

കൊച്ചി: കേരളത്തില്‍ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എല്ലാം എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കലൂരില്‍ എന്‍ഡിഎയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജയ് വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയും ഏറ്റുവിളിച്ചുമാണ് മോദി പ്രസംഗം തുടങ്ങിയത്. 'കേരളത്തിന് പുതിയ ഭാവി വേണം. കേരള ജനത ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവരികയാണ്.തൃശൂര്‍ ജനത, തിരുവനന്തപുരത്തെ ജനത, നിരവധി തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍മാര്‍ എന്‍ ഡി എയില്‍ വിശ്വാസമര്‍പ്പിച്ചതാണ് നാം കണ്ടത്, കേരളത്തിന് മഹത്തായ സംസ്‌കാരമുണ്ട്. വികസനം മാത്രമുണ്ടാകുന്നില്ല.എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നെ യുഡിഎഫ് സര്‍ക്കാര്‍ ഈ രണ്ടു ഗ്രൂപ്പുകള്‍ക്കിടയില്‍ കേരളം മടുത്തു. ഇവര്‍ രണ്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്തില്ല.മാറിമാറി ഭരിക്കുന്ന ഈ പാറ്റേണ്‍ തകര്‍ക്കണം. ഇടത് വലത് സഖ്യങ്ങള്‍ മാറി ഭരിക്കുന്ന പാറ്റേണ്‍ വികസനമുരടിപ്പിന് കാരണമാവുകയാണ്. കേരളത്തിന്റെ അതിവേഗ വികസനത്തിന് എന്‍ ഡി എ അധികാരത്തില്‍ വരണം. അടുത്ത 5 വര്‍ഷം എന്‍ഡിഎയ്ക്ക് ഭരണം നല്‍കണം. കേരളത്തില്‍ വികസനം വരും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. കേരളത്തില്‍ മാറാത്തത് ഇനി മാറും.'- അദ്ദേഹം പറഞ്ഞു
കേരളത്തിന്റെ അതിവേഗ വികസനത്തിന് ഈ രണ്ടു മുന്നണികളും മാറി മാറി അധികാരത്തില്‍ വരുന്ന സ്ഥിതി അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കണം. അടുത്ത 5 വര്‍ഷം എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാന്‍ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും, കേരളവും വളരുമെന്നും നരേന്ദ്രമോദി പറഞ്ഞു.
മാനസിക- ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. വിവാഹ പാര്‍ട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങള്‍ക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രധാനമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ നിര്‍മ്മാണത്തില്‍ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവിന് അറിയില്ല. ഡ്രോണ്‍ നിര്‍മ്മിക്കുന്ന നിരവധി കമ്പനികള്‍ ഭാരതത്തിലുണ്ടെന്ന് ഈ കോണ്‍ഗ്രസ് നേതാവിന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലര്‍ക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അയല്‍രാജ്യങ്ങളിലെ സര്‍ക്കാരുകളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവിടുത്തെ ഭരണകൂടങ്ങളോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനായി ഇന്ത്യന്‍ എംബസികളും മിഷനുകളും സദാസമയവും സജ്ജമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഭക്ഷണം, താമസം, വൈദ്യസഹായം, നിയമസഹായം എന്നിവ ആവശ്യമായി വരുന്നവര്‍ക്കായി 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ എംബസികള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇത്രയും വലിയൊരു ആഗോള പ്രതിസന്ധിയുടെ സമയത്തും കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ബോധപൂര്‍വം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രവാസികളുടെ സുരക്ഷയേക്കാള്‍ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും അത്യന്തം നിര്‍ഭാഗ്യകരമായ രീതിയിലാണ് അവര്‍ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തന്നെ വിമര്‍ശിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തുക എന്നതാണെന്ന് മോദി പറഞ്ഞു. പ്രവാസികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിച്ച്, അതുവഴി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 'റീലുകള്‍' ഉണ്ടാക്കി പ്രചാരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മോദിയെ അധിക്ഷേപിക്കാനുള്ള പ്രചാരണ തന്ത്രമാണിതെന്നും മോദി പറഞ്ഞു.
രാജ്യം ഒരു വലിയ ആഗോള പ്രതിസന്ധിയെ നേരിടുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒത്തൊരുമയോടെ നില്‍ക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ സ്ഥിതി വഷളാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates