

കൊച്ചി: വ്യവസായി വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണ്ണം ഉപയോഗിച്ച് പൊതിഞ്ഞ ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ യഥാര്‍ത്ഥ സ്വര്‍ണ്ണ ആവരണങ്ങള്‍ സമ്പന്നര്‍ക്ക് തകിടുകളായി വിറ്റുവെന്ന് സംശയം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മൊഴികളിലെയും, ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യങ്ങളാണ് ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ചീഫ് വിജിലന്‍സ് ഓഫീസര്‍ ഒക്ടോബര്‍ 6 ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സ്വര്‍ണ്ണം പൂശലിന് മുമ്പായി 2019 ജൂലൈ 19 ന് എടുത്ത ചിത്രങ്ങളും, സ്വര്‍ണ്ണം പൂശിയ ശേഷം 2019 സെപ്റ്റംബര്‍ 11 ന് എടുത്ത ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനായി നല്‍കിയ വേറെ ചെമ്പുശില്പങ്ങളാകാമെന്നാണ് ഹൈക്കോടതി സംശയിക്കുന്നത്.
പഴയ സ്വര്‍ണപാളികള്‍ ദിവ്യ മുദ്രകളായി സമ്പന്നരായ ഭക്തര്‍ക്ക് വിറ്റിരിക്കാമെന്നും, പകരം വേറൊരു സെറ്റ് ചെമ്പു പാളികള്‍ സ്വര്‍ണം പൂശാനായി ചെന്നൈയിലെ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്നുമാണ് കോടതിയുടെ നിഗമനം. ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിന്റെ ഭാഗം വീട്ടില്‍ സൂക്ഷിക്കുന്നത് അഭിവൃദ്ധി വര്‍ധിപ്പിക്കുമെന്ന് സമ്പന്നരായ ഭക്തരെ വിശ്വസിപ്പിച്ച് വില്‍പ്പന നടത്തിയിരിക്കാമെന്നാണ് വിലയിരുത്തല്‍.
ശബരിമലയില്‍ നിന്നും സ്വര്‍ണ്ണം പൂശാനായി ദ്വാരപാലകശില്‍പങ്ങള്‍ അടക്കം സ്വീകരിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി ഇത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തിക്കുന്നത് 39 ദിവസങ്ങള്‍ക്ക് ശേഷമാണ്. 2019 ജൂലൈ 20 നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും ഏറ്റുവാങ്ങുന്നത്. ചെന്നൈയിലെ കമ്പനിക്ക് ലഭിക്കുന്നത് 2019 ഓഗസ്റ്റ് 29 നുമാണ്. 2019 സെപ്റ്റംബര്‍ 11 ന് സ്വര്‍ണ്ണപ്പാളികള്‍ തിരികെ ശബരിമലയില്‍ എത്തുമ്പോള്‍ പാളികളുടെ ഭാരം 4.147 കിലോഗ്രാം കുറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഏല്‍പ്പിച്ച ചെമ്പ് പ്ലേറ്റുകള്‍ വാസ്തവത്തില്‍ മറ്റൊരു സെറ്റായിരിക്കാമെന്ന് സംശയിക്കുന്നു. ഹൈക്കോടതി നിരീക്ഷിച്ചു.
വിഗ്രഹങ്ങള്‍ സ്വര്‍ണം പൊതിയൽ
1999 ല്‍ വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണം കൊണ്ട് ദ്വാരപാലക വിഗ്രഹങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടില്ലെന്നാണ്, സംഭവത്തില്‍ സസ്‌പെന്‍ഷനിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബു പറയുന്നത്. എന്നാല്‍ ഈ വാദം സ്വര്‍ണം പൊതിയല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച വിദഗ്ധനായ സെന്തില്‍നാഥന്‍ തള്ളുന്നു. സ്വര്‍ണം പൊതിഞ്ഞശേഷമുള്ള ശ്രീകോവിലിന് പുറത്തു നിന്നുള്ള ചിത്രവും ഇതിനു തെളിവായി സെന്തില്‍ നാഥന്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലും, വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സംഭാവന ചെയ്ത 1.564 കിലോ സ്വര്‍ണം കൊണ്ട് ദ്വാരപാലക ശില്പങ്ങള്‍ 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി വ്യക്തമാക്കുന്നു. ശ്രീകോവില്‍, അതിന്റെ വശങ്ങള്‍, ദ്വാരപാകല ശില്‍പ്പങ്ങള്‍, എട്ടു തൂണുകള്‍, അഞ്ച് കലശങ്ങള്‍, കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവയെല്ലാം സ്വര്‍ണം പൊതിഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 1.564 കിലോ സ്വര്‍ണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളാണ് കൈമാറിയിരുന്നതെന്നും വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates