നിപ കേരളത്തിൽ അഞ്ചാം തവണ; മുന്‍ കരുതലുകള്‍, രോഗലക്ഷണങ്ങള്‍ അറിയേണ്ടതെല്ലാം

നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്
NIPA VIRUS
നിപ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ് ഫയല്‍

‌അതീവ​ഗുരുതരമായ വൈറസ് ബാധയാണ് നിപ. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ, രോ​ഗബാധ നേരിടാനുള്ള കർശന നടപടികളുമായി ആരോ​ഗ്യവകുപ്പ് രം​ഗത്ത്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിങും ആരംഭിച്ചു.

1. കേരളത്തിൽ അഞ്ചാം തവണ

 അഞ്ചാം തവണയാണ് കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്
അഞ്ചാം തവണയാണ് കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്ഫയല്‍

ആരോ​ഗ്യമേഖലയെ മുൾമുനയിൽ നിർത്തി അഞ്ചാം തവണയാണ് കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 20 പേരാണ് നിപ ബാധിച്ചു മരിച്ചത്. രോ​ഗിയെ പരിചരിക്കുന്നതിനിയെ രോ​ഗം ബാധിച്ച് സിസ്റ്റർ ലിനി മരിച്ചത് മറക്കാനാവാത്ത നോവായി മാറി.

2. നിപ വൈറസ്

diagnosed with Nipah virus
പ്രതീകാത്മക ചിത്രംഫയല്‍

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇത് ആര്‍എന്‍എ വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. രോ​ഗബാധിതരെ പരിചരിക്കുന്നവർക്കും രോ​ഗം ബാധിക്കാൻ സാധ്യതയേറെയാണ്.

3. രോ​ഗലക്ഷണങ്ങൾ

നിപ ഐസൊലേഷൻ വാർഡ്
നിപ ഐസൊലേഷൻ വാർഡ് ഫയല്‍

പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകരാൻ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിക്കും. രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാമെന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

4. ഇന്‍കുബേഷന്‍ പിരീഡ്

nipah
നിപ ഐസൊലേഷൻ വാർഡ്ടിവി ദൃശ്യം

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ എടുത്തേക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.

5. രോ​ഗം സ്ഥിരീകരിക്കുന്നത്

നിപ വൈറസ് ടെസ്റ്റ്
നിപ വൈറസ് ടെസ്റ്റ് ഫയൽ

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍ ടി പി സി ആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

6. പ്രതിരോധം പ്രധാനം

നിപ പ്രതിരോധമാണ് പ്രധാനം
നിപ പ്രതിരോധമാണ് പ്രധാനം വവ്വാലുകള്‍- ഫയല്‍

രോഗബാധയുള്ള വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീർ എന്നിവ മനുഷ്യ ശരീരത്തിലെത്തിയാൽ രോഗത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. നിപ വൈറസിനെ പ്രതിരോധിക്കാൻ കൃത്യമായ മരുന്നില്ല. കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പോംവഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com