

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടാതെ അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് മേധാവിയാകും നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശമുണ്ട്. ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ലഭിച്ചത് 1400 ഓളം പരാതികളാണ്. ഇടുക്കിയിലെ മറയൂരിലും കാന്തല്ലൂരിലും അഞ്ഞൂറിലേറെ സ്ത്രീകള്‍ പകുതി വില തട്ടിപ്പിനിരയായി. 160 പരാതികളാണ് മറയൂര്‍ സ്റ്റേഷനില്‍ ലഭിച്ചത്. തോട്ടം തൊഴിലാളികളും സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇടുക്കിയില്‍ 62 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തട്ടിപ്പിലൂടെ കിട്ടിയ കോടികളില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് വാരിക്കോരി സംഭാവന നല്‍കിയിരുന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. ഭൂമിയും വാഹനങ്ങളും വാങ്ങി. ആഡംബര ജീവിതം നയിച്ചും പണം ചെലവഴിച്ചു. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.
തെരഞ്ഞെടുപ്പ് ഫണ്ട് എന്ന നിലയിലാണ് പല രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സീഡ് സൊസൈറ്റികളില്‍ നിന്നുള്ള പണം അനന്തുവിന്റെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
പാതി വില പദ്ധതിയുടെ ആശയം സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാറിന്റേതാണെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആനന്ദ കുമാറിന്റെ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. ആനന്ദ് കുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മത മൊഴി ഉള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates