തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരരംഗത്തുള്ള പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഒരു വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടക്കാന്‍ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. സില്‍വര്‍ ലൈന്‍ അട്ടിമറിച്ചേ തീരൂ എന്നാണ് വാശി. കെ റെയിലില്‍ നല്‍കുന്നത് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ്. പദ്ധതി വന്നാല്‍ ആരും ഭൂരഹിതരാകില്ല. ഒരു കുടുംബവും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സിപിഎമ്മിനെതിരെ ബിജെപിയും ജമാ അത്തെ ഇസ്ലാമിയും വലിയ പ്രചാരവേല നടത്തുകയാണ്. വികസന പദ്ധതികളെ തകിടം മറിക്കാനാണ് ശ്രമം. സംസ്ഥാനത്തോട് കേന്ദ്രത്തിന് അവഗണനാ സമീപനമാണ്. ഇസ്ലാമിക വര്‍ഗീയ വാദികള്‍ മുഖം മൂടിയണിഞ്ഞ് വരുന്നു. പരിസ്ഥിതി വാദം മാനുഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് വരുന്നത്. യുഡിഎഫ് വര്‍ഗീയ അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെ
ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒന്നാണ്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സമരസപ്പെടുന്നു. ബിജെപിയെ ഓരോ സംസ്ഥാനത്തും ഒറ്റപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ശക്തികള്‍ക്കൊപ്പം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല ചെയ്യപ്പെട്ടയാളെ വീണ്ടും വീണ്ടും ആക്ഷേപിക്കുന്നു
ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല ചെയ്യപ്പെട്ട സംഭവത്തിലും കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ധീരജിന്റെ കൊലപാതകത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കൊല ചെയ്യപ്പെട്ടയാളെ വീണ്ടും വീണ്ടും കൊലപ്പെടുത്തുന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ചൈനയ്ക്ക് വിമർശനം
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ ചൈനയുടെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ മിനിമം നിലവാരം പുലര്‍ത്താന്‍ ചൈനക്ക് കഴിഞ്ഞു. എന്നാല്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചൈനയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
