

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും കെ എ പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടു.
ആക്ഷൻ കൗൺസിൽ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിനെയും പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നും പോൾ ആവശ്യപ്പെടുന്നു. സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും ഞങ്ങള്‍ പണം നല്‍കിയെന്ന് പറയുന്നു. ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും പറയുന്നു. എന്നാല്‍ അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. അവരുമായി തനിക്ക് ഒരു ബന്ധവുമില്ല, അവരില്‍ നിന്ന് ഒരു ഡോളര്‍ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ കെ എ പോള്‍ അറിയിച്ചു.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു.
തുടർന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ കെ എ പോൾ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates