികസനത്തിനായി സജീവമായി നിക്ഷേപങ്ങള്‍ ക്ഷണിക്കുകയാണ്. നിരവധി പിപിപി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) പദ്ധതികള്‍ സംസ്ഥാനത്ത് നടന്നു വരികയും ഇനിയും അനേകം വരാനിരിക്കുകയുമാണ്. അതിനാല്‍ പിപിപി പദ്ധതികളേയും നഗര വികസനത്തിനാവശ്യമായ സാമ്പത്തിക പ്രക്രിയകളേയും സംബന്ധിച്ചുള്ള നമ്മുടെ ധാരണകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നഗരഭരണം സംബന്ധിച്ച ധാരണകള്‍ തിരുത്തണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. പുതിയ ആശയങ്ങള്‍ പരിഗണിക്കണം. സ്മാര്‍ട് സിറ്റികള്‍, ഡിജിറ്റല്‍ സിറ്റികള്‍ തുടങ്ങിയ ആശയങ്ങളിലൂടെ മാത്രം നഗരാസൂത്രണത്തിലെ വെല്ലുവിളികളിലെ നേരിടാനാവില്ലെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. നഗരാസൂത്രണം മുകളില്‍ നിന്നു മാത്രം വരാതെ അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് താഴേത്തട്ടില്‍ നിന്നു കൂടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗരവല്‍ക്കരണത്തിന്റെ ഭാഗമായ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സാങ്കേതികവിദ്യകളിലൂടെ എങ്ങനെയാണ് പരിഹരിക്കപ്പെടുകയെന്നത് അതീവ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കണ്‍സ്യൂമറിസം കേരളത്തില്‍ വര്‍ധിച്ചു വരുന്നു. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍, പരിസര മലിനീകരണം, തൊഴിലില്ലായ്മ, വ്യക്തിവല്‍ക്കരണം, ജീവിതശൈലീരോഗങ്ങള്‍, പരിസ്ഥിതിനാശം എന്നിവയും സംഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com