#OMKV ഓട് മാധവാ കണ്ടം വഴി

മാധവന്‍.... തിരുത്തണം... തിരുത്തിയേ പറ്റൂ
#OMKV ഓട് മാധവാ കണ്ടം വഴി
Updated on
3 min read

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എഴുത്തുകാരന്‍ എന്‍എസ് മാധവനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. പത്രാധിപ കുലപതി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന എസ് ജയചന്ദ്രന്‍നായര്‍ക്കെതിരായ മാധവന്റെ ഭാഷാപ്രയോഗം അശ്ലീലവും ആഭാസവുമാണെന്ന് വിമര്‍ശനമുന്നയിച്ചവര്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍നിന്നുള്ള ചില കുറിപ്പുകള്‍...


മാധവന്‍.... തിരുത്തണം... തിരുത്തിയേ പറ്റൂ
ജ്യോതിക (നിരൂപക)

പത്രാധിപ 'കുലപതി ' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന എസ്. ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എന്‍.എസ് മാധവന്റെ ഭാഷാ പ്രയോഗം... അദ്‌ദേഹത്തിന്റെ കഥകളോടുള്ള ആസ്വാദനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടേ... മ്ലേച്ചമായി... അശ്ലീലമായി... ആഭാസമായി.
മാധവന്‍ തിരുത്തണം .. തിരുത്തിയേ പറ്റു..

മാധവന്റെ 'തിരുത്ത്' എന്ന കഥയില്‍ ' തര്‍ക്കമന്ദിരം ' തകര്‍ന്നു എന്നത് മാറ്റി ' ബാബറി മസ്ജിദ് തകര്‍ന്നു ' എന്നു തിരുത്തുന്ന ഒരു പത്രാധിപരുണ്ട്. മുമ്പിലെത്തുന്ന വാര്‍ത്തകളുടേയും ലേഖനങ്ങളുടെയും സത്യസന്ധമായ ആധികാരികത അളന്നെടുക്കുന്ന... നിഷ്പക്ഷമായ നിലപാടുകളുടെ ആര്‍ജ്ജവത്താല്‍ കപട ജനാധിപത്യത്തിന്റെയും പക്ഷപാതപരമായ മതബോധത്തിന്റെയും വേരറക്കുന്ന ചുല്യാറ്റ് എന്ന പത്രാധിപര്‍?
വിറക്കുന്ന കൈകളില്‍ പിടിച്ച പേന കൊണ്ട് അയാള്‍ ' തിരുത്തുന്ന ' വാക്യം ഒരു വിഭാഗത്തിന്റെ ആത്മവിശ്വാസമാകുന്നു.
ഈ കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍ മാധവന്റെ മനസ്സില്‍ ആരായിരിക്കും നിഴലിച്ചിട്ടുണ്ടാവുക???
പത്രാധിപരുടെ പേന ' വെട്ടി തിരുത്താന്‍ ' കൂടിയുള്ള താണെന്ന് മാധവന്‍ അറിയാത്തതോ... പറയാത്തതോ??
എന്തായാലും 'തിരുത്ത്' എഴുതിയ മാധവന്‍ തിരുത്തണം.. തിരുത്തിയേ പറ്റൂ..

എം. സുകുമാരന്റെ കഥയിലെ 'നാറിയ ' പദപ്രയോഗം പത്രാധിപധര്‍മ്മത്തിന്റെ പേരില്‍ ജയചന്ദ്രന്‍ നായര്‍ വെട്ടിയിട്ടുണ്ടെങ്കില്‍... അതിനു ശേഷവും ആ കഥയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് എം.സുകുമാരന് ബോധ്യപ്പെട്ടെങ്കില്‍ പിന്നെ ആരെ പ്രീതിപ്പെടുത്താനാണ് മാധവന്‍ ശ്രമിക്കുന്നത്?? ആരുടെ വക്കാലത്തെടുത്താണ് മാധവന്‍ ആക്രോശിക്കുന്നത്?? ആത്യധികമായി ഒരു വാരികയുടെ പരമാധികാരി പത്രാധിപരാണെന്നും വളയാത്ത നട്ടെല്ലും പണയം വെക്കാത്ത തലച്ചോറുമുള്ള പത്രാധിപര്‍ ഒരു ജനാധിപത്യ കാലത്തിന്റെ ആവശ്യമാണെന്നും അറിയാത്ത നിഷ്‌ക്കളങ്കതയാണോ മാധവ ബുദ്ധി??
കഥകളില്‍ പദപ്രയോഗ കണിശത ദീക്ഷിക്കുന്ന മാധവന്‍ ഈ കാണിച്ച 'ചെറ്റത്തരം ' തിരുത്തണം.... തിരുത്തിയേ പറ്റൂ..

എത്രയോ എഴുത്തുകാരെ കൈ പിടിച്ചുയര്‍ത്തിയ മുതിര്‍ന്ന പത്രാധിപരാണ് ജയചന്ദ്രന്‍ നായര്‍. അദ്ദഹത്തിന്റെ പ്രോത്സാഹനം ലഭിച്ചവര്‍ മലയാള സാഹിത്യത്തില്‍ ധാരാളമുണ്ട്.. മാധവന്‍ പോലും വ്യത്യസ്തനല്ല.. എന്നിരിക്കെ വിശ്രമജീവിതം നയിക്കുന്ന ജയചന്ദ്രന്‍ നായരെ ഇപ്രകാരം അധിക്ഷേപിക്കുമ്പോള്‍ മാധവന്റെ ലക്ഷ്യം എന്താവും?? രാഷ്ട്രീയ സാമുദായിക നേതാക്കളേക്കാള്‍ അസ്സലായി മലയാളിയെ തെറിയുടെ രാഷ്ട്രീയം പഠിപ്പിക്കാന്‍ മുതിര്‍ന്നതെന്തിനാവും?? കഥയുടെ ക്രാഫ്റ്റ് കൈകാര്യം ചെയ്യുന്നതിലെ കൃത്യത ഇവിടെയും മാധവന്‍ നിര്‍വ്വഹിക്കുന്നു. എം. സുകുമാരന്റെ ദാര്‍ശനിക രാഷ്ട്രീയ സത്യസന്ധതയെ ചാരി നിന്നു കൊണ്ട് മാധവന്‍ പറയുന്നത് ഒറ്റ വായനയ്ക്കു വഴങ്ങുന്നില്ല.. കാരണം ധ്വനികളുടെ തമ്പുരാനാണല്ലോ മാധവന്‍ !!!

എന്തായാലും മാധവന്‍ ഒന്നു മറന്നു.. വര്‍ഷത്തിലൊരിക്കല്‍ ഒരാള്‍ക്കേ എഴുത്തച്ഛന്‍ പുരസ്‌ക്കാരം സര്‍ക്കാര്‍ കൊടുക്കൂ.. ഈ വര്‍ഷം അത് സച്ചിദാനന്ദന്‍ കൊണ്ടുപോയി....
ഇനി അടുത്ത വര്‍ഷത്തിനായുള്ള തയ്യാറെടുപ്പായാലും ശരി... തിരുത്തണം... ഇത് മ്ലേച്ചമായിപ്പോയി... തിരുത്തിയേ പറ്റൂ

#OMKV ഓട് മാധവാ കണ്ടം വഴി
ദിനില്‍ സി. എ (മാധ്യമ പ്രവര്‍ത്തകന്‍)

മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാനുള്ള റിപ്പോര്‍ട്ടില്‍ നീതിബോധത്തിന്റെ കണിക പോലും അവശേഷിക്കാതെ ഒപ്പിട്ട മാഹാനാണ് എന്‍.എസ് മാധവന്‍ എന്നു കേട്ടത് ശരിയാണോ !

പത്രാധിപര്‍ ചെറ്റക്ക് കത്തെഴുതിയ മഹാനും ഈയാളാണ് 
വിആര്‍ ജ്യോതിഷ് (മാധ്യമ പ്രവര്‍ത്തകന്‍)

 

ഇതു ശരിയാണെന്നു മാത്രമല്ല.... മറ്റേതൊരു പ്രസിദ്ധീകരണത്തില്‍ കഥ അച്ചടിക്കുന്നതിനെക്കാളും കലാകൗമുദിയില്‍ അച്ചടിച്ചു വരുന്നതാണ് സന്തോഷമെന്ന് പത്രാധിപര്‍ ചെറ്റക്ക് കത്തെഴുതിയ മഹാനും ഈയാളാണ്

പ്രതികരണം അസ്ഥാനത്ത്
രമേഷ് ഗോപാലകൃഷ്ണന്‍ (സംഗീത നിരൂപകന്‍)

 

ഒരു ലേഖനം പ്രസിദ്ധീകരിക്കുന്ന പത്രാധിപര്‍ക്കും ഒരു രാഷ്ട്രീയമുണ്ട്. അത്, ലേഖനം പ്രസിദ്ധീകരണത്തിന് പത്രാധിപര്‍ക്ക് നല്‍കുന്ന എഴുത്തുകാരനും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവിടെ ലേഖനം പ്രസിദ്ധീകരണത്തിന് നല്‍കിയ എഴുത്തുകാരന്‍ എം സുകുമാരനും ഇതിനെപ്പറ്റി നല്ല ബോദ്ധ്യം ഉണ്ടെന്നുതന്നെയാണ് മനസ്സിലാകുന്നത്. അതിനാല്‍ ഈ സംഭവത്തെക്കുറിച്ചുള്ള ഒരു മറുപ്രതികരണം അസ്ഥാനത്താണ്. ഒരിക്കല്‍ ശേമ്മങ്കുടി ശ്രീനിവാസ അയ്യരെപ്പറ്റി ഞാന്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തെ ഞാന്‍ സംഗീതരംഗത്തെ ചാണക്യന്‍ എന്ന് വിശേഷിപ്പിച്ചത് ആ ലേഖനം പ്രസിദ്ധീകരിച്ച പത്രാധിപരായ ശ്രീ. എസ് ജയചന്ദ്രന്‍ നായര്‍ വെട്ടിമാറ്റി. ഇതിനെപ്പറ്റി അദ്ദേഹം എന്നോട് അന്ന് പറഞ്ഞത് ശേമ്മങ്കുടി അങ്ങനെയാണെങ്കില്‍ പോലും ചാണക്യന്‍ എന്ന് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പാടില്ല എന്നായിരുന്നു. ശ്രീ. ജയചന്ദ്രന്‍ നായരുടെ ആ അഭിപ്രായത്തെ പൂര്‍ണ്ണബോദ്ധ്യത്തോടെ തന്നെ ഞാനന്ന് മാനിക്കുകയാണ് ചെയ്തത്. കാരണം, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അതും ഞാന്‍ മാനിക്കേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് സൂചിപ്പിച്ചു എന്നുമാത്രം.

ചെവിയടച്ചുള്ള ഒരടിക്ക് താങ്കള്‍ അര്‍ഹനാണ്
പിആര്‍ ജോണ്‍ ഡിറ്റോ, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍


കലാകൗമുദി, സമകാലിക മലയാളം പത്രാധിപരായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍ സാറിനെ N S മാധവന്‍ എന്ന ചെറുകഥാകൃത്ത് അധിക്ഷേപിച്ചിരിക്കുന്നു .. എം. സുകുമാരന്റെ കഥയില്‍
മുഷിഞ്ഞു നാറിയ ഗാന്ധിത്തൊപ്പി എന്നതില്‍ നാറിയ എന്ന വാക്ക് പണ്ടെങ്ങോ വെട്ടിക്കളഞ്ഞതിനാണ് മാധവന്റെ ചീത്ത വിളി.
മാധവനും ബാലവേന്ദ്രന്‍ ചുള്ളിക്കാടുമുള്‍പ്പെട്ട വരേണ്യ സാഹിത്യ കൂട്ടായ്മയെ കാര്യമായെടുക്കാതെ
അനേകം പുതിയ എഴുത്തുകാരെ ഉയര്‍ത്തിയെടുത്തത് ജയചന്ദ്രന്‍ സാറിന്റെ വൈശിഷ്ട്യമാണ്.
ആ വാത്സല്യം നിര്‍ലോഭം നേടിയിട്ടുള്ളയാളാണ് ഞാന്‍. മലയാളം വാരികയുടെ ചീഫ് എഡിറ്ററായിരുന്ന ജയചന്ദ്രന്‍ സാറിന്റെ ഓഫീസില്‍ ച്ചെന്ന്
സാറിനെക്കണ്ട് ,ഞാന്‍ എഴുതും എന്നു പറഞ്ഞ വാക്കിലാണ് എന്റെ ജീവിതം മാറിമറിയുന്നത്. ചെറിയ ചിരിയോടെ 25 വയസ്സുകാരനായ, മെലിഞ്ഞുണങ്ങിയ എന്റെ കയ്യിലേക്ക് 10 പേജ് പ്രിന്റ് ഔട്ട് തന്നു. ഓഷ്വിറ്റ്‌സിലെ യഹൂദ പീഢന പരമ്പരയെക്കുറിച്ച് എഴുതി നോബല്‍ സമ്മാനം നേടിയ ഇംറേ കര്‍ട്ട്‌സിനെക്കുറിച്ചായിരുന്നു അത്.വിവര്‍ത്തനം ചെയ്യണം.
ഞാനതിലാഞ്ഞു പിടിച്ചു.
Schindlers list എന്ന സിനിമ കണ്ടിട്ടുണ്ടായിരുന്നതിനാല്‍
ജൂതരുടെ സഹനങ്ങളെ തൊട്ടറിഞ്ഞിരുന്നു.
വിവര്‍ത്തനമായിരുന്നില്ല അത്. ഞാന്‍ ആഞ്ഞെഴുതിയ എന്റെ ഓഷ്വിറ്റ്‌സായിരുന്നു അത്. ജയചന്ദ്രന്‍ സാര്‍ അത് സ്വീകരിച്ചു എന്നു മാത്രമല്ല
കവര്‍ സ്‌റ്റോറിയാക്കുകയും ചെയ്തു. ഒരു ബൈലൈന്‍ മാത്രം പ്രതീക്ഷിച്ച എനിക്ക് കവറില്‍ എന്റെ പേരു സഹിതം അടിച്ചാണ് സാറെന്നെ ഞെട്ടിച്ചത്.
എന്നെപ്പോലെ അനേകം പേര്‍ ജയചന്ദ്രന്‍ സാറിന്റെ സ്പര്‍ശത്താല്‍ അക്ഷര ലോകം കണ്ടു.കവികള്‍, കാഥികര്‍ പത്രപ്രവര്‍ത്തകര്‍..
ആ ജയചന്ദ്രന്‍ സാറിനെ മോശം വാക്കുപയോഗിച്ച് അധിക്ഷേപിച്ച എന്‍.സ്.മാധവാ ചെവിയടച്ചുള്ള ഒരടിക്ക് താങ്കള്‍ അര്‍ഹനാണ്..
അര്‍ഹനാണ്.

രണ്ട് മാധവന്‍മാര്‍ക്കും നല്‍വാഴ്ത്തുക്കള്‍
കെഎ ഷാജി (മാധ്യമ പ്രവര്‍ത്തകന്‍)

ചെറ്റകുടിലില്‍ ജീവിക്കുന്ന മനുഷ്യരെ ആക്ഷേപിക്കാനായി ഫ്യൂഡല്‍ മാടമ്പികള്‍ ഉപയോഗിച്ചു തുടങ്ങിയ പദമാണ് ചെറ്റയെന്ന് ഇവര്‍ക്ക് രണ്ട് പേര്‍ക്കും അറിയാത്തതല്ല.
സായുധ വിപ്ലവം വിട്ട് അവസരവാദത്തിന്റെ ന്യായീകരണ വിപ്ലവ വഴികളില്‍ നടക്കുന്ന രണ്ട് മാധവന്‍മാര്‍ക്കും നല്‍വാഴ്ത്തുക്കള്‍. ഇരുവര്‍ക്കും ശ്യാമമാധവം.
 


ആ നീലപ്പെന്‍സില്‍ കൊണ്ട് മലയാളികള്‍ മാധവന്റെ പേരു വെട്ടും
ടി അരുണ്‍കുമാര്‍ (കഥാ തിരക്കഥാകൃത്ത്)

അടിമുടി എഡിറ്ററായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍ക്കാണോ ഓണക്കാല പരസ്യവിപണിക്കായി മാത്രം ഔട്ട്‌ലുക്ക് ഗ്രൂപ്പ് പുറത്തിറക്കുന്ന പ്രത്യേക മലയാളം പതിപ്പിന്റെ ഗസ്റ്റ് എഡിറ്ററായി പണിയെടുത്തിരുന്ന തനിക്കാണോ 'മാര്‍വാഡിയുടെ ശേവുകക്കാരന്‍ ' എന്ന പേര് ശരിക്കും ചേരുന്നതെന്ന് എന്‍. എസ്. മാധവന്‍ ഒരു വട്ടം കൂടി ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും.
ചുല്യാറ്റിന്റെ കൈയ്യിലെ നീലപ്പെന്‍സില്‍ നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളായി എല്ലാ മലയാളികളുടെയും കൈയ്യിലുണ്ട്. അവരത് ഉളി പോലെ മുറുകെപ്പിടിച്ച് മാധവന്‍ എന്ന പേര് കുറുകെ വെട്ടി പകരം മറ്റെന്തെങ്കിലും എഴുതിയേക്കാം. അപ്പോഴും അവര്‍ അങ്ങ് പ്രയോഗിച്ച പോലെ 'ചെറ്റ ' എന്നെഴുതുവാന്‍ സാധ്യതയില്ല.
എസ്. ജയചന്ദ്രന്‍ നായരെ വിളിച്ച പുലഭ്യം കൊണ്ട് അങ്ങ് തിരുത്ത് എന്ന കഥയെ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജയചന്ദ്രന്‍ നായര്‍ താങ്കളോട് ക്ഷമിച്ചാലും ചുല്യാറ്റ് ക്ഷമിക്കും എന്ന് തോന്നുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com