

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് കാസര്‍കോട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതെല്ലാം ശരിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ കോണ്‍ഗ്രസില്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിയിലും ഉണ്ട്. വേട്ടയാടലിന്റെ കാലത്ത് മാറിനിന്നവര്‍ ഏറെയുണ്ടെന്നും മറിയാമ്മ ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഉമ്മന്‍ചാണ്ടി സ്‌നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പില്‍. നല്ല പ്രസംഗ പാടവമുണ്ട്. തിരിച്ച് ഷാഫി പറമ്പില്‍ സ്‌നേഹിച്ചോ എന്ന് അറിയില്ല. ഷാഫി പറമ്പില്‍ എ ഗ്രൂപ്പിന്റെ ഭാഗമാണെന്ന വാദം എനിക്ക് തോന്നുന്നില്ല'- യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി അഖിലിന്റെ പേര് നിര്‍ദേശിച്ചിരുന്നു എന്ന ഉണ്ണിത്താന്റെ വാദം മറിയാമ്മ ഉമ്മന്‍ സ്ഥിരീകരിച്ചു. അഖിലിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ അഖിലിന്റെ പേര് വെട്ടിയത് ഷാഫി പറമ്പില്‍ ആണോ എന്ന ചോദ്യത്തിന് അതിന് താന്‍ ആണോ ഉത്തരം പറയേണ്ടത് എന്നതായിരുന്നു മറിയാമ്മ ഉമ്മന്റെ മറുപടി.
'ഉമ്മന്‍ ചാണ്ടി ഒന്നിപ്പിച്ച് കൊണ്ടുപോകുന്നയാളാണ്. കുടുംബം ആകുമ്പോള്‍ മത്സരമൊക്കെ ഉണ്ടാവും. സ്വാതന്ത്ര്യം യുഡിഎഫില്‍ ഉണ്ട്. എല്‍ഡിഎഫില്‍ അത് ഇല്ലല്ലോ. എന്നാല്‍ ഒന്നിച്ച് പോകണം എന്നാണ് ആഗ്രഹം. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് പോകണം. ഉമ്മന്‍ ചാണ്ടിയുടെയും എന്റെയും ആഗ്രഹം അത് തന്നെയാണ്'- കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates