

കൊച്ചി: ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച എംടി ഹീറോയിക് ഇഡു എന്ന എണ്ണ കപ്പൽ മോചിപ്പിച്ചു. കപ്പലിൽ മൂന്ന് മലയാളികളടക്കം 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് ജീവനക്കാരുടെ പാസ്‌പോർട്ട് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി സ്വദേശികളായ ചീഫ് ഓഫിസർ ക്യാപ്റ്റൻ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി വിജിത് എന്നിവരാണു കപ്പലിലുള്ള മലയാളികൾ. ജീവനക്കാർ കുറ്റക്കാരല്ലെന്നു നൈജീരിയൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞു വെച്ച കപ്പൽ നവംബറിലാണ് നൈജീരിയയ്ക്കു കൈമാറിയത്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് കപ്പലിന്റെ മോചനം. കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി കപ്പൽ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പുയർന്നിരുന്നു.
ഓഗസ്റ്റ് എട്ടിന് നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയ ഹീറോയിക് ഇഡുൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് ഇരയാകുകയായിരുന്നു. ക്രൂഡ് ഓയിൽ നിറയ്ക്കാനുള്ള സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ സോൺ വിട്ടു പുറത്തുപോകാൻ നിർദേശം ലഭിച്ച കപ്പലിനെ രാത്രി അജ്ഞാത കപ്പൽ സമീപിച്ചു. നൈജീരിയൻ നാവിക സേനയാണെന്നും കപ്പൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ തിരിച്ചറിയുന്നതിന് ആവശ്യമായ ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് പ്രവർത്തിപ്പിക്കാതെയാണു കപ്പൽ എത്തിയത് എന്നതിനാൽ കടൽക്കൊള്ളക്കാരാണെന്നു ഭയന്നു ഹീറോയിക് ഇഡുൻ ജീവനക്കാർ കപ്പലുമായി അവിടെ നിന്നു നീങ്ങുകയും അപായ മുന്നറിയിപ്പു നൽകുകയും ചെയ്തു. നൈജീരിയൻ കപ്പൽ പിന്തുടർന്നെങ്കിലും പിൻവാങ്ങി. തുടർന്ന് ഓഗസ്റ്റ് 14ന് ഗിനി നാവികസേന ഹീറോയിക് ഇഡുൻ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീട് കപ്പൽ നൈജീരിയയ്‌ക്ക് കൈമാറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates