

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നടത്തുന്ന ലഹരിവിരുദ്ധ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാനിൽ' മലപ്പുറത്താണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പിലാണ് ആഭ്യന്തര മന്ത്രി കണക്കുകൾ നിരത്തി വിശദീകരണം നൽകിയത്.
കേരള പോലീസ് ചില ഭൂമിശാസ്ത്രപരമായ ജില്ലകളെ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ട് പ്രത്യേക പോലീസ് ജില്ലകളായാണ് ഭരിക്കുന്നത്. മലപ്പുറത്തെ ഒറ്റ ജില്ലയായി മാത്രം കണക്കാക്കുകയും മറ്റ് ജില്ലകളിലെ സിറ്റി, റൂറൽ യൂണിറ്റുകളുടെ കണക്കുകൾ വെവ്വേറെ കാണിക്കുകയും ചെയ്തതാണ് തെറ്റായ താരതമ്യത്തിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
സിറ്റി, റൂറൽ കണക്കുകൾ ഒന്നിച്ച് ചേർത്ത് ഭൂമിശാസ്ത്രപരമായി പരിശോധിക്കുമ്പോൾ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നിട്ടുള്ളത് (1,393 അറസ്റ്റുകൾ). തൊട്ടുപിന്നിൽ കോഴിക്കോട് (1,373 അറസ്റ്റുകൾ) ജില്ലയാണുള്ളത്. എന്നാൽ മലപ്പുറത്ത് 999 അറസ്റ്റുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും കോഴിക്കോട് ജില്ലയിലാണ് (1,327 കേസുകൾ).
ഒരു പ്രത്യേക ജില്ലയിൽ കൂടുതൽ അറസ്റ്റുകളോ കേസുകളോ ഉണ്ടാകുന്നത് ആ ജില്ലയിൽ വലിയ ലഹരി പ്രശ്നമുണ്ടെന്നതിന്റെ തെളിവായി കാണരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കൂടുതൽ അറസ്റ്റുകൾ നടക്കുന്നത് അവിടുത്തെ ജനങ്ങൾ മോശമായതുകൊണ്ടല്ല. പോലീസിന്റെ സജീവമായ ഇടപെടലുകളും വിവരങ്ങൾ കൈമാറാൻ പൊതുജനങ്ങൾ മുന്നോട്ടുവരുന്നതുമാണ് ഇത്തരം കണക്കുകളിൽ കാണുന്നത്. ഇവ പോലീസിന്റെ കർശന നടപടികളുടെ രേഖകൾ മാത്രമാണെന്നും ഒരു ജില്ലയുടെയും സ്വഭാവ സർട്ടിഫിക്കറ്റല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലകളുടെ റാങ്കിങ് ഉണ്ടാക്കുകയല്ല ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം. ലഹരിയുടെ ഉറവിടങ്ങളും വിൽപ്പനക്കാരെയും കണ്ടെത്തുക, വിതരണ ശൃംഖലകൾ തകർക്കുക, യുവാക്കളിലേക്ക് ലഹരി എത്തുന്നത് തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറസ്റ്റുകൾ പോലീസിന്റെ നടപടിയുടെ അളവുകോൽ മാത്രമാണ്, യഥാർത്ഥ ലക്ഷ്യം ലഹരി ശൃംഖലകളെ വേരോടെ പിഴുതെറിയലാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 10,015 അറസ്റ്റുകളും 9,280 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്കൂൾ-കോളേജ് സംരക്ഷണ സമിതികൾ വഴി 6,561 പരിപാടികളും 9,147 ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഉള്ളിടത്ത് ഭയമോ പക്ഷപാതമോ ഇല്ലാതെ ശക്തമായ നടപടി തുടരുമെന്നും മുൻവിധികളോടെയുള്ള പ്രചാരണങ്ങൾക്ക് കൃത്യമായ വസ്തുതകൾ കൊണ്ട് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates