

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര സ്വദേശിനിയായ 38 കാരിക്ക് പുറമെ, മലപ്പുറത്തും ഒരാള്‍ക്ക് നിപ ബാധ സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസം മരിച്ച 18 കാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമ പഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ച് ജില്ലാഭരണ കൂടം ഉത്തരവിറക്കി. മക്കരപറമ്പ് - ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടി-11, 15 വാർഡുകൾ, മങ്കട - 14-ാം വാർഡ്, കുറുവ - 2, 3, 5, 6 വാർഡുകൾ ആണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്.
നിപ രോഗ ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലുമായി 345 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നത്. മലപ്പുറം ജില്ലയില്‍ 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്‍ തന്നെ പുറത്തിറക്കണം എന്നും ഉന്നത തലയോഗം നിര്‍ദേശിച്ചു.
നിപ സംശയിച്ച പാലക്കാട് മലപ്പുറം സ്വദേശികളുടെ സാംപിളുകള്‍ മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉന്നതലയോഗം നിര്‍ദേശിച്ചു.
രോഗ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Nipah virus resurfaces in Kerala update
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates