'അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ' ബാനറുമായി പ്രതിപക്ഷം; പിടിച്ചുമാറ്റാൻ സ്പീക്കറുടെ നിർദേശം; സഭ ഇന്നും പ്രക്ഷുബ്ധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു. തുടർന്ന് സഭ നിർത്തിവെച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കൂട്ടാക്കിയില്ല.
അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫിന്റെ രാസവിദ്യ എന്ന ബാനറുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനർ പിടിച്ചു മാറ്റാൻ സ്പീക്കർ ഷംസീർ വാച്ച് ആന്റ് വാർഡിന് നിർദേശം നൽകി. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. നിഷ്പക്ഷനായിട്ടല്ല സ്പീക്കർ പ്രവർത്തിക്കുന്നതെന്നും, വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ ബഹളം രൂക്ഷമാകുകയായിരുന്നു.
സഭയിൽ പ്രതിപക്ഷം തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സിപിഎമ്മിലെ എം രാജഗോപാൽ പറഞ്ഞു. സഭയുടെ നടപടിക്രമം അനുസരിച്ച് ചെയറിനെ നോക്കി സംസാരിക്കണമെന്നാണ് പറയുന്നത്. അതിനാൽ ബാനർ ഇങ്ങനെ പിടിച്ചിരിക്കുന്നത് തെറ്റാണ്. അതു മാറ്റാൻ നിർദേശം നൽകണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനിടെ, മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തിനു നേരെ നടത്തിയ ദേഹനിന്ദാ പ്രയോഗം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചു. ഇക്കാര്യം സീറോ അവറിൽ ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പ്രതിഷേധമുണ്ടെങ്കിൽ രേഖപ്പെടുത്താം. എന്നാൽ ഇതിന്റെ പേരിൽ പ്രസംഗം നടത്താൻ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. മന്ത്രിമാർ വായിൽ തോന്നിയതെല്ലാം പറഞ്ഞപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നതാണ് സ്പീക്കറുടെ ആറ്റിറ്റ്യൂഡെന്ന് വിഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷനായിട്ടല്ല സംസാരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വലിയ വിലയ്ക്ക് വിറ്റിരിക്കുകയാണ്. അതിനു കൂട്ടുനിന്ന ആളുകൾക്കെതിരായി നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കുകയും, ദേവസ്വം ബോർഡിനെ പുറത്താക്കുകയും വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി രാജേഷ്
എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി എംബി രാജേഷ് ചോദിച്ചു. ജനാധിപത്യത്തെക്കുറിച്ച് പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിങ്ങിനെയും മന്ത്രി രാജേഷ് ന്യായീകരിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രി ഒരു അംഗത്തിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
Opposition protests in the Assembly today over the Sabarimala gold missing controversy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


