

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. കേരളത്തില്‍ ഹോട്ടല്‍, കേറ്ററിങ് മേഖല പ്രതിസന്ധിയിലാണ്. പല ജില്ലകളിലും ഹോട്ടലുകളില്‍ പാചകവാതക സ്റ്റോക്ക് കുറച്ചുദിവസത്തേയ്ക്ക് മാത്രമേയുള്ളൂ. കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാര്‍ഹിക എല്‍പിജി, പൈപ്പിലൂടെയുള്ള പിഎന്‍ജി, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി എന്നിവയുടെ ഉല്‍പ്പാദനം കൂട്ടാന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. മറ്റു മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. എന്നാല്‍, ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിനും 25 ദിവസത്തെ ഇടവേളയുണ്ടാകും. ഗാര്‍ഹികേതര ആവശ്യങ്ങളില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മുന്‍ഗണന. ഹോട്ടലുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വിതരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയിലും ബിപിസിഎലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും എല്‍പിജി ബോട്ലിങ് പ്ലാന്റുകളില്‍ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നതു മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി എല്‍പിജി ബോട്ലിങ് പ്ലാന്റില്‍ വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഏകദേശം 14,700 വാണിജ്യ സിലിണ്ടറുകളുടെ കുറവാണ് വിപണിയില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിനു പുറമേ 5 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളിലും ഇപ്പോള്‍ ഗ്യാസ് നിറയ്ക്കുന്നില്ല. പാരിപ്പള്ളിയിലെ ഐഒസി ബോട്ടിലിങ് പ്ലാന്റില്‍ നിന്നു വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം 20 ശതമാനം കുറഞ്ഞു.
കൊമേഴ്സ്യല്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും കടുത്ത ആശങ്കയിലാണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഹോട്ടലുകള്‍ അടച്ചിടേണ്ടിവരികയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. നോണ്‍ വെജ് ഹോട്ടലുകള്‍ ബിരിയാണി മാത്രം എന്ന തീരുമാനത്തിലേക്കാണു നീങ്ങുന്നത്. മെനു തീര്‍ത്തും വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. പാചകവാതകത്തിനു പകരം ബദല്‍ മാര്‍ഗങ്ങള്‍ അത്ര എളുപ്പം ഒരുക്കാന്‍ കഴിയുന്ന നിലയല്ല. ഇന്‍ഡക്ഷന്‍ രീതിയില്‍ വലിയ തോതില്‍ പാചകം ചെയ്യാനുള്ള സംവിധാനമുണ്ടെന്ന വാഗ്ദാനവുമായി കമ്പനികള്‍ ഹോട്ടല്‍ ഉടമകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ അതിനു കൂടുതല്‍ മുതല്‍മുടക്ക് വേണ്ടിവരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates