തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലെത്തിയ തൻ്റെ പ്രിയപ്പെട്ട “സതീശൻ അങ്കിളിനെ” പൂച്ചെണ്ടുമായി കാണാനെത്തിയ ഒൻപതുകാരി വിനോദിനിയുടെ മുഖത്തെ സന്തോഷം സെൻട്രൽ സ്റ്റേഡിയത്തിലെ തിരക്കിനിടയിലും വേറിട്ടു നിന്നു. ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെടുകയും പിന്നീട് കൃത്രിമക്കൈ ഘടിപ്പിച്ച് ജീവിതത്തിലേക്ക് അതിശക്തമായി തിരികെ നടന്നെത്തുകയും ചെയ്ത പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് ഇന്നലത്തെ ദിവസം ഒരു വലിയ ആഘോഷമായിരുന്നു. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശനെ നേരിൽ കണ്ട് പൂച്ചെണ്ട് നൽകാനും, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാനും കഴിഞ്ഞ വലിയ ആഹ്ലാദത്തിലാണ് ഈ കുരുന്ന്.
അമ്മ പ്രസീതയ്ക്കൊപ്പമാണ് വിനോദിനി രാവിലെ തന്നെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ നഗരിയിൽ എത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ആശുപത്രികളും കഠിനമായ ചികിത്സകളും മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ലോകം. കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് കൈ ഒടിഞ്ഞ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അവിടെയുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്നാണ് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്. ഈ സംഭവം അക്കാലത്ത് സംസ്ഥാനത്ത് വലിയ വിവാദമാവുകയും മനുഷ്യത്വരഹിതമായ നടപടിക്കെതിരെ കനത്ത ജനരോഷം ഉയരുകയും ചെയ്തിരുന്നു.
പ്രതിസന്ധിയിൽ കൈത്താങ്ങായ 'സതീശൻ അങ്കിൾ'
വിനോദിനിയുടെ കൈ നഷ്ടപ്പെട്ട വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞയുടൻ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നേരിട്ട് കുടുംബത്തെ ബന്ധപ്പെടുകയും വിനോദിനിക്ക് കൃത്രിമക്കൈ ഒരുക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. തുടർന്ന് കൊച്ചിയിലെ വിദഗ്ധ ചികിത്സയും വിദേശത്തുനിന്നുള്ള അത്യാധുനിക കൃത്രിമക്കൈയും ഉൾപ്പെടെയുള്ള മുഴുവൻ ചികിത്സാ ചെലവുകളും അദ്ദേഹം വ്യക്തിപരമായി ഏറ്റെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനോദിനിക്ക് പുതിയ കൃത്രിമക്കൈ വിജയകരമായി ഘടിപ്പിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾ വളരെ മനോഹരമായിരുന്നുവെന്നും വിഐപി പവലിയനിലിരുന്ന എല്ലാവരും തന്റെ അടുത്ത് വന്ന് സംസാരിച്ചുവെന്നും വിനോദിനി ഓർമ്മിക്കുന്നു. എന്നാൽ വിനോദിനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ നിമിഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. രാഹുൽ അങ്കിൾ തന്റെ പുതിയ കൃത്രിമക്കൈയെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞുവെന്ന് വിനോദിനി പറയുന്നു. ഈ കൈ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, സതീശൻ അങ്കിളാണ് ഇത് വെച്ചുതന്നതെന്ന് താൻ മറുപടി നൽകി. തുടർന്ന് തന്നെ ചേർത്തുപിടിച്ച രാഹുൽ ഗാന്ധി, കാണാൻ നല്ല ചന്തമുണ്ടല്ലോ (Girl, you look so cute) എന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചതായും വിനോദിനി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
തിരക്കിനിടയിലെ സ്നേഹനിമിഷങ്ങൾ
പുതിയ കൃത്രിമക്കൈ ഉപയോഗിച്ച് ഇപ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന് വിനോദിനിയുടെ അമ്മയോടും രാഹുൽ ഗാന്ധി പ്രത്യേകം ചോദിച്ചറിഞ്ഞു. ഇപ്പോൾ സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യാൻ പറ്റുന്നുണ്ടെന്നും, കൈ കുറച്ചുകൂടി നല്ല രീതിയിൽ ഉപയോഗിക്കാൻ വിനോദിനി പരിശീലിച്ചു വരികയാണെന്നും അമ്മ അദ്ദേഹത്തോട് വ്യക്തമാക്കി. മുഖ്യമന്ത്രിയായ വിഡി സതീശനെ കണ്ടതും വിനോദിനിക്ക് വലിയ സന്തോഷമായി. സതീശൻ അങ്കിളിനെ കണ്ടപ്പോൾ ഒരു ഉമ്മ കൊടുക്കണം എന്നുണ്ടായിരുന്നുവെന്നും എന്നാൽ വലിയ തിരക്കായതുകൊണ്ട് അതിന് സാധിച്ചില്ലെന്നും അവൾ പറഞ്ഞു. ചടങ്ങിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ദൂരെ നിന്ന് കണ്ടെങ്കിലും ജനത്തിരക്ക് കാരണം നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും വിനോദിനി പറയുന്നു.
വിനോദിനിയുടെ കുടുംബത്തിന് ഇന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരുകയാണ്. ദിവസവേതനക്കാരായ മാതാപിതാക്കൾ ഇപ്പോഴും വാടകവീട്ടിലാണ് താമസം. എങ്കിലും മകൾക്ക് കൃത്രിമക്കൈ ലഭിച്ചതിന് ശേഷം ജീവിതം വലിയ രീതിയിൽ മാറിയെന്ന് ഈ കുടുംബം ഒരേസ്വരത്തിൽ പറയുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വിനോദിനി സ്കൂളിലേക്ക് മടങ്ങിപ്പോയിരുന്നു. അന്ന് സ്കൂളിലെ സഹപാഠികളും അധ്യാപകരും പൂക്കളുമായി സ്വീകരിച്ച ആ ദിനം പോലെ തന്നെയായിരുന്നു ഇന്നലെയും അവൾക്ക് അനുഭവപ്പെട്ടത്. തങ്ങളുടെ സതീശൻ അങ്കിൾ മുഖ്യമന്ത്രിയായാൽ നേരിട്ട് തിരുവനന്തപുരത്ത് വന്ന് കാണാമെന്ന് പറഞ്ഞിരുന്നുവെന്നും, ആ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും അമ്മ പ്രസീത വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates