

തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജിജു. ഇത് സംബന്ധിച്ച് ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ വിദേശ ഫണ്ടിങ് തടയാനും നിയമത്തിലെ പിഴവുകള്‍ പരിഹരിക്കാനും വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ പൊതുവായ നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ മിഷണറിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അതിനാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും പുരോഹിതന്മാരില്‍ നിന്നും എഫ്സിആര്‍എ ഭേദഗതിക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വരുന്നത് തടയാന്‍ വേണ്ടി മാത്രമാണ് നിയമ ഭേദഗതി വരുത്തുന്നതെന്ന റിജിജു പറഞ്ഞു. 'കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് കേരളത്തില്‍ നുണ പ്രചരിപ്പിക്കുകയും പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ വിഷമമുണ്ട്. നിരപരാധികളായ വ്യക്തികളെയോ നിയമപരമായ സംഘടനകളെയോ തെറ്റായ രീതിയില്‍ ലക്ഷ്യം വെക്കില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും റിജിജു പറഞ്ഞു.
ഇന്ത്യയിലേക്ക് എത്തുന്ന വിദേശ ഫണ്ടുകള്‍ ജനക്ഷേമത്തിനായി ഉപയോഗിക്കണം. എന്നാല്‍ ആ ഫണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കളെ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി വഴിതിരിച്ചുവിടാനും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്സിആര്‍എ ബില്ല് കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ക്രൈസ്തവ സഹോദരങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് തീവ്രവാദ ബന്ധമുള്ളവര്‍ക്കും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമേ ഈ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലുടനീളം എന്‍ഡിഎക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ പരിഭ്രാന്തരായിരിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇതിന് തടയിടാന്‍ ജനങ്ങളില്‍ ഭീതി നിറച്ചും നുണകള്‍ പ്രചരിപ്പിച്ചും പഴയ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റുകയാണ് ഇരു പാര്‍ട്ടികളും. ഈ കപടരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും റിജിജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates