'ഞാന്‍ എല്ലാ കാലത്തും പാര്‍ട്ടി വളണ്ടിയര്‍; പാര്‍ട്ടിക്ക് അതീതനായി ഒരാളുമില്ല'

എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണ്. തിരുത്തേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും
Chief Minister Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ ടിപി സൂരജ് / എക്സ്പ്രസ്
Updated on
1 min read

കൊച്ചി: സിപിഎമ്മില്‍ പാര്‍ട്ടിക്ക് മുകളില്‍ വ്യക്തികള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളും പാര്‍ട്ടിക്ക് അതീതനായിട്ടില്ല. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണ്. തിരുത്തേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. പാര്‍ട്ടി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിച്ചു തന്നെ മുന്നോട്ടു പോകും. അതില്‍ ഒരു തടസ്സവും പ്രയാസവും സിപിഎമ്മിലില്ല എന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ മുഖ്യമന്ത്രി പറഞ്ഞു.

പിണറായിയാണ് പാര്‍ട്ടി, പാര്‍ട്ടിയാണ് പിണറായി എന്നത് പലരും ചാര്‍ത്തിത്തരുന്ന കൂട്ടത്തില്‍ ചാര്‍ത്തിത്തരുന്നത് മാത്രമാണ്. ഞാനെല്ലാ കാലത്തും പാര്‍ട്ടിയുടെ ഏകദേശം ഒരു വളണ്ടിയറെപ്പോലെയാണ്. പാര്‍ട്ടി എന്താണോ പറയുന്നത് അതനുസരിച്ച് നില്‍ക്കുകയെന്ന നിലപാടാണ് എപ്പോഴും സ്വീകരിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഭരണത്തില്‍ ഇരുന്നാലും പ്രതിപക്ഷത്തിരുന്നാലും പാര്‍ട്ടി പാര്‍ട്ടിയുടേതായ പ്രവര്‍ത്തനം കൃത്യമായി നടത്തിപ്പോരുന്ന നിലയാണുള്ളത്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ജനപക്ഷ ഇടപെടലുകള്‍ നടത്തിപ്പോരുന്നുണ്ട്. ജനങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍, സര്‍ക്കാര്‍ ഉണ്ടായാലും ജനങ്ങള്‍ക്കൊപ്പം നിന്ന് ആ പ്രശ്‌നം പരിഹരിക്കാനാണ് സാധാരണ നിലയില്‍ പാര്‍ട്ടി ശ്രമിക്കുക. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പാര്‍ട്ടി തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതാണ് പാര്‍ട്ടി നിലപാട്.

അതോടൊപ്പം തന്നെ പാര്‍ട്ടിയുമായി ജനങ്ങള്‍ക്ക് അകല്‍ച്ച ഉണ്ടാകുന്നില്ല എന്നതും നമുക്ക് കാണാനാകും. സര്‍ക്കാര്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ആഗ്രഹിക്കുന്ന കുറേ കാര്യങ്ങള്‍ നടന്നില്ലായെന്ന് വരും. റാങ്ക് ലിസ്റ്റ് പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണങ്ങളാണ്. റാങ്ക് ലിസ്റ്റില്‍ 400 ആളുകളുണ്ടെങ്കില്‍ 100 പേര്‍ക്കേ ഒഴിവുള്ളൂ. 300 പേര്‍ക്ക് തൊഴിലില്ലാത്തത് സര്‍ക്കാരു കാരണമാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ലിസ്റ്റിലുള്ള 400 പേര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സാധിക്കുമോ?. ഒഴിവുള്ള 100 പേര്‍ക്കല്ലേ ജോലി കൊടുക്കാന്‍ പറ്റുകയുള്ളൂ.

ശേഷിക്കുന്ന 300 ആളുകളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെയാക്കാനുള്ള ശ്രമം നടന്നേക്കാം. ആ 300 പേരില്‍ കേരളത്തിന്റെ സാമൂഹിക ഘടന വെച്ച് 100 ലധികം പേരെങ്കിലും ഞങ്ങളോടൊപ്പം നില്‍ക്കുന്നവരായിരിക്കും. അവരെ തെറ്റിദ്ധരിപ്പിച്ച്, താല്‍ക്കാലികമായി വിരോധ നിലപാടിലേക്ക് മാറ്റാന്‍ കഴിയുമല്ലോ. ഇതൊക്കെയാണ് ഭരണവിരുദ്ധ വികാരം എന്നു പറയുന്നത്. അത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നാട് ഇതൊക്കെ മനസ്സിലാക്കാന്‍ ത്രാണിയുള്ളവരാണ്. പ്രശ്‌നം വരുമ്പോള്‍ പ്രക്ഷോഭമൊക്കെ നടത്തും. എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് മനസ്സിലാക്കിക്കൊണ്ട് നിലപാട് സ്വീകരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com