

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചതു ക്രൂരമര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ്. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളും പരിക്കുകളുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഈ ശാരീരിക മര്‍ദനങ്ങള്‍ മരണകാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. ഇവയ്ക്കു പുറമേ പരിക്കേറ്റ് ഉണങ്ങിയ അടയാളങ്ങളുമുണ്ട്. ഒന്നര വയസ്സുകാരന്‍ അര്‍ഷിദിനെ അമ്മയുടെ സുഹൃത്ത് അഷ്‌കര്‍ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കുഞ്ഞിന്റെ ശരീരത്തിലും ജനനേന്ദ്രിയത്തിലും ഉള്‍പ്പെടെ മുറിവുകളുണ്ട്. അടിച്ചതിനെത്തുടര്‍ന്നാണ് ആഹാരം ഛര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. കാല്‍പാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവ് ഉണ്ടായിരുന്നു. ഇത് പൊള്ളിച്ചതാണെന്നു സംശയിക്കുന്നു. കുറച്ചുദിവസം മുന്‍പ് കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞിരുന്നു. ഇത് സൈക്കിള്‍ ചവിട്ടിയപ്പോള്‍ വീണതെന്നാണ് അഷ്‌കര്‍ നാട്ടുകാരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.
കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിനു സമീപം 'അര്‍ച്ചിത'ത്തില്‍ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് മരിച്ചത്. സംഭവത്തില്‍ അഖിലയെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്‌കറിനെയുമാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ശരീരത്തില്‍ മരണകാരണമായ മര്‍ദനങ്ങള്‍ ഉള്‍പ്പെടെ 51 മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് അവശനിലയിലായ അര്‍ഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ്എടി ആശുപത്രിയിലും അഷ്‌കര്‍ എത്തിച്ചത്. എസ്എടിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്‌കര്‍ പൊലീസിനു മൊഴി നല്‍കിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു. 2 വര്‍ഷം മുന്‍പ്, അഖില മൂന്നു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവ് ജീവനൊടുക്കിയത്. തുടര്‍ന്ന് അഖില, ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങി. 8 മാസം മുന്‍പാണ് ഇവര്‍ കരിക്കുഴിയില്‍ എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ് സുനില്‍ കുമാര്‍ ആരോപിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജുകുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates