ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കോട്ടയത്ത് എത്തിയപ്പോള്‍/ പിടിഐ
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കോട്ടയത്ത് എത്തിയപ്പോള്‍/ പിടിഐ

ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര; 152 കിലോ മീറ്റര്‍ പിന്നിട്ടത് 28 മണിക്കൂറില്‍; കണ്ണീര്‍ക്കരയായി തിരുനക്കര; വീഡിയോ

പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരക്കണക്കിനാളുകളാണ് തിരുനക്കരയില്‍ എത്തിയിട്ടുള്ളത്.
Published on

കോട്ടയം:  സമാനതകളില്ലാത്ത അന്ത്യയാത്ര ഏറ്റുവാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍. പൊതുദര്‍ശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തി. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരക്കണക്കിനാളുകളാണ് തിരുനക്കരയില്‍ എത്തിയിട്ടുള്ളത്. വരിനിന്ന് ആളുകള്‍ക്ക് കാണാനുളള എല്ലാ ക്രമീകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. 

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് കാത്തുനില്‍ക്കുന്നത്. 152 കിലോമീറ്ററും 28 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കും.

ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്. 
ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. 

തിരുവനന്തപുരം മുതല്‍ കോട്ടയം ജില്ല വരെയുള്ള ദൂരം താണ്ടാന്‍ മണിക്കൂറുകളാണ് എടുത്തത്. ഓരോ ചെറു കവലയിലും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. മഴയും പ്രതികൂല കാലവസ്ഥയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനം അദ്ദേഹത്തെ കാത്തു നിന്നു. അര്‍ധരാത്രിയില്‍ കത്തിച്ച മെഴുകുതിരിയുമായി പോലും ആളുകള്‍ വഴിയോരത്തു നിന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ വൈകീട്ടാണ് പൊതു ദര്‍ശനം വച്ചിരുന്നത്. സഞ്ചരിച്ച വഴികളിലെല്ലാം വന്‍ ജനക്കൂട്ടം നിന്നതിനാല്‍ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കടന്നത്. 

തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് വൈകീട്ട് 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാകും സംസ്‌കാരം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25നു ബംഗളൂരുവിലാണ് ഉമ്മന്‍ ചാണ്ടിയുടെ മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com