

കണ്ണൂർ: വര്‍ഗീയതക്കെതിരായ നിലപാട് എല്ലാക്കാലത്തും എടുത്തിട്ടുള്ള വ്യക്തിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായിട്ടോ യുഡിഎഫിന് ഒരു തര്‍ക്കവുമില്ല. ഞങ്ങള്‍ അവരുമായി സംഘടനാപരമായും നല്ല ബന്ധത്തിലാണ്. ഒരു വിഷയത്തില്‍ അവര്‍ അഭിപ്രായം പറഞ്ഞതിന് വഴക്കിടേണ്ട കാര്യമില്ല. ആരുമായും ഒരു തെറ്റിദ്ധാരണയുമില്ല. എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തം തുടരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഞങ്ങള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. അയ്യപ്പസംഗമത്തില്‍ എന്‍എസ്എസിനും മറ്റും ഇപ്പോള്‍ എല്ലാം ബോധ്യമായിക്കാണുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് എന്തു തീരുമാനവുമെടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. അതില്‍ ഞങ്ങള്‍ക്ക് പരാതിയൊന്നുമില്ല. യുഡിഎഫ് എടുത്തത് രാഷ്ട്രീയ തീരുമാനമാണ്. അയ്യപ്പ സംഗമത്തിന് മുന്നോടിയായി യുഡിഎഫ് സര്‍ക്കാരിനോട് മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ശബരിമലയില്‍ ആചാരലംഘനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ, നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എടുത്ത കേസുകളെല്ലാം പിന്‍വലിക്കുമോ, തെരഞ്ഞെടുപ്പ് അടുത്ത 10-ാം വര്‍ഷത്തിലാണ് മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രംഗത്തുവന്ന കപട അയ്യപ്പഭക്തി പരിവേഷക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്ന രാഷ്ട്രീയദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഭക്തരെ കബളിപ്പിക്കുമ്പോള്‍, ആ പൊയ്മുഖം വലിച്ചുമാറ്റി സര്‍ക്കാരിന്റെ യഥാര്‍ത്ഥമുഖം ജനങ്ങളെ കാണിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. സംഘാടനത്തിന്റെ കുറവുകൊണ്ട് ആഗോള സംഗമം എട്ടുനിലയില്‍ പൊട്ടിപ്പോയി. പിണറായിയുടെ സാന്നിധ്യത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് കോള്‍മയിര്‍ കൊണ്ട ദേവസ്വം മന്ത്രിയെ കണ്ട് എത്ര ബിജെപിക്കാര്‍ കോരിത്തരിച്ചുകാണും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ സിപിഎം പ്രചാരണം എന്തായിരുന്നേനേ?. വിദ്വേഷപ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന ആളുകളെ ആനയിച്ചു കൊണ്ടുവന്ന് എന്തു സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.
കേരളത്തില്‍ ബിജെപിക്കും വര്‍ഗീയശക്തികള്‍ക്കും ഇടംനല്‍കിക്കൊണ്ടുള്ള ഇടപെടലാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് പിണറായി വിജയന് ചേര്‍ന്ന നല്ല കൂട്ടുകാരനാണ്. കേരളത്തിന്റെ മതേതര മനസ്സിന്റെ മുന്നില്‍ ഈ വര്‍ഗീയവാദത്തെ പൊളിച്ചുകാട്ടും. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് സിപിഎം പറയുമ്പോള്‍ തന്നെ, ലീഗിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പുറത്തുപോയ തീവ്രവാദ സ്വഭാവമുള്ള ഐഎന്‍എല്ലിനെ കൂടെ നിര്‍ത്തിയാണ് എംവി ഗോവിന്ദന്‍ ഇപ്പോള്‍ വര്‍ത്തമാനം പറയുന്നത്. തീവ്രനിലപാടുള്ള ഐഎന്‍എല്ലിനെ കക്ഷത്തില്‍ വെച്ചിട്ടാണ് ഗോവിന്ദന്‍ ഇപ്പോള്‍ യുഡിഎഫിനെ മതേതതരത്വം പഠിപ്പിക്കാന്‍ വരുന്നത്. അതിന് വേറെ ആളെ നോക്കിയാല്‍ മതിയെന്നും വിഡി സതീശന്‍ പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates