

കൊച്ചി: വിപുലമായ സൗകര്യങ്ങളുമായി 'യുടിഎസ് ഓണ്‍ മൊബൈല്‍' ടിക്കറ്റിങ് ആപ്പ് റെയില്‍വേ പരിഷ്‌കരിച്ചു. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസണ്‍ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേര്‍ന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിലെ വലിയ വരികള്‍ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ ആപ്പ് സഹായിയ്ക്കും.
തീവണ്ടിപ്പാതയില്‍ നിന്നും 20 മീറ്റര്‍ ദൂരത്തിനുള്ളില്‍ വന്നാല്‍ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സാധാരണക്കാരനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. സ്റ്റേഷനില്‍ എത്തിയശേഷം ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുവാന്‍ പറ്റിയിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് അവസാനമായി റെയില്‍വേ കൊണ്ടുവരുന്നത്. സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ആപ്പിലൂടെ സ്‌കാന്‍ ചെയ്താല്‍, പ്രസ്തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പുതന്നെ എടുക്കാന്‍ കഴിയും.
സ്റ്റേഷനില്‍ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള 'ക്യുആര്‍ ബുക്കിങ്' എന്ന ഓപ്ഷന്‍ ഉപയോഗിയ്ക്കണം. തുടര്‍ന്ന് യാത്ര ടിക്കറ്റാണോ പ്ലാറ്റ്‌ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. സ്റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. അപ്പോള്‍ ആ സ്റ്റേഷന്റെ പേര് കിട്ടും. തുടര്‍ന്ന് പഴയതുപോലെ ടിക്കറ്റ് എടുക്കാം.
ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്പര്‍ നല്‍കി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കുവാനും കഴിയും. ആപ്പ് ഉപയോഗിച്ച് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കാനാകില്ല. സീസണ്‍ ടിക്കറ്റ് എടുക്കുമ്പോള്‍ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദനീയമായിട്ടുള്ളത്. ഇത് പ്രത്യേകം ശ്രദ്ധിയ്ക്കണം.
യഥാര്‍ത്ഥ ടിക്കറ്റ് നിരക്ക് മാത്രം നല്‍കിയാല്‍ മതി, മറ്റ് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ലയെന്നതാണ് യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാവുന്നതാണ്. റെയില്‍ വാലറ്റില്‍ നിക്ഷേപിയ്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് നിലവില്‍ മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്.
റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍, ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന 'സെന്റ്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഏറെ പ്രയോജനകരമായ ഈ അപ്ലിക്കേഷന്‍ വികസിപ്പിയ്ക്കുകയും നിരന്തരം നവീകരിയ്ക്കുകയും ചെയ്യുന്നതാണ്.
ഈ വാർത്ത കൂടി വായിക്കൂ സൗജന്യ അരി പദ്ധതി മൂന്നു മാസത്തേക്ക് കൂടി നീട്ടി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates