ഓരോ ഫയലിലും ഉള്ളത് തുടിക്കുന്ന ജീവിതം; ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം തീർത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഓരോ ഫയലിലുമുള്ളതു തുടിക്കുന്ന ജീവിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഫയലുകൾ മരിക്കണോ ജീവിക്കണോ എന്നു നിശ്ചയിക്കാൻ അധികാരമുള്ളവരാണു സർക്കാർ ജീവനക്കാർ. അസിസ്റ്റന്റ് തലത്തിൽനിന്നു മുകളിലേക്കെത്തുന്ന ജീവിതവുമായി ബന്ധപ്പെട്ട ഫയലുകൾ  ആദ്യ കുറിമാനംകൊണ്ടുതന്നെ ചിലപ്പോൾ മരിക്കാം. എന്നാൽ, മരിച്ചേക്കാവുന്ന ഫയലിനെ ഉദ്യോഗസ്ഥർക്കു ജീവിപ്പിക്കാനുമാകും. അങ്ങനെ ജീവിക്കുന്ന ഫയലുകൾക്കൊപ്പം നിലനിൽക്കുന്നതു കുറേ മനുഷ്യരുടെ ജീവിതംതന്നെയാണ്. ആ ജീവകാരുണ്യ മനോഭാവം ഫയലൽനോട്ട സമ്പ്രദായത്തിലുണ്ടാകണം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ, അവ നിലനിർത്തിക്കൊണ്ടുപോകാൻ എന്തു പഴുതുണ്ടെന്നു സൂക്ഷ്മമായും സാങ്കേതികമായും നോക്കുന്ന രീതിയായിരുന്നു ബ്രിട്ടിഷ് ഭരണകാലത്ത് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നത്. ആ മനോഭാവം ഇപ്പോഴും ഫയലുകളുടെ ചുവപ്പു ചരടുകളിൽ തങ്ങിനിൽക്കുന്നുണ്ട്. അതു പൂർണമായി മാറണം - മുഖ്യമന്ത്രി പറഞ്ഞു.

ഭരണസംസ്‌കാരത്തിനു വലിയതോതിൽ പുരോഗതി നേടാൻ കഴിഞ്ഞ ഏഴു വർഷത്തിനിടെ കഴിഞ്ഞിട്ടുണ്ട്. അങ്ങേയറ്റം ആത്മാർഥമായ നയങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചാണു സംസ്ഥാനം മുന്നോട്ടുപോകുന്നത്. ജനങ്ങളുടേയും നാടിന്റെയും താത്പര്യമാണു മന്ത്രിസഭയെ നയിക്കുന്നത്. തയാറാക്കുന്ന പദ്ധതികൾ വേഗത്തിൽ ഫലപ്രദമായി നടപ്പാക്കണമെന്നാണു സർക്കാരിന്റെ നിലപാട്. പദ്ധതികളുടെ സദ്ഫലം ജനജീവിതത്തിലും നാടിന്റെ മുഖഭാവത്തിലും പ്രകടമാകണം. ഇതിനു ഭരണനിർവഹണം അതിവേഗത്തിലാകണം. ഫയൽ നീക്ക സമ്പ്രദായത്തിനും മികച്ച വേഗം കൈവരിക്കാൻ കഴിയണം. ഒരു സർക്കാർ ഉത്തരവിലൂടെ വരുത്താവുന്നതല്ല ഈ വേഗം. ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റംവരുത്തി ഇതു യാഥാർഥ്യമാക്കണം.

സർക്കാർ നയപരമായി തീരുമാനിച്ചതും ബജറ്റിൽ ഉൾപ്പെടുത്തിയതുമായ പദ്ധതികളിൽ ചിലതു പൂർണമായി നടപ്പാകാതെയിരിക്കുന്നുണ്ട്. പദ്ധതി നിർവഹണം ഉദ്യോഗസ്ഥ തലത്തിൽനിന്നു പ്രായോഗിക തലത്തിലേക്കു നീങ്ങണമെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടയ്ക്കു യോഗം വിളിക്കണമെന്ന സ്ഥിതിയുണ്ട്. ഈ രീതി ഇല്ലാതാക്കണം. വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനത്തിന്റെ സംവിധാനങ്ങൾ നിലവിൽ ഇല്ലെന്നതും വലിയ പോരായ്മയാണ്. അതുണ്ടായാലേ ജനക്ഷേമ നടപടികൾ ഫലപ്രദമായി നടപ്പാക്കാനാകൂ. ജനങ്ങൾ ആഗ്രഹിക്കുന്ന സിവിൽ സർവീസ് നൽകുകയെന്നതാണു സർക്കാരിന്റെ ചുമതല. അത് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സർക്കാർ ഉദ്യോഗസ്ഥർക്കുണ്ട്. 

സർക്കാർ സർവീസിൽ പുതുതായെത്തുന്നവരെ നിശ്ചിത കാലംകൊണ്ടു സമർഥരായ ഉദ്യോഗസ്ഥരായി വാർത്തെടുക്കുന്ന സംസ്‌കാരം ഉയർന്ന ഉദ്യോസ്ഥരിൽ നേരത്തേയുണ്ടായിരുന്നു. ഈ രീതിക്കു കഴിഞ്ഞ കുറേ വർഷങ്ങളായി മാറ്റം വന്നിട്ടുണ്ട്. പുതിയവർ അവരുടെ ജോലി സ്വയം പഠിക്കട്ടെയെന്നൊരു മനോഭാവം ഉയർന്നിട്ടുണ്ട്. അവരെ പരിശീലിപ്പിക്കൽ തങ്ങളുടെ ജോലിയല്ലെന്ന സ്വാർഥ സംസ്‌കാരം ബലപ്പെട്ടുവരുന്നതിൽ ഉദ്യോഗസ്ഥർ ആത്മപരിശോധന നടത്തണം. ഫയൽ എഴുതുമ്പോൾ തെറ്റുപറ്റാം. ഒരു ഫയൽ ഈ വിധത്തിൽ പോയാൽ കുഴപ്പങ്ങളുണ്ടാകുമെന്നു ചൂണ്ടിക്കാട്ടാൻ ഏതു തട്ടിലുള്ളവർക്കും ധൈര്യമുണ്ടാകണം. അതിന് ഈഗോ വെടിഞ്ഞ് ഉൾക്കൊള്ളാനുള്ള മനസ് ഉയർന്നതട്ടിലുള്ളവർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com