കോഴിക്കോട്: നാര്‍കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ക്യാമ്പസില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന സിപിഎം റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയുടെ നിലപാട് അറിയേണ്ടതുണ്ട്. തീവ്രവാദം വളരുന്നത് ഏത് ക്യാമ്പസിലാണെന്നും ഇതിന് തെളിവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഒപ്പം നില്‍ക്കും. ആര് തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്നുള്ളത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ ലോകത്തോട് പറയണം. കാരണം ആ തീവ്രവാദത്തെ എതിര്‍ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ കൂടി അത് തടയാന്‍ സഹായിക്കുമല്ലോ. ഏതെങ്കിലും പ്രഫഷണല്‍ കോളജില്‍ അത്തരം കാര്യമുണ്ടെങ്കില്‍ പറയണം.
ഗവണ്‍മെന്റിന്റെ കൂടെ നിന്ന് അതിനെ തുരത്തുന്നതിന് വേണ്ടി ലീഗ് കൂടെയുണ്ടാകും. അത് പറയാതെ ഒളിപ്പിച്ചുവെച്ചുകൊണ്ട് ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. സമുദായങ്ങളെ ഒന്നിച്ചുനിര്‍ത്തേണ്ടവര്‍, അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് എത്രമാത്രം ഗുണകരമാണെന്നത് പരിശോധിക്കേണ്ടതുണ്ട്- മുനീര്‍ പറഞ്ഞു.
പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പിലാണ് പരാമര്‍ശം
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് തയാറാക്കി നല്‍കിയതാണ് കുറിപ്പ്. ഇതില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.
സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും കുറിപ്പില്‍ പറഞ്ഞിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
