

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ തട്ടിപ്പിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹത വര്‍ധിക്കുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി എന്ന നിലയില്‍ ശബരിമലയില്‍ ഒന്നിലധികം തവണ സ്വര്‍ണം പൂശല്‍ സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്ഥിരമായ വരുമാന സ്രോതസ്സില്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ശബരിമലയില്‍ പോറ്റി സ്‌പോണ്‍സര്‍ ചെയ്ത പ്രവൃത്തികളില്‍ വിശദമായ അന്വേഷണം വേണം എന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
വര്‍ഷങ്ങളായി ക്ഷേത്രത്തിന് വലിയ സംഭാവനകള്‍ നല്‍കി വന്നിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആദായ നികുതി രേഖകള്‍ പ്രകാരമാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവിട്ട പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി പോറ്റിയുടെ 2017-2025 കാലയളവിലെ ആദായനികുതി റിട്ടേണുകള്‍ വിജിലന്‍സ് പരിശോധിച്ചത്. ഇത് പ്രകാരം ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരമായ വരുമാനമൊന്നും വെളിപ്പെടുത്തിയിട്ടില്ല. 2025-26 ല്‍, കാമാക്ഷി എന്റര്‍പ്രൈസസില്‍ നിന്ന് 'സാമൂഹിക \ കമ്മ്യൂണിറ്റി സേവനം' എന്ന വിഭാഗത്തില്‍ 10.85 ലക്ഷം രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധിക്കുന്നുണ്ട്.
പോറ്റി സ്‌പോണ്‍സര്‍ ചെയ്‌തെന്ന് പറയപ്പെടുന്ന ശ്രീകോവില്‍ വാതിലിന്റെ അറ്റകുറ്റപ്പണിയും സ്വര്‍ണ്ണം പൂശലിനും പണം ചെലവഴിച്ചത് ബല്ലാരി ആസ്ഥാനമായുള്ള ബിസിനസുകാരനായ ഗോവര്‍ദ്ധനന്‍ ആണെന്നാണ് വിജിലൻസ് കണ്ടെത്തല്‍. പോറ്റിയുടെ പേരില്‍ അറിയപ്പെടുന്ന ശ്രീകോവില്‍ വാതില്‍ ചട്ടക്കൂടിന്റെ സ്വര്‍ണ്ണം പൂശലും ബെംഗളൂരു ആസ്ഥാനമായുള്ള മറ്റൊരു ബിസിനസുകാരനായ അജികുമാറാണ് സ്‌പോണ്‍സര്‍ ചെയ്തത് എന്നും വിജിലന്‍സ് റിപ്പോർട്ട് പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് പോറ്റി സംഭവനകള്‍ നല്‍കിയിരിക്കുന്നത്. ശബരിമലയിലെ പതിനെട്ടാം പടിയുടെ ഇരുവശത്തുമുള്ള വിവിധ പൂജകള്‍, അലങ്കാരപ്പണികള്‍ എന്നിവയ്ക്കും പോറ്റിയുടെ പേരില്‍ പണം നല്‍കിയിട്ടുണ്ട്. 2025 ജനുവരിയിലാണ് ഈ സംഭാവനകള്‍ നല്‍കിയിരിക്കുന്നത്. അന്നദാന മണ്ഡപത്തിലെ ലിഫ്റ്റിനായി 10 ലക്ഷം രൂപ, അന്നദാനത്തിന് 6 ലക്ഷം രൂപ എന്നിവയും പോറ്റി ക്ഷേത്രത്തിന് നല്‍കിയിട്ടുണ്ട്. 2017 ല്‍ 8.2 ലക്ഷം രൂപയും 17 ടണ്‍ അരിയും 30 ടണ്‍ പച്ചക്കറികളും ക്ഷേത്രത്തിന് സംഭാവന ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
