കൊച്ചി: എറണാകുളത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്. ഹൈറിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റൈനില്‍ ആയിരുന്നില്ല. അതേസമയം കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതോടെ സ്വയം നിരീക്ഷണവ്യവസ്ഥ കര്‍ക്കശമാക്കുമെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ യജ്ഞം നടത്താനും ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശി ഹൈറിസ്‌ക് രാജ്യമല്ലാത്തതിനാല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിച്ചിരുന്നില്ല. 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ പോകരുതെന്നും ആരോഗ്യവകുപ്പ് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാളുകളിലുമടക്കം ഒമൈക്രോണ്‍ സ്ഥിരീകരിച്ച ആള്‍ പോയിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്കപട്ടിക വളരെ വിപുലമാണ്. ഇയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.
കേരളത്തില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശിയായ യുവതി (25), കോംഗോയില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദയംപേരൂര്‍ സ്വദേശി (34), ബ്രിട്ടനില്‍നിന്നു കൊച്ചിയിലെത്തി കഴിഞ്ഞ ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച ആളുടെ ഭാര്യ (36), ഭാര്യാമാതാവ് (55) എന്നിവര്‍ക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെത്തിയ യുവതി ജനറല്‍ ആശുപത്രിയിലാണിപ്പോള്‍. ബ്രിട്ടനില്‍നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ ആള്‍ക്കാണ് ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഭാര്യയും ഒരുമിച്ചാണ് വിദേശത്തുനിന്നെത്തിയത്. വിമാനത്താവളത്തിലെ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവായിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഭര്‍ത്താവ് കോവിഡ് പോസിറ്റീവായത്. പിന്നീട് സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി അയക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഭാര്യയും ഭാര്യാമാതാവും പോസിറ്റീവായി. കോംഗോയില്‍ നിന്നെത്തിയ ആളെ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്ന് അല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ പരിശോധിച്ചിരുന്നില്ല. വീട്ടില്‍ ക്വാറന്റീനിലിരിക്കെ ലക്ഷണങ്ങളെ തുടര്‍ന്നു പരിശോധിച്ചു. ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ അമ്പലമുകളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates