

തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.
പാലക്കാട് പണി പൂര്‍ത്തിയാകുന്ന വി ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രചനകളുടെ സ്ഥിരം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരേയും ആകര്‍ഷിക്കുന്ന ചാരുതയും വരയിലെ ശക്തിയും നമ്പൂതിരിയെ മറ്റ് ചിത്രകാരന്‍മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. നേര്‍ത്ത രേഖകളുടെ മാന്ത്രികധാരയിലൂടെ ചിത്രതലത്തിന്റെ ത്രിമാനങ്ങളും വര്‍ണ്ണപ്പൊലിമയും കീഴ്‌പ്പെടുത്തിയ മഹാനായ കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കേരളത്തിന്റെ കലാരംഗത്തെ ഉജ്വല സാന്നിദ്ധ്യമായ നമ്പൂതിരിക്ക് രേഖാ ചിത്രകാരന്‍ എന്ന നിലയില്‍ അനന്യസ്ഥാനമാണുള്ളത് എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍ ജോസഫ്, രവീന്ദ്രനാഥ് വള്ളത്തോള്‍, നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ബിനുരാജ് കലാപീഠം, എന്നിവരും പങ്കെടുത്തു.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയില്‍ നൂറാം ജന്മദിനമായ സെപ്തംബര്‍ 13 നാണ് തുടക്കമായത്. എത്രയും ചിത്രം ചിത്രം എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates