

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. ഇന്ത്യ സഖ്യത്തില്‍ വലിയ രാഷ്രീയ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 8ന് ന്യൂഡല്‍ഹിയിലാണ് യോഗം ചേരുന്നത്.
തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഡിഎംകെ നേതാക്കളെ പ്രകോപിപ്പിച്ചത്. എക്‌സിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ഡിഎംകെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചു എന്ന അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് ഡിഎംകെയുടെ വിശദീകരണം.
ഈ യോഗത്തില്‍ ഡിഎംകെ പങ്കെടുക്കില്ലെങ്കിലും, യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് കക്ഷികള്‍ ഉന്നയിക്കുന്ന രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ശബ്ദമുയര്‍ത്തുന്നത് തുടരും, ഡിഎംകെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതിനിടെ, ലോക്സഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ ഡിഎംകെയ്ക്ക് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ലഭിച്ചതും പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തില്‍ വിള്ളലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികളായ ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും നേരിടുന്ന ആഭ്യന്തര വെല്ലുവിളികള്‍ സഖ്യത്തിന്റെ ഐക്യത്തേയും മുന്നോട്ടുള്ള പോക്കിനേയും സാരമായി ബാധിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമാനര്‍ജിയും ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ജൂണ്‍ 8-ലെ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനുള്ള സാധ്യതകള്‍ തെളിയുകയാണ്. പാര്‍ട്ടിയിലെ 58 വിമത എംഎല്‍എമാര്‍ തങ്ങളാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന അവകാശവാദമുന്നയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്‍പത് ടിഎംസി ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. കൂടാതെ, രണ്ട് ലോക്സഭാ എംപിമാര്‍ കോണ്‍ഗ്രസുമായും ബന്ധപ്പെടുന്നുണ്ടൈന്നുമാണ് വിവരം. നിലവില്‍ ലോക്സഭയില്‍ 28 എംപിമാരും രാജ്യസഭയില്‍ 13 എംപിമാരുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ്.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരായ സംയുക്ത തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ഈ മാസം എട്ടിന് യോഗം ചേരുന്നത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കാന്‍ സാധ്യതയുള്ള ഈ യോഗത്തില്‍ ഏകദേശം 15 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ യോഗത്തില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ പ്രതിസന്ധിയുള്‍പ്പെടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates