കേരളത്തിലെ 13 ൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളി, ദിവസം രണ്ട് പേർ മരിക്കുന്നു; ലക്ഷ്യം കാണാതെ സർക്കാർ ക്ഷേമ പദ്ധതി

അതിഥി തൊഴിലാളികൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ അവസ്ഥയെന്താണ്? സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ​ഗുണം അവർക്ക് ലഭിക്കുന്നുണ്ടോ?
Migrant Labour, Guest Worker in kerala
A migrant labourer quenches his thirst in the Capital city street: FileCenter-Center-Trivandrum
Updated on
9 min read

ഇന്ന്, കേരളത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വിവിധ കണക്കുകൾ അനുസരിച്ച് നിലവിൽ 25 ലക്ഷത്തിനും 35 ലക്ഷത്തിനുമിടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ ദൈനംദിന ജീവിതത്തിലെ സാമ്പത്തികവും തൊഴിൽപരവുമായ സജീവത നിലനിർത്തുന്നതിൽ കേരളത്തിലേക്കുള്ള തൊഴിലാളി കുടിയേറ്റം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി വലിയ പങ്ക് വഹിക്കുന്നുണ്ട്.

എന്നാൽ, അങ്ങനെ തൊഴിലെടുക്കുന്നവരുടെ കേരളത്തിലെ അവസ്ഥ എന്താണ്?

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ അപകടങ്ങളിൽ മരണമടഞ്ഞത് അഞ്ച് അതിഥി തൊഴിലാളികളാണ്. ജൂൺ 27 ന് തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ജോലിക്കായി ഇവിടെയെത്തിയിരുന്ന ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, അലി എന്നിവർ മരണമടഞ്ഞു. ഈ മാസം ആദ്യ ആഴ്ചയിൽ കോന്നി ചെങ്കുളത്ത് പാറമടയിൽ നടന്ന അപകടത്തിൽ ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നീ തൊഴിലാളികൾ മരിച്ചു.

തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾ, രോഗം മൂലമുള്ള മരണങ്ങൾ, ആത്മഹത്യകൾ, കൊലപാതകം, അപകടം എന്നിങ്ങനെ വിവിധ രീതികളിൽ കേരളത്തിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ മരണമടയുന്നു. എന്നാൽ, മരിക്കുന്ന തൊഴിലാളികളെ സംബന്ധിച്ച് സർക്കാരിലോ തൊഴിലാളി യൂണിയനുകളുടെയോ എൻ ജി ഒകളുടെയോ കൈവശം കണക്കുകളൊന്നുമില്ല.

Migrant Labour, Guest Worker in kerala
അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും

കേരളത്തിലെത്തുന്ന തൊഴിലാളികളിൽ ഒരു വർഷം എത്രപേർ അപകടങ്ങളിൽ പെട്ടോ അല്ലാതെയോ മരണമടയുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നും ഔദ്യോഗികമായി സമാഹരിച്ചിട്ടില്ല. അതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തൊഴിലപകടങ്ങൾ, റോഡ്, റെയിൽ അപകടങ്ങൾ, രോഗം വന്നുള്ള മരണം, ആത്മഹത്യ, കൊലപാതകം എന്നിങ്ങനെ വിവിധ സംഭവങ്ങളിലായി കേരളത്തിൽ ഒരു ദിവസം രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിക്കുന്നുവെന്നാണ് അനൗദ്യോഗികമായി കണക്കാക്കുന്നതെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് ( സി എം ഐ ഡി) എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ സമകാലിക മലയാളത്തോട് പറഞ്ഞു.

കേരളത്തിൽ വച്ച് സംഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മരണങ്ങൾ സംബന്ധിച്ച് വ്യക്തമായ രേഖകൾ ആരും ഇതുവരെ സമാഹരിച്ചിട്ടില്ല. ഇതിന് പല കാരണങ്ങളുണ്ട്. പല മരണങ്ങളും സംബന്ധിച്ച് വ്യക്തമായ രേഖപ്പെടുത്തലുകൾ നടക്കാറില്ല. ആശുപത്രിയിൽ വച്ച് മരണമടഞ്ഞാൽ അത് അവർ അധികൃതരെ അറിയിക്കും. അപകടമോ കൊലപാതകമോ ആത്മഹത്യയോ നടന്നാൽ പൊലീസ് റിപ്പോർട്ട് ആകും, അല്ലാതെ ഇത് സമാഹരിച്ചുള്ള കണക്ക് കേരളത്തിൽ ഉണ്ടായിട്ടില്ല. വാ‍ർത്തകളും മറ്റും അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ ഏകദേശം രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ വീതം ഒരു ദിവസം കേരളത്തിൽ മരിക്കുന്നുണ്ടെന്ന് കണക്കാക്കാനാകും. ഇത് കൃത്യമായ കണക്കല്ല. വാർത്തകളുടെയും മറ്റും അടിസ്ഥാനത്തിലുള്ള നിഗമനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ തൊഴിലാളികളായി എത്തുന്നവരൊക്കെ തന്നെ അവരുടെ സംസ്ഥാനങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ പലരും മരണ സർട്ടിഫിക്കറ്റ് പോലും വാങ്ങാനെത്തുന്നില്ല. .ബന്ധുക്കൾക്ക് ഇവിടെ വന്ന് സർട്ടിഫിക്കറ്റ് വാങ്ങാനുള്ള ഭാഷാപരമായും സാമ്പത്തികമായും സാമൂഹികമായുമുള്ള പരിമിതികളാണ് ഇതിന് പ്രധാന കാരണമെന്ന് ബിനോയ് പറഞ്ഞു.

Migrant Labour, Guest Worker in kerala
കാലടിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കേരളവും അതിഥി തൊഴിലാളികളും

സംസ്ഥാനത്തെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നതിൽ കേരളത്തിൽ നിന്നുള്ള കുടിയേറ്റവും കേരളത്തിലേക്കുള്ള കുടിയേറ്റവും ഒരു പോലെ പങ്ക് വഹിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസി മലയാളികളെ കുറിച്ച് അഭിമാനിക്കുന്നത് പോലെ തന്നെ ഇവിടെ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളും കേരളത്തിലെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും മറ്റെല്ലാ നിലകളിലുമുള്ള പുരോഗതിക്കും നിർണ്ണായക സ്വാധീനം ചെലുത്തുന്നു.

ലഭ്യമായ വിവിധ കണക്കുകളുടെ ശരാശരി വച്ച് പരിശോധിച്ചാൽ കേരളത്തിലുള്ള 13 പേരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളിയാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മാറിയിരിക്കുന്നു. 2021 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അവർ പ്രാദേശിക വിപണിയിൽ ജീവിതച്ചെലവിനായി പ്രതിവർഷം 10000 കോടി രൂപ ചെലവഴിക്കുകയും വർഷംതോറും 750 കോടി (7.5 ബില്യൺ) രൂപ കേരളത്തിൽ നിന്ന് അവരുടെ നാടുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. എന്നാൽ,ഇതര സംസ്ഥാന തൊഴിലാളികൾ അവർക്ക് ലഭിക്കുന്ന വേതനത്തിൽ നിന്ന് 20,000കോടി രൂപ പ്രതിവർഷം കേരളത്തിൽ ചെലവഴിക്കുന്നുണ്ടെന്നും. ഇതിന്റെ ഇരട്ടി തുക അവരുടെ നാടുകളിലേക്ക് അയക്കുന്നുണ്ടെന്നും ബിനോയ് പീറ്റർ പറയുന്നു.

നിർമ്മാണം, ഉൽപ്പാദനം, കൃഷി, സമുദ്ര മത്സ്യബന്ധനം തുടങ്ങിയ അസംഘടിത അനൗപചാരിക മേഖലകളിലാണ് അവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ദീർഘകാല, ഹ്രസ്വകാല കുടിയേറ്റക്കാർ ഉൾപ്പെടെ ഏകദേശം 31.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫസറായ കെ. ആർ. ജജതി കേശാരി പരിദയും സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ രവിരാമനും ചേർന്ന് കേരള ആസൂത്രണ ബോർഡിന് വേണ്ടി 2021 ൽ നടത്തിയ Study on In migration, Informal Employment and Urbanisation in Kerala എന്ന പഠനത്തിലാണ് ഈ കണക്കുകൾ പറയുന്നത്.

കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വാധീനം വളരെ വലുതാണ്. നഗരവൽക്കരണത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, കുടിയേറ്റ തൊഴിലാളികളിലേക്കുള്ള ആശ്രിതത്വം ഗണ്യമായി വർദ്ധിക്കും. കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള സംസ്ഥാന നയം, സംസ്ഥാനത്ത് ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച അടിസ്ഥാന തൊഴിൽ സാഹചര്യങ്ങളും അവകാശങ്ങളും ലഭിക്കുമെന്നത് ഉറപ്പാക്കണം. സാമൂഹിക സംരക്ഷണവും നീതിയും ലഭ്യമാക്കുന്നതിലൂടെ ഇതര സംസ്ഥാന തൊഴിലാളികളുടെ അവസ്ഥയിൽ മാറ്റംവരും. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സംയോജിത ഡാറ്റാബേസും അവരുടെ വരവിന്റെയും ഒഴുക്കിന്റെയും കണക്കും അവർക്ക് വിവിധ സൗകര്യങ്ങൾ നൽകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ബിനോയ് പീറ്റർ, ഹരികൃഷ്ണൻ പി കെ എന്നിവരുടെ വ്യത്യസ്ത പഠനങ്ങളിൽ കാണാം

Migrant Labour, Guest Worker in kerala
അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു, തിരുവനന്തപുരത്ത് ഹെല്‍പ്പ് ഡെസ്‌ക്; 'ചങ്ങാതി'

ഏകദേശം 35ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അസംഘടിത മേഖലയിലെ ജോലികൾക്കായി കുടിയേറ്റ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്നതും കേരളമാണെന്ന് ബിനോയ് പീറ്റർ, ഷാച്ചി സംഘ്‌വി, വിഷ്ണു നരേന്ദ്രൻ എന്നിവർ ചേർന്ന് എഴുതിയ Inclusion of Interstate Migrant Workers in Kerala and Lessons for India എന്ന പഠനത്തിൽ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും ഉയർന്ന വേതനം എന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികളെ ആകർഷിക്കുന്നതിൽ പ്രധാന ഘടകമായി നിലകൊള്ളുന്നു.

guest workers
guest workersടെലിവിഷൻ ദൃശ്യം File

കേരളത്തിന് പുറത്തേക്കും അകത്തേക്കുമുള്ള തൊഴിൽ കുടിയേറ്റങ്ങൾ

കേരളത്തിൽ നിന്ന് പുറത്തേക്ക് തൊഴിൽ തേടിയുള്ള കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തിരുവിതാംകൂ‍ർ, കൊച്ചി, മലബാർ പ്രദേശങ്ങളായിരിക്കുമ്പോൾ മുതൽ ഇത് കാണാനാകും.

കേരളത്തിന്റെ കുടിയേറ്റ സാഹചര്യം, കേരളത്തിൽ നിന്നും പുറത്തേക്കുള്ള കുടിയേറ്റവും കേരളത്തിലേക്കുള്ള കുടിയേറ്റവും എന്ന നിലയിൽ കാണേണ്ടതുണ്ട്. ഇത് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കാണുന്ന രീതികളിൽ നിന്നും വ്യത്യസ്തവുമാണെന്ന് കേരള സർവകലാശാലയിലെ രമ്യ ആർ നടത്തിയ Interstate Migrant Workers in Kerala: An Assessment of Welfare Measures in the State of Kerala എന്ന പഠനത്തിൽ പറയുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്,1980-കളോടെ മന്ദഗതിയിലായിട്ടും, മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യത്തിൽ ഗണ്യമായ കുറവ് കേരളം കൈവരിച്ചു. കേരള മോഡൽ എന്ന് വിശാലമായി വിശേഷിപ്പിക്കപ്പെടുന്ന വികസന തന്ത്രം, സംസ്ഥാനത്തിന്റെ തൊഴിൽ വിപണിയെ ആഴത്തിൽ സ്വാധീനിച്ചുവെന്നും രമ്യ പറയുന്നു.

അതിനുണ്ടായ തുടർച്ചയാണ് ഇന്നത്തെ നിലയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുന്നതെന്ന് കാണാനാകും. കേരളത്തിൽ നിന്നു പുറത്തേക്കുള്ള കുടിയേറ്റം വ്യാപകമായി വർദ്ധിച്ചതിന് സമാന്തരവും ആനുപാതികവുമായി കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റവും ഉയരുന്നതായി കാണാം. ഒരുപക്ഷേ, നിലവിൽ കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റത്തേക്കാൾ കൂടിയ നിരക്കിലായിരിക്കും കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റം.

Migrant Labour, Guest Worker in kerala
അതിഥി തൊഴിലാളിയുടെ മകനെ തെരുവുനായ കടിച്ചു;ഗുരുതര പരിക്ക്, കുട്ടി മെഡിക്കല്‍ കോളജില്‍

കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റം ഇന്നലെകളും ഇന്നും ?

കേരള രൂപീകരണം (1956) മുതൽ തന്നെ അയൽ സംസ്ഥാനങ്ങളായ തമിഴ് നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവ് ഉണ്ടായിരുന്നു. 1961 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ കായികാധ്വാനം വേണ്ടുന്ന (ബ്ലൂകോളർ) ജോലികളിൽ ഈ രണ്ട് സംസ്ഥാനങ്ങളിലെയും തൊഴിലാളികളുടെ സജീവ സാന്നിദ്ധ്യം കേരളത്തിലെ തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നുവെന്ന് സി എസ് ഇ എസ്സിന് വേണ്ടി എൻ എ കുമാർ നടത്തിയ Vulnerability of migrants and responsiveness of the state: The case of unskilled migrant workers in Kerala, India എന്ന പഠനം പറയുന്നു

തൊഴിൽ തേടി കേരളത്തിലെത്തുന്നവർ പ്രധാനമായും ജോലി ചെയ്തിരുന്ന മേഖലകൾ തോട്ടങ്ങളും ഇഷ്ടിക ചൂളകളുമാണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കർണാടകയിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്തിരുന്നത്, അതേസമയം എല്ലാ ജില്ലകളിലും തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെ കാണാമായിരുന്നു എന്നും പറയുന്നു.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വരുന്ന രീതിയിൽ മാറ്റം സംഭവിക്കുന്നത് 2011ഓടെയാണ്. 1956 മുതൽ 2011 വരെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടകയും പിന്നെ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമായിരുന്നു തൊഴിൽ തേടിയെത്തുന്നവരിൽ കൂടുതലും. എന്നാൽ, 2011 മുതൽ ഇതിന് ഗണ്യമായി മാറ്റം വന്നുവെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന് വേണ്ടി കെ.ആർ. ജജതി കേശാരി പരിദയും രവിരാമനും നടത്തിയ 2021ലെ പഠനം നിരീക്ഷിക്കുന്നു.

പശ്ചിമ ബംഗാൾ, അസം, ഒഡീഷ, ബീഹാർ എന്നിവ കേരളത്തിലെ അതിഥി തൊഴിലാളികളെ സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളായി മാറിയെന്നും അവർ പറയുന്നു. കേരളത്തിൽ 31.5 ലക്ഷത്തിലധികം ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് ഈ പഠനം കണക്കാക്കുന്നു.ഇതനുസരിച്ച് കേരളത്തിലെ പതിമൂന്ന് പേരിൽ ഒരാൾ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് കണക്കാക്കാം.

ഇപ്പോൾ കുടിയേറ്റ തൊഴിലാളികളെ മിക്കവാറും എല്ലാ മേഖലകളിലും കാണാം. തൊണ്ണൂറുകൾ മുതൽ, കുടിയേറ്റത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള തൊഴിലാളികൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കാൻ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്, കർണാടക എന്നിവയ്ക്ക് പുറമേ, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ തൊഴിലാളികൾ വരുന്നതെന്ന് വി എസ് അച്യുതാനന്ദൻ അദ്ധ്യക്ഷനായിരുന്ന ഭരണപരിഷ്ക്കാര സമിതിയുടെ മൂന്നാം റിപ്പോർട്ടിലെ കുടിയേറ്റം സംബന്ധിച്ച അധ്യായത്തിൽ പറയുന്നു.

Migrant Labour, Guest Worker in kerala
മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികൾ മരിച്ചനിലയിൽ; കഴുത്തിൽ മുറിവ്, കൊലപാതകമെന്ന് സംശയം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 25 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് കേരള സർക്കാരിന്റെ തൊഴിൽ, നൈപുണ്യ വകുപ്പ് നിയോഗിച്ച്, 2013ൽ എം പി ജോസഫ്, ഡി നാരായണ, സി എസ് വെങ്കിടേശ്വരൻ എന്നിവർ ചേ‍ർന്ന് പ്രസിദ്ധീകരിച്ച Domestic Migrant Labour in Kerala എന്ന പഠനത്തിൽ കണക്കാക്കുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂട്ടാനിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള തൊഴിലാളികളുണ്ടെന്നും പഠനം പറയുന്നു,

കേരളത്തിൽ വരുന്ന തൊഴിലാളികളിൽ ഭൂരിപക്ഷവും വികസനത്തിൽ പിന്നിലുള്ള ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പട്ടികവർഗങ്ങൾ, പട്ടികജാതിക്കാർ, ന്യൂനപക്ഷ സമൂഹങ്ങൾ തുടങ്ങിയ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ നിന്നുള്ളവരാണെന്ന് സി എം ഐ ഡി നടത്തിയ മറ്റൊരു പഠനം വിശദീകരിക്കുന്നു.

നിലവിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികളിൽ കൂടുതലും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്, 47 ശതമാനം തൊട്ടുപിന്നിൽ ഒറീസ (15%), അസം (12%) എന്നിവരാണെന്നും കാണാം. എറണാകുളത്താണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ തേടിയെത്തുന്നതെന്നതാണ് ജില്ല തിരിച്ചുള്ള കണക്ക് കാണിക്കുന്നത്. 17 ശതമാനം പേർ എറണാകുളത്തും, വയനാട് (13%), കണ്ണൂർ (11%) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമെന്നും ആസൂത്രണ ബോർഡ് നടത്തിയ പഠനത്തിൽ പറയുന്നു.

Migrant Labour, Guest Worker in kerala
പെണ്‍കുഞ്ഞുങ്ങള്‍ക്ക് എതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാന്‍ പൊലീസ്

ഇതര സംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ

കേരളത്തിലെ മിക്ക ഇതര സംസ്ഥാന തൊഴിലാളികൾക്കും സ്വദേശികളെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. തൊഴിൽ സുരക്ഷിതത്വത്തിനെ അടിസ്ഥാനമാക്കി ഗണ്യമായ വിട്ടുവീഴ്ചയുള്ള സാഹചര്യങ്ങളിൽ പോലും കൂടുതൽ സമയം ഇവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായും ഭരണപരിഷ്ക്കാര കമ്മീഷൻ റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.

ഹെൽമെറ്റുകൾ, കയ്യുറകൾ, മാസ്കുകൾ, ചെസ്റ്റ് ഗാർഡുകൾ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ സാധാരണയായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകാറില്ല. അത്തരം സംരക്ഷണ കവചങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധവും ഈ തൊഴിലാളികൾക്കിടയിൽ കുറവാണ്.

തൊഴിലാളികളിൽ ഭൂരിപക്ഷം പേരും പരിമിതമായ വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികളിൽ തിങ്ങിപ്പാ‍ർക്കുകയാണ്. ഇത്തരം മുറികളിൽ സാധാരണയായി പ്രത്യേക അടുക്കളകളില്ല. ജോലിസ്ഥലത്തും താമസസ്ഥലത്തും ഉള്ള ക്രമീകരണങ്ങൾ കുടിയേറ്റ തൊഴിലാളികളെ അപകടങ്ങൾ, പരിക്കുകൾ, രോഗങ്ങൾ, മരണം എന്നിവയ്ക്ക് കാരണമാകാനുള്ള ഉയർന്ന അപകടസാധ്യതയിലേക്ക് നയിക്കുന്നു. അതേസമയം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അവർക്ക് പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ,

തൊഴിലുടമകളുടെയും കരാറുകാരുടെയും ചൂഷണവും നടക്കുന്നുണ്ട്. കുറഞ്ഞ വേതനം നൽകുന്നത്, ഭാഗികമായി മാത്രം വേതനം നൽകുക, വേതനം നൽകാതിരിക്കുക എന്നിവ സംഭവിക്കുന്നു. തൊഴിൽ സംബന്ധിച്ചോ വേതനം സംബന്ധിച്ചോ ഉള്ള കരാറുകളോ മറ്റ് രേഖകളോ ഇല്ലാത്തത് മൂലം, ശമ്പളം നിഷേധിക്കപ്പെടുമ്പോൾ തൊഴിലാളികൾക്ക് അവരുടെ കുടിശ്ശിക അവകാശപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. പൊതുവിൽ ഈ തൊഴിലാളികളൊന്നും ഒരു തൊഴിലാളി സംഘടനയുടെയും ഭാഗമല്ലാത്തതിനാൽ, കൂട്ടായ വിലപേശൽ ശക്തി പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുന്നില്ല. അത്തരം ഇടപെടലുകളുടെയും ഭാഷാപരമായ തടസ്സം എന്നിവയും അവർക്ക് നിയമസഹായം ലഭ്യമാക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നുവെന്നും ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോ‍ർട്ടിൽ വിശദീകരിക്കുന്നു. ഈ കണ്ടെത്തലുകൾ ഇതിന് മുമ്പും ശേഷവും പുറത്തുവന്ന പഠനങ്ങൾ മുന്നോട്ട് വെയ്ക്കുന്ന നിഗമനങ്ങളെ സാധൂകരിക്കുന്നതാണ്.

Migrant Labour, Guest Worker in kerala
പെരുമ്പാവൂരില്‍ വീണ്ടും അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമങ്ങളും പദ്ധതികളും

കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായുള്ള ഗൗരവമായ ശ്രമങ്ങൾ ആരംഭിച്ചിട്ട് ഏറെ നാളുകളായി. 1979 ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) (Inter-State Migrant Workmen (Regulation of Employment and Conditions of Service) Act, 1979) നിയമത്തിനായി 1983 ൽ ചട്ടങ്ങൾ രൂപീകരിച്ചു. എന്നാൽ, ആ നിയമങ്ങളും ചട്ടങ്ങളും കൊണ്ട് പരിഹരിക്കാവുന്നതിലും വലുതായി ഇന്നത്തെ പ്രശ്നങ്ങൾ. അങ്ങനെ 15 വർഷം മുമ്പ് 2010ൽ കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി കേരളാ കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി ആരംഭിച്ചത്.

കുടിയേറ്റ തൊഴിലാളികളെ കേരളത്തിലെ പൊതുസമൂഹവുമായി ഉൾച്ചേർക്കുന്നതിനും ക്ഷേമ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ അവർക്ക് ലഭ്യമാക്കുന്നതിനും 2010 ലെ കേരളാ കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾക്കായി 2017 മുതൽ സംസ്ഥാനത്ത് ആവാസ് എന്ന പേരിൽ നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതി നിലവിലുണ്ടെന്ന് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണൻ നിയമസഭയിൽ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്. ഇത് പ്രകാരം 15,000 രൂപയുടെ ആരോഗ്യ ഇൻഷൂറൻസും അപകട മരണ സഹായമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. അപ്നാഘ‍ർ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാസഗൃഹം നൽകുന്ന പദ്ധതിയും പ്രഖ്യാപിക്കുകയും പാലക്കാട് ഇത് നടപ്പാക്കുകയും ചെയ്തു. കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 25,000 രൂപ മരണാനന്തര ആനുകൂല്യം, അപകടമരണ സഹായം രണ്ട് ലക്ഷം രൂപ, ഭൗതിക ശരീരം എംബാം ചെയ്ത് സ്വദേശത്ത് എത്തിക്കുന്നതിന് 50,000 രൂപ, ചികിത്സാ സഹായം 20,000 രൂപ, വിരമിക്കൽ ആനുകൂല്യമായി 25,000 രൂപ മുതൽ 50,000 രൂപ വരെ. പ്രസവ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവ ആയിരം മുതൽ മൂവായിരം രൂപ വരെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിൽഡിങ് ആൻഡ് അദ‍ർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന് കീഴിൽ വന്ന കേരളാ കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതിയിൽ 1,64,701 പേരാണ് രജിസ്റ്റർ ചെയ്തതെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി 26-06 -2024 ൽ നിയമസഭയിൽ വന്ന ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 5,16,320 തൊഴിലാളികളാണ് 2017 വരെ ആവാസ് ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Migrant Labour, Guest Worker in kerala
നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു, നാല് പേർക്ക് പരിക്ക്

നിയമവും പദ്ധതിയുമുണ്ട്, പക്ഷേ?

കേരളത്തിൽ ആരംഭിച്ച ക്ഷേമ പദ്ധതിയിൽ 30 രൂപ അടച്ചാണ് ഇതര സംസ്ഥാന തൊഴിലാളി അംഗമാകേണ്ടത്. ആദ്യം ഓൺലൈനായോ അല്ലെങ്കിൽ ലേബർ വകുപ്പും കെട്ടിടനിർമ്മാണത്തൊഴിലാളി ക്ഷേമനിധിബോർഡും നടത്തുന്ന പ്രവർത്തനങ്ങളിലൂടെയോ ഇവരെ അംഗമാക്കാമായിരുന്നു. പിന്നീട് ഇതിനായി ആപ്പും (ഗസ്റ്റ് ആപ്പ്) വന്നു. എല്ലാവർഷവും 30 രൂപ അടച്ച് രജിസ്ട്രേഷൻ പുതുക്കണം. പുതുക്കാൻ ഓൺലൈൻ സൗകര്യം ഫലപ്രദമല്ലാതായത് ഇതിന് തടസ്സമായി എന്ന് ബിനോയ് പീറ്റർ പറയുന്നു. അതുമാത്രമല്ല, പല പദ്ധതികളുടെയും തുക ലഭിക്കുന്നതിൽ മാനദണ്ഡങ്ങളിൽ വന്ന മാറ്റവും കാലമതാമസവും തൊഴിലാളികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് കാരണമായി. ഇതിനെല്ലാം പുറമെ ഇവരുടെ ഇടയിൽ തൊഴിലാളി യൂണിയനുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും തടസ്സമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതിഥി തൊഴിലാളികൾക്കായി രണ്ട് തരത്തിലുള്ള പദ്ധതികളുണ്ടെന്ന് കെട്ടിടനിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി. ശശികുമാർ സമകാലിക മലയാളത്തോട് പറഞ്ഞു. തൊഴിൽ വകുപ്പ് നേരിട്ട് നൽകുന്നതാണ് ഒന്ന്. കെട്ടിടനിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോ‍ർഡിന് കീഴിലുള്ള ആനുകൂല്യം നൽകുന്നതാണ് മറ്റൊന്ന്. വളരെ ശ്രമകരമായ പ്രവർത്തനത്തിലൂടെ അഞ്ച് ലക്ഷത്തോളം പേരെ ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഈ തൊഴിലാളികൾ ആ ആനുകൂല്യം ലഭിക്കുന്നതിന് വർഷം തോറും രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്,അതു പുതുക്കുന്നില്ല എന്നതാണ് പ്രതിസന്ധി. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് ഇതിൽ ഭൂരിപക്ഷം തൊഴിലാളികളും സ്ഥിരമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരല്ല, അവർ ജോലിസ്ഥലം മാറിക്കൊണ്ടിരിക്കും. അങ്ങനെ മാറുന്നതിനാൽ, അവരെ അവിടെ പോയി കണ്ട് പുതുക്കാൻ സാധിക്കാതെ വരും. ഇവരുടെ കാര്യങ്ങൾ നടപ്പിലക്കാൻ മുൻകൈ എടുക്കാൻ തൊഴിലാളി സംഘടനകളില്ല. ഇക്കാര്യം ച‍ർച്ച ചെയ്യുന്നതിനായി തൊഴിലാളി സംഘടനകളുടെയും എൻ ജി ഒ കളുടെയും യോഗം ബോർഡ് വിളിച്ചു ചേർത്തിരുന്നു. എന്നാൽ, അംഗത്വം പുതുക്കലും പുതിയവരെ ചേർക്കലും അത്ര സജീവമായി നടക്കുന്നില്ല. മറ്റൊന്ന് ഇവരെ പണിക്കെത്തിക്കുന്നതും അവരെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതുമായ ഇടനിലക്കാരുടെ ഇടപെടലുകളാണ്. ഇതൊക്കെ പരിഹരിക്കാനുള്ള വഴികൾ ബോർഡ് ആലോചിക്കുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗത്തെയും ഈ പദ്ധതി ആകർഷിച്ചിട്ടില്ല എന്നത് വ്യക്തമാണ്. രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും അത് പുതുക്കിയില്ല. തൽഫലമായി, 2016-17 സാമ്പത്തിക വർഷത്തിൽ 2741 രജിസ്ട്രേഷനുകൾ മാത്രമുള്ള ഈ പദ്ധതി ഏറെക്കുറെ പ്രവർത്തനരഹിതമായിയെന്ന് ഭരണപരിഷ്ക്കാര കമ്മീഷൻ നിരീക്ഷിച്ചു. തൊഴിലാളികൾക്ക് പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടാകില്ല എന്നതിന്റെ സൂചനയായിരിക്കാമിത്. നിലവിലെ എൻറോൾമെന്റ് തലത്തിൽ പദ്ധതി നടപ്പിലാക്കുന്നതിൽ സാമ്പത്തിക സ്രോതസ്സുകളുടെ അഭാവം ഒരു പ്രശ്നമായിരുന്നില്ല. കുടിയേറ്റ തൊഴിലാളികൾക്കിടയിൽ പദ്ധതിയെക്കുറിച്ച് കുറഞ്ഞ അവബോധം ഇതിന് കാരണമാകാമെന്ന് ഭരണപരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

Migrant Labour, Guest Worker in kerala
അതിഥി പോര്‍ട്ടല്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 25,000 തൊഴിലാളികള്‍

ഈ തൊഴിലാളികളെ പൊതുസമൂഹത്തിലേക്ക് ഉൾച്ചേർക്കുന്നതിനും അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാനം നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തിൽ ആരംഭിച്ച ക്ഷേമ നടപടികളും ഇടപെടലുകളും മാതൃകാപരമാണ്. എന്നാൽ, അവയിൽ ചിലത് ആവശ്യക്കാ‍ർക്ക് ലഭിക്കുന്നതിനായുള്ള അടിസ്ഥാന ആവശ്യങ്ങളെയും നടപ്പാക്കൽ സംവിധാനങ്ങളെയും പരിഗണിക്കുന്നതായി തോന്നുന്നില്ല. തൽഫലമായി, പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയിട്ടില്ലെന്ന് ബിനോയ് പീറ്റർ, ഷാച്ചി സംഘ്‌വി, വിഷ്ണു നരേന്ദ്രൻ എന്നിവർ ചേർന്ന് എഴുതിയ Inclusion of Interstate Migrant Workers in Kerala and Lessons for India എന്ന പഠനത്തിൽ സൂചിപ്പിക്കുന്നത്. ഭരണപരിഷ്‌ക്കാര കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതിനെ സാധൂകരിക്കുന്നതാണ് ഇത്.

കേരള സർക്കാർ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി 'അതിഥി' എന്ന പേരിൽ 2023-ൽ ഒരു പോർട്ടൽ ആരംഭിച്ചിരുന്നു, എന്നാൽ കുടിയേറ്റത്തൊഴിലാളികൾ പലയിടത്തായി നിലനിൽക്കുന്നതും പോർട്ടലിനെക്കുറിച്ചുള്ള അവബോധമില്ലായ്മയും കാരണം ഇത് ഫലപ്രദമായില്ല. രജിസ്റ്റർ ചെയ്യാത്ത, അസംഘടിത ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണെന്ന് Inclusive Welfare Policies and Inter-State Migrant Workers in Kerala: An Insight for India എന്ന സി ഡി ഡിപി പ്രസിദ്ധീകരിച്ച പഠനത്തിൽ മുഹമ്മദ് നിഷാദ് ചൂണ്ടിക്കാട്ടുന്നു.

Migrant Labour, Guest Worker in kerala
അതിഥി തൊഴിലാളി രജിസ്ട്രേഷന് തുടക്കം; പേര് വിവരങ്ങൾ നൽകിയത് 5706 പേർ, നാളെ മുതൽ ഊർജിതം

പദ്ധതികൾ എത്രത്തോളം ലക്ഷ്യത്തിലെത്തുന്നുണ്ട്

ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരളം നടപ്പാക്കുന്ന പദ്ധതികളൊക്കെ മികച്ചതും മാതൃകാപരവുമാണ്. എന്നാൽ അവ പലകാരണങ്ങൾ കൊണ്ട് ലക്ഷ്യം കാണുന്നില്ലെന്ന് ബിനോയ് പീറ്റർ അനുഭവങ്ങളെ അടിസ്ഥാനമാക്കി പറയുന്നു. നേരിട്ട് ചെന്ന് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുക, രജിസ്ട്രേഷൻ പുതുക്കുക എന്നത് പലകാരണങ്ങളാൽ തൊഴിലാളികൾക്ക് ബുദ്ധിമുട്ടാണ്. പ്രധാനമായും അങ്ങനെ പോകേണ്ടി വരുമ്പോൾ അവരുടെ ഒരു ദിവസത്തെ ജോലി നഷ്ടമാകും അതിനാൽ ആളുകൾ പോകാൻ മടിക്കും. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലും ആപ്പും ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നുമില്ല, നേരിട്ട് ചെയ്യണമെന്നാണ് പറയുന്നത്. അത് അവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

മറ്റൊന്ന് 30 രൂപ വീതം അടച്ച് പദ്ധതിയിൽ ചേർന്നാലും അതിൽ നിന്ന് ഗുണം ലഭിക്കുന്നില്ലെന്നതാണ്. മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന കുരുക്കുകളാണ് ഇതിലെ പ്രധാന തടസ്സം. മരണ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പോലും അറിയാത്തവരാണ് ഭൂരിപക്ഷം തൊഴിലാളികളും അവരുടെ കുടുംബങ്ങളും. നേരത്തെ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ് സർക്കാർ നൽകുമായിരുന്നു. ഇപ്പോൾ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയ ശേഷം ക്ലെയിം ചെയ്യുമ്പോഴാണ് തുക നൽകുക. വളരെ പിന്നാക്ക പ്രദേശങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ടും ഭാഷാപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും ഈ ക്ലെയിം നൽകാൻ സാധിക്കാതെ വരുന്നു. അതുപോലെ തന്നെയാണ് നഷ്ടപരിഹാര തുകയുടെ കാര്യവും. ഉദാഹരണമായി സി എം ഐ ഡി മുൻകൈ എടുത്ത് കൊടുത്ത 15 അപേക്ഷകളിൽ ഇതുവരെ തീർപ്പാക്കിയിട്ടില്ല. ഇന്ത്യയിലാദ്യമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പദ്ധതി കൊണ്ടുവന്നത് കേരളമാണ്. പക്ഷേ അതിൽ നിന്നുള്ള ഗുണം അവർക്ക് ലഭിക്കുന്നില്ല. നോർക്ക പോലെ തന്നെ കേരളം ഈ തൊഴിലാളികൾക്ക് വേണ്ടി ഒരു വകുപ്പ് ആരംഭിക്കേണ്ടതാണ്. കേരളത്തിന് പുറത്തുപോയിട്ടുള്ളവരേക്കാൾ കൂടുതലാണ് ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെന്ന് ബിനോയ് പീറ്റർ അഭിപ്രായപ്പെട്ടു.

ബിനോയ് പറഞ്ഞതിനോട് ചേർന്ന് നിൽക്കുന്നതാണ് രമ്യയുടെ പഠനത്തിലും കാണാനാകുന്നത്. ആ പഠനം കേരളത്തിലെ പദ്ധതികളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : ഉദാഹരണത്തിന്, കേരളത്തിൽ ഏകദേശം 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്, എന്നാൽ അഞ്ച് ലക്ഷം പേർ മാത്രമേ ആവാസ് പദ്ധതിയിൽ, രജിസ്റ്റർ ചെയ്തിട്ടുള്ളൂ, അതിനാൽ ബാക്കിയുള്ളവർ ആ ആനുകൂല്യം ലഭിക്കുന്നതിൽ നിന്ന് പുറത്താണ്. അപ്‌നാ ഘർ പദ്ധതി ആരംഭിച്ചതിനുശേഷം, ആളുകൾ ഇപ്പോഴും സൗകര്യമില്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. കേരളത്തിൽ, പാലക്കാട്ടെ കഞ്ചിക്കോട് അപ്നാ ഘർ പദ്ധതി പൂർത്തിയാക്കിയതിന് ശേഷം, തുടർനടിപടികൾ ഉണ്ടായിട്ടില്ല.

ഈ തൊഴിലാളികളെ കേരളത്തിൽ കൊണ്ടുവരുന്ന ഏജന്റുമാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ട്രേഡ് യൂണിയൻ നേതാക്കളെ ബോധവൽക്കരിക്കണം. അവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതും രാഷ്ട്രീയ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതും നിരവധി സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കും. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിന് കേരളത്തിൽ നിരവധി നിയമങ്ങൾ ഉണ്ട്, എന്നാൽ, ഇവിടെ ഇവർ രാഷ്ട്രീയമായി പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗമാണ്. അവരെ ഒരു വോട്ട് ബാങ്കായി കണക്കാക്കുന്നില്ല, അതിനാൽ അവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയോ ട്രേഡ് യൂണിയൻ അഫിലിയേഷനോ ഇല്ല. ഇതുകാരണം, കൂട്ടായ വിലപേശൽ ശക്തിയില്ല, അതിനാൽ തദ്ദേശീയർക്ക് ലഭിക്കുന്ന വേതനം അവർക്ക് ലഭിക്കുന്നില്ല. അവർക്ക് രാഷ്ട്രീയ ഇടം നൽകുന്നത് സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് രമ്യയുടെ പഠനം നിരീക്ഷിക്കുന്നു.

Migrant Labour, Guest Worker in kerala
ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള അതിഥി തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കണം;  പൊലീസിന് നിര്‍ദേശം

ധാരാളം സാമൂഹിക സുരക്ഷാ പദ്ധതികൾ ഉണ്ടായിരുന്നിട്ടും, ഈ തൊഴിലാളികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഹരികൃഷ്ണൻ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. വേതനം കൃത്യമായി നൽകുന്നില്ല എന്ന് മാത്രമല്ല, അവരുടെ ജോലി, ജീവിത സാഹചര്യങ്ങൾ തൃപ്തികരമല്ല. വൃത്തിഹീനമായ ഇടങ്ങളിൽ അവരെ പാർപ്പിക്കുന്നത് പകർച്ചവ്യാധികൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. പദ്ധതികൾ ഉണ്ടെങ്കിലും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്നതായി തോന്നുന്നു. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ നിരവധി ജോലിസ്ഥല അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നു. ഇവിടെ അവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. തൊഴിൽ അനിശ്ചിതത്വം, ദാരിദ്ര്യം, സാമൂഹികവും ഭൂമിശാസ്ത്രപരവുമായ ഒറ്റപ്പെടൽ, മോശം ജീവിത സാഹചര്യങ്ങൾ, തലമുറകൾ തമ്മിലുള്ള സംഘർഷങ്ങൾ, കുടുംബത്തിൽ നിന്നുള്ള വേർപിരിയൽ, വിനോദത്തിന്റെ അഭാവം തുടങ്ങിയ വിവിധ ഘടകങ്ങൾ ഈ തൊഴിലാളികളിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിവിധ പഠനങ്ങളും മറ്റും ഉദ്ധരിച്ച് ഹരികൃഷ്ണൻ നിരീക്ഷിക്കുന്നു.

സർക്കാരിന്റെ മുൻകൈയ്യെടുത്ത് കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും, തൊഴിൽ പീഡനവും ചൂഷണവും ഇവർ ഇപ്പോഴും നേരിടുന്നു. ഇവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് തൊഴിലുടമകളിലും മറ്റുള്ളവരിലും മതിയായ അവബോധവും വളർത്തണമെന്നും ഭരണപരിഷ്‌ക്കാര കമ്മീഷൻ റിപ്പോർട്ടും ഈ മേഖലയെ കുറിച്ച് നടന്ന പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.

-

അവലംബം:

ഭരണപരിഷ്ക്കാര കമ്മീഷൻ മൂന്നാം റിപ്പോർട്ട്

ആസൂത്രണ ബോർഡ് റിപ്പോർട്ട്

Inclusion of Interstate Migrant Workers in Kerala and Lessons for India

Interstate Migrant Workers In Kerala A Study on their Quality of Life and Welfare Measures

Study on Immigration, Informal Employment and Urbanisation in Kerala

of migrants and responsiveness of the state: The case of unskilled migrant workers in Kerala, India

Interstate Migrant Workers in Kerala: An Assessment of Welfare Measures in the State of Kerala

Inclusive Welfare Policies and Inter-State Migrant Workers in Kerala: An Insight for India

Summary

What is the condition of workers from other states in Kerala, whom the government calls guest workers? Are migrant workers getting the benefits of the welfare schemes implemented by the government for them?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com