

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസല്‍ നേരത്തെയും ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ മദ്യനയ രൂപീകരണ സമയത്തും ഈ പ്രപ്പോസല്‍ ബെവ്‌കോയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം അതു പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പല പ്രപ്പോസലുകളും ബെവ്‌കോയുടെ ഭാഗത്തു നിന്നും മറ്റും വരാറുണ്ട്. നയരൂപീകരണസമയത്ത് ഒട്ടേറെ കാര്യങ്ങള്‍ നിര്‍ദേശങ്ങളായി വരും. അതെല്ലാം ചര്‍ച്ച ചെയ്താണ് നയം രൂപീകരിക്കുന്നത്. ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന് അകത്തു നിന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. വീര്യം കുറഞ്ഞ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട്, നികുതി ഘടന നിശ്ചയിച്ച് കിട്ടേണ്ടതുണ്ട്. അത് ധനവകുപ്പിന്റെ പരിഗണനയിലാണ്. നികുതി ഘടനയില്‍ തീരുമാനമായിക്കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാവുന്നതാണ്. മന്ത്രി പറഞ്ഞു.
കേരളത്തില്‍ പൊതുവെ യാഥാസ്ഥിതിക സമീപനമാണ് പൊതുവെ എല്ലാക്കാലത്തും പുലര്‍ത്തിക്കാണുന്നതെന്ന് ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. മറ്റു പല കാര്യങ്ങളിലുമുള്ളതുപോലുള്ള യാഥാസ്ഥിതികത്വമോ, ഇരട്ടത്താപ്പോ ഇക്കാര്യങ്ങളില്‍ പലരും പുലര്‍ത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇതൊക്കെ നടപ്പാക്കാന്‍ നേതൃത്വം കൊടുക്കുന്നവര്‍ തന്നെ ഇവിടെ നടപ്പാക്കിയാല്‍ അനുകൂലിക്കാറില്ല. ഇത്തരം കാര്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനം, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്ന സമീപനം സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
വരുമാന വര്‍ധനവിന് ആവശ്യമായിട്ടുള്ള നടപടികള്‍ സര്‍ക്കാരിന് തീര്‍ച്ചയായിട്ടും ആലോചിക്കേണ്ടി വരും. കഴിഞ്ഞ നാലു വര്‍ഷമായി കേരളം മദ്യത്തിന് വില വര്‍ധിപ്പിച്ചിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും ഇതിനിടെ പല തവണ വില വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നാലു വര്‍ഷമായി കേരളത്തില്‍ വില വര്‍ധിപ്പിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഈയിടെയാണ് കര്‍ണാടക മദ്യത്തിന് വലിയ തോതില്‍ വില വര്‍ധന നടപ്പാക്കിയിട്ടുള്ളത് എന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷൻ സർക്കാരിന് ശുപാര്‍ശ നൽകിയിട്ടുള്ളത്. 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബെവ്‌കോ. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്‌കോ അറിയിച്ചു. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
