

ആലപ്പുഴ: കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയ്‌ക്കെതിരെ ആര്‍ടിഒ നടപടിയെടുക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്കു നല്‍കാന്‍ കാറിന്റെ ഉടമയായ ഷാമിലിന് ലൈസന്‍സില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ മറ്റൊരാള്‍ പറഞ്ഞതു കൊണ്ടാണു കുട്ടികള്‍ക്കു കാര്‍ നല്‍കിയതെന്നും അല്ലാതെ വാടകയ്ക്ക് നല്‍കിയതല്ലെന്നുമുള്ള വാദം ഷാമില്‍ ആവര്‍ത്തിച്ചു.
അപകടസമയത്തു കാര്‍ ഓടിച്ചിരുന്ന ഗൗരീശങ്കര്‍ വാടക തുകയായ 1000 രൂപ ഷാമിലിന് ഗൂഗിള്‍ പേ ചെയ്തിരുന്നതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ലൈസന്‍സില്ലാതെയാണ് കാര്‍ വാടകയ്ക്കു നല്‍കിയതെന്ന നിഗമനത്തിലേക്കു മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നീക്കം.
കാര്‍ വാടകയ്ക്ക് നല്‍കിയതല്ലെന്ന വാദത്തില്‍ ഷാമില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭക്ഷണം കഴിക്കാനായി മുന്‍പ് കുട്ടികള്‍ക്ക് പണം കടം നല്‍കിയിരുന്നു. ഈ തുകയാണ് കുട്ടികള്‍ ഗൂഗിള്‍ പേ വഴി മടക്കി നല്‍കിയതെന്നാണ് ഷാമില്‍ പറയുന്നത്. താന്‍ വാടകയ്ക്കു വാഹനങ്ങള്‍ നല്‍കാറില്ലെന്നാണ് ഷാമിലിന്റെ വാദം. മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചതിനെ തുടർന്ന് വാഹനത്തിന്റെ രേഖകളുമായാണ് ഷാമിൽ ഹാജരായത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം സൗജന്യമായി വിട്ടുനൽകിയത് എന്ന മൊഴിയിലാണ് ഷാമിൽ ഉറച്ചു നിൽക്കുന്നത്.
ഡിസംബര്‍ 2ന് ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 6 പേര്‍ക്കും പരിക്കേറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates