

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന്റെ അടിത്തറ തകർക്കാൻ സംസ്ഥാനത്തെ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും ജനങ്ങളിൽ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത മന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും പിണറായി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയം വെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരുടെയും കരുത്തിലാണ്. ആ അടിത്തറ തകർക്കാനും, അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യ മേഖലയുടെ കരുത്ത് ചോർത്താനും സംസ്ഥാന ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരമാണ്.
ലോകമാകെ അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ആകെ തകർക്കുന്ന ഗുരുതരമായ നീക്കമാണ് മന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്. നിപ എന്ന മഹാമാരിയെ നാട് ഒറ്റക്കെട്ടായി അതിജീവിച്ചപ്പോൾ, സ്വന്തം കുടുംബത്തെപ്പോലും മറന്ന് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ആത്മസമർപ്പണത്തെയും ജീവത്യാഗത്തെയുമാണ് ഉത്തരവാദപ്പെട്ട ഒരു മന്ത്രിയുടെ നിരുത്തരവാദപരമായ വാക്കുകൾ അപമാനിക്കുന്നത്.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിപ ബാധിച്ച് മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ഔദ്യോഗിക രേഖകൾ സഹിതം ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 2023–25 കാലയളവിൽ നിപ ബാധിച്ച 13 പേരിൽ മരണപ്പെട്ട 6 പേരിൽ ഒരാൾ പോലും മെഡിക്കൽ കോളജിൽ നിന്ന് ഈ മരുന്ന് സ്വീകരിച്ചിട്ടില്ല എന്നിരിക്കെ, നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നു?
എസ്എംഎ വിഷയത്തിലടക്കം സർക്കാരിനുണ്ടായ ഗുരുതരമായ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഇല്ലാത്തൊരു നിപ വിവാദം സൃഷ്ടിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുകയാണ്. സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്ത്തിക്കാട്ടി സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കാനാണോ മന്ത്രി ശ്രമിക്കുന്നത്?
സ്വന്തം ഭരണ പാളിച്ചകൾ മൂടിവെക്കാൻ ലോകം അംഗീകരിച്ച നമ്മുടെ അതിജീവന ചരിത്രത്തെ അവഹേളിക്കുകയും ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുകയും ചെയ്യുന്ന ഈ ശൈലി കേരളം അംഗീകരിക്കില്ല. ജനങ്ങളിൽ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates